Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമവായത്തിന് ശ്രമം; ഖത്തറിനു മുന്നിൽ 13 ആവശ്യങ്ങളുമായി അറബ് രാജ്യങ്ങൾ

qatar

ദോഹ∙ ഉപരോധം ഏർപ്പെടുത്തി മൂന്നാഴ്ച പിന്നിടുമ്പോൾ, ഖത്തറിനു മുന്നിൽ ആവശ്യങ്ങളുടെ പട്ടിക നിരത്തി സൗദി അറേബ്യ ഉള്‍പ്പെടെയുള്ള നാല് അറബ് രാജ്യങ്ങൾ. അൽ ജസീറ ടെലിവിഷൻ ചാനൽ നിരോധിക്കുക, ഇറാനുമായുള്ള ബന്ധം കുറയ്ക്കുക തുടങ്ങി 13 ആവശ്യങ്ങളാണ് ഇവർ ഖത്തറിനു മുന്നിൽ വച്ചിരിക്കുന്നത്. സൗദിക്കു പുറമെ യുഎഇ, ഈജിപ്ത്, ബഹ്റൈൻ എന്നീ രാജ്യങ്ങൾ കൂടി ചേർന്ന് കൂട്ടായാണ് ആവശ്യങ്ങളുടെ പട്ടികയുമായി രംഗത്തെത്തിയിരിക്കുന്നത്.

ഇക്കാര്യത്തിൽ പത്തു ദിവസത്തിനുള്ളിൽ മറുപടി അറിയിക്കണമെന്നാണ് നിർദ്ദേശം. അല്ലെങ്കിൽ സമവായത്തിനുള്ള ഈ അവസരം അസാധുവാക്കുമെന്ന് മുന്നറിയിപ്പു നൽകിയിട്ടുണ്ടെന്ന് ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. ഭീകര സംഘടനകളുമായുള്ള (മുസ്‌ലിം ബ്രദർഹുഡ്, ഇസ്‍ലാമിക് സ്റ്റേറ്റ്, അൽ ഖായിദ, ഹിസ്ബുല്ല, ജബാത്ത ഫത്തേഹ് അൽ ഷാം) ബന്ധം ഏറ്റുപറയണമെന്നും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രശ്നപരിഹാരത്തിന് മധ്യസ്ഥത വഹിക്കുന്ന കുവൈത്താണ് അറബ് രാജ്യങ്ങളുടെ ആവശ്യം ഖത്തറിനെ അറിയിച്ചത്.

ഭീകരർക്ക് സാമ്പത്തിക സഹായം നൽകുന്നുവെന്നും ഇറാനുമായി അടുത്ത ബന്ധം പുലർത്തുന്നുവെന്നും ആരോപിച്ചാണ് ഈ രാജ്യങ്ങൾ ഖത്തറിന് ഉപരോധമേർപ്പെടുത്തിയത്. എന്നാൽ ആരോപണങ്ങൾ ഖത്തർ നിഷേധിച്ചു. ഖത്തർ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് യുഎസ് പ്രസിഡന്റ് ‍ഡോണൾഡ് ട്രംപും ആരോപിച്ചിരുന്നു. എന്നാൽ ജിസിസിയിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനാവശ്യമായ എല്ലാ സഹായങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു. തുർക്കി ഖത്തറിന് പിന്തുണ വാഗ്ദാനം ചെയ്യുകയും ഭക്ഷണസാധനങ്ങളുമായി അവിടേക്ക് കപ്പൽ അയയ്ക്കുകയും ചെയ്തിരുന്നു.