Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആധാർ – പാൻ ബന്ധിപ്പിക്കൽ: സോഫ്റ്റ്‌വെയർ തകരാറിൽ; പിഴവ് കണ്ടെത്താനായില്ല

Aadhaar

തിരുവനന്തപുരം∙ ആധാർ – പാൻകാർഡ് ബന്ധിപ്പിക്കൽ നടപടികൾ താളംതെറ്റാൻ കാരണം യൂണീക് ഐഡെന്റിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യയുടെ അപ്ഡേഷൻ സോഫ്റ്റ്‌വെയറിലെ തകരാർ. സോഫ്റ്റ്‌വെയറിലെ പ്രശ്നം പരിഹരിക്കണമെന്ന് ഐടി മിഷൻ യുഐഡി അധികൃതരെ അറിയിച്ചെങ്കിലും തകരാറിനിടയാക്കിയ സാങ്കേതിക കാരണങ്ങൾ കണ്ടെത്താനോ പരിഹരിക്കാനോ കഴിഞ്ഞിട്ടില്ല. ഇതോടെ ആധാർ – പാൻ ബന്ധിപ്പിക്കൽ നടപടികൾ സംസ്ഥാനത്തുടനീളം സ്തംഭനാവസ്ഥയിലായി. ഈ മാസം 30ന് ആധാർ – പാൻ ലിങ്കിങ് പൂർത്തിയാക്കണമെന്നാണു കേന്ദ്ര നിർദേശം.

ആധാറുമായി ബന്ധപ്പെട്ടു രണ്ടു സോഫ്റ്റ്‌വെയറുകളാണ് അക്ഷയകേന്ദ്രങ്ങൾ ഉപയോഗിക്കുന്നത്. ആധാർ പുതുതായി എടുക്കുന്നതിനാണ് ആദ്യത്തേത്. മാറ്റങ്ങൾ വരുത്തുന്നതിനാണു രണ്ടാമത്തേത്. യൂണീക് ഐഡെന്റിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യയുടെ അപ്ഡേറ്റഡ് ക്ലൈന്റ് ലൈറ്റ് (യുസിഎൽ) സോഫ്റ്റ്‌വെയറാണ് ആധാറിൽ മാറ്റങ്ങൾ വരുത്തുന്നതിനായി ഉപയോഗിക്കുന്നത്. സംസ്ഥാനത്തെ 2,850 അക്ഷയകേന്ദ്രങ്ങളിൽ 750 അക്ഷയകേന്ദ്രങ്ങളിൽ അധാർ പുതുതായി എടുക്കുന്ന നടപടികൾ മാത്രമാണുള്ളത്. 200 കേന്ദ്രങ്ങളിലാണ് ആധാറിലെ തെറ്റുകൾ തിരുത്തുന്നത്. രണ്ടു പ്രവൃത്തിയും ചെയ്യുന്ന കേന്ദ്രങ്ങളുമുണ്ട്.‌

ആധാറും പാനും ബന്ധിപ്പിക്കണമെങ്കിൽ രണ്ടിലെയും വിവരങ്ങൾ ഒന്നായിരിക്കണം. പേരിലോ ജനനത്തീയതിയിലോ മറ്റു വിവരങ്ങളിലോ തെറ്റുവന്നാൽ ബന്ധിപ്പിക്കൽ നടപടി പൂർത്തിയാക്കാനാകില്ല. തെറ്റുകൾ തിരുത്താൻ പാനിനെക്കാൾ എളുപ്പം ആധാറായതിനാൽ അക്ഷയകേന്ദ്രങ്ങളിലേക്കു നിരവധിപേരാണ് എത്തുന്നത്. ഒരേസമയം നിരവധിപേർ സോഫ്റ്റ്‌വെയർ ഉപയോഗിച്ചതോടെ യുഐഡി സെർവർ തകരാറിലായി.

‘തിരക്കു കൂടിയതോടെയാണു സെർവർ തകരാറിലായത്. കേരളത്തിലെ ജനങ്ങൾ അനുഭവിക്കുന്ന പ്രശ്നം യുഐഡിയെ അറിയിച്ചിട്ടുണ്ട്. എന്നാൽ, പ്രശ്നം പരിഹരിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല’–ഐടി മിഷൻ അധികൃതർ മനോരമ ഓൺലൈനോടു പറഞ്ഞു.

11 മണി മുതൽ അഞ്ചു മണിവരെയുള്ള സമയത്താണു കംപ്യൂട്ടർ സംവിധാനം തകരാറിലാകുന്നത്. കംപ്യൂട്ടർ സംവിധാനത്തിലെ പ്രശ്നങ്ങൾ ഐടി മിഷനു സ്വന്തമായി പരിഹരിക്കാൻ കഴിയുന്നതല്ല.

ആധാറിനായി നൽകുന്ന അടിസ്ഥാന രേഖകളിൽ തെറ്റുകൾ വരുന്നതാണ് ആധാറിലും തെറ്റുവരാൻ കാരണമെന്നു ഐടി മിഷൻ പറയുന്നു. ആധാറിലെ പേരിലോ ജനനത്തീയതിയിലോ ജീവനക്കാരുടെ പ്രശ്നം കാരണം തെറ്റുവരാൻ സാധ്യതയില്ല. ഐടി മിഷനും യുഐഡിയും രണ്ടുതവണ രേഖകൾ പരിശോധിക്കുന്നുണ്ട്. ജീവനക്കാരുടെ അശ്രദ്ധ കാരണം മേൽവിലാസത്തിൽ തെറ്റുകൾ വന്നേക്കാം. അതു പരമാവധി ഒഴിവാക്കാൻ ശ്രമിക്കുന്നുണ്ട്. തെറ്റുകൾ വരാതിരിക്കാൻ അടിസ്ഥാന രേഖകൾ ഹാജരാക്കുമ്പോൾ ശ്രദ്ധിക്കണമെന്നും ഐടി മിഷൻ അധികൃതർ പറഞ്ഞു.

അതേസമയം, അക്ഷയ കേന്ദ്രങ്ങളിൽ ജിപിഎസ് ഘടിപ്പിച്ചപ്പോൾ കംപ്യൂട്ടർ ശരിയായി പ്രവർത്തിക്കുന്നില്ലെന്ന അക്ഷയകേന്ദ്രം നടത്തിപ്പുകാരുടെ വാദം പൂർണമായി ശരിയല്ലെന്നു ഐടി മിഷൻ വ്യക്തമാക്കുന്നു. പ്രവർത്തനം ആരംഭിക്കുമ്പോൾ മാത്രം ജിപിഎസ് സംവിധാനം ഘടിപ്പിച്ചാൽ മതിയാകും. മൂടിക്കെട്ടിയ അന്തരീക്ഷമാണെങ്കിൽ ചെറിയ തടസങ്ങളുണ്ടാകാം. യന്ത്രങ്ങൾ പ്രവർത്തിപ്പിക്കുന്ന സ്ഥലം മനസിലാക്കാനും രാജ്യത്തിനു പുറത്തേക്കു യന്ത്രങ്ങൾ‌ കടത്തുന്നത് ഒഴിവാക്കാനുമാണു കേന്ദ്രം ജിപിഎസ് സംവിധാനം ഏർപ്പെടുത്തിയത്.