Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാക്കിസ്ഥാന്റെ സഖ്യകക്ഷിസ്ഥാനം പുനഃപരിശോധിക്കണം: യുഎസ് കോൺഗ്രസിൽ ബിൽ

trump-nawaz-sharif

വാഷിങ്ടൻ ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ, നാറ്റോ ഇതര സഖ്യകക്ഷിയെന്ന നിലയിലുള്ള പാക്കിസ്ഥാന്റെ സ്ഥാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് യുഎസ് കോൺഗ്രസിൽ ബിൽ. ഭീകരവാദത്തെ ഫലപ്രദമായി ചെറുക്കുന്നതിൽ പാക്കിസ്ഥാൻ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് രണ്ട് സെനറ്റർമാർ ബില്ലുമായി രംഗത്തെത്തിയത്.

2004ൽ അന്നത്തെ യുഎസ് പ്രസിഡന്റ് ജോർജ് ബുഷാണ് പാക്കിസ്ഥാന് യുഎസിന്റെ നാറ്റോ ഇതര സഖ്യകക്ഷികളിൽ പ്രമുഖ സ്ഥാനം അനുവദിച്ചത്. ഭീകര സംഘടനകളായ അൽ ഖായിദയ്ക്കും താലിബാനുമെതിരായ പോരാട്ടത്തിൽ പാക്കിസ്ഥാന്റെ സഹായവും സഹകരണവും ഉറപ്പുവരുത്തുന്നതിനായിരുന്നു ഇത്. എന്നാൽ, ഈ ലക്ഷ്യം നേടുന്നതിൽ പാക്കിസ്ഥാൻ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി റിപ്പബ്ലിക്കൻ പ്രതിനിധിയായ ടെഡ് പോ, ഡെമോക്രാറ്റിക് പ്രതിനിധി റിക്ക് നോളൻ എന്നിവരാണ് ബിൽ അവതരിപ്പിച്ചത്.

ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ യുഎസിന്റെ കരങ്ങളിൽ പതിച്ച ചോരയ്ക്ക് പാക്കിസ്ഥാനാണ് ഉത്തരവാദികളെന്ന് യുഎസ് കോൺഗ്രസിന്റെ വിദേശകാര്യ കമ്മിറ്റിയിൽ അംഗം കൂടിയായ ടെഡ് പോ പറഞ്ഞു. ഭീകരവാദത്തിനെതിരായ ഉപസമിതിയുടെ ചെയർമാൻ കൂടിയാണ് ടെഡ് പോ. ഒസാമ ബിൻ ലാദന് അഭയം നൽകിയതുമുതൽ താലിബാനെ പിന്തുണച്ചതു വരെ ഭീകരവാദികൾക്ക് അനുകൂല നിലപാടാണ് പാക്കിസ്ഥാൻ സ്വീകരിച്ചുവരുന്നത്.

എതിർക്കുന്നവരെ യാതൊരു ദയയും കൂടാതെ കൊന്നൊടുക്കുന്ന ഭീകരവാദികളെ തടയുന്നതിനായി എന്തെങ്കിലും ചെയ്യാൻ പാക്കിസ്ഥാൻ തയാറായിട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ, നാറ്റോ ഇതര സഖ്യകക്ഷി എന്ന നിലയിൽ പാക്കിസ്ഥാന് നൽകിവരുന്ന ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കണമെന്നാണ് ബില്ലിലെ ആവശ്യം.