Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെട്രോ യാത്രയിൽ കണ്ടത് പ്രവർത്തകരുടെ വികാരം; ഖേദം പ്രകടിപ്പിച്ച് ചെന്നിത്തല

oommen-chandy-in-metro

തിരുവനന്തപുരം∙ കൊച്ചി മെട്രോയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നടത്തിയ ജനകീയ യാത്രയിലൂടെയുണ്ടായ ബുദ്ധിമുട്ടുകളിൽ ഖേദം പ്രകടിപ്പിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സംഭവത്തിൽ ആർക്കെങ്കിലും ആക്ഷേപമുണ്ടെങ്കിൽ നിർവ്യാജം ഖേദിക്കുന്നു. യുഡിഎഫ് നേതാക്കളെ ഉദ്ഘാടനച്ചടങ്ങിൽ അവഗണിച്ചതിലുള്ള പ്രതിഷേധമാണു പ്രകടിപ്പിച്ചത്. ഏതെങ്കിലും തരത്തിലുള്ള നാശനഷ്ടമോ, ബുദ്ധിമുട്ടോ ഉണ്ടാകുമെന്നു കരുതിയില്ല. പ്രവർത്തകരുടെ വികാരമാണ് അവിടെ പ്രകടമായത്. കെഎംആർഎൽ ഉൾപ്പെടെ ഉന്നയിച്ച പരാതികളിൽ നിർവ്യാജം ഖേദിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

ജനകീയ മെട്രോ യാത്രയിലുണ്ടായ സംഭവങ്ങളെക്കുറിച്ചു മെട്രോ ആക്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുന്നതിന് കെഎംആർഎൽ തീരുമാനിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളും സ്റ്റേഷൻ കൺട്രോളർമാരുടെ റിപ്പോർട്ടും പരിശോധിച്ച‌ു മൂന്നു ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനാണ് കെഎംആർഎൽ എംഡി ഏലിയാസ് ജോർജ് ആവശ്യപ്പെട്ടിരിക്കുന്നത്. കോൺഗ്രസ് പ്രവർത്തകർ മെട്രോ സംവിധാനം കേടു വരുത്തിയെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു സിപിഎം കെഎംആർഎൽ അധികൃതർക്കു കത്തു നൽകിയിരുന്നു.

മെട്രോയുടെ പിതൃത്വം കഴിഞ്ഞ യുഡിഎഫ് സർക്കാരിനാണെന്ന് അവകാശപ്പെട്ടായിരുന്നു കോൺഗ്രസിന്റെ പരിപാടി. നേതാക്കളുടെ സാന്നിധ്യത്തിൽ ആലുവ മെട്രോ സ്റ്റേഷനിലേക്കു പ്രവേശിച്ച ജനസഞ്ചയം എല്ലാ വിലക്കുകളും ലംഘിച്ചു. നേതാക്കളടക്കം ഇരുന്നൂറോളം പേർക്കു നേരത്തെ ടിക്കറ്റ് വാങ്ങിയിരുന്നു. എന്നാൽ തിരക്കേറിയതോടെ ടിക്കറ്റ് പരിശോധനാഗേറ്റുകൾ തുറന്നുവച്ചു. പ്രവർത്തകരുടെ തിക്കുംതിരക്കും മൂലം ഉമ്മൻചാണ്ടിക്ക് രമേശ് ചെന്നിത്തലയ്ക്കൊപ്പം ആദ്യ ട്രെയിനിൽ കയറാനായില്ല. രണ്ടാമത്തെ ട്രെയിനിലാണ് ഉമ്മൻചാണ്ടി കയറിയത്. യാത്ര അവസാനിച്ച പാലാരിവട്ടം സ്റ്റേഷനിലെ എസ്കലേറ്റർ ആളുകൾ തിങ്ങിക്കയറിയതോടെ തകരാറിലായി.

സുരക്ഷാ പരിശോധനയ്ക്കുള്ള മെറ്റൽ ഡിറ്റക്ടറുകൾ ഇളകിയാടി. ഓട്ടമാറ്റിക് ഫെയർ കലക്‌ഷൻ ഗേറ്റുകൾ തുറന്നുവച്ചു. സുരക്ഷാ പരിശോധനയില്ലാതെ ആളുകൾ ഇടിച്ചുകയറി. അപകടകരമായ രീതിയിൽ പ്ലാറ്റ്ഫോമിൽ വരെ തിരക്കും ബഹളവുമായി. സുരക്ഷാ ജീവനക്കാരുടെ നിർദേശം അപ്പാടെ അവഗണിക്കപ്പെട്ടു. പരമാവധി 1000 പേർക്കു കയാറാവുന്ന മെട്രോയിൽ അതിലുമേറെ ആളുകൾ ഇടിച്ചു കയറിയപ്പോൾ വാതിലുകൾ അടയ്ക്കാനും കഴിഞ്ഞിരുന്നില്ല.