Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദക്ഷിണ ചൈനാക്കടലിലെ സ്വച്ഛാന്തരീക്ഷം തകർക്കരുത്: ഇന്ത്യയോടും യുഎസിനോടും ചൈന

Narendra Modi and Donald Trump

ബെയ്ജിങ് ∙ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും അടുത്തയാഴ്ച കൂടിക്കാഴ്ച നടത്താനിരിക്കെ, തർക്കപ്രദേശമായ ദക്ഷിണ ചൈനാക്കടലിനെച്ചൊല്ലി വിവാദമുയർത്തി ചൈന വീണ്ടും രംഗത്ത്. തന്ത്രപ്രധാനമായ ദക്ഷിണ ചൈനാക്കടലിലെ ശാന്തമായ അന്തരീക്ഷത്തിന് ഭംഗം വരുത്തരുതെന്ന് അവർ യുഎസിനോടും ഇന്ത്യയോടും ആവശ്യപ്പെട്ടു. പകരം, തർക്കപരിഹാരത്തിന് ഉതകുന്ന കൂടുതൽ കർമോന്മുഖമായ നിലപാട് ഈ വിഷയത്തിൽ സ്വീകരിക്കാനും ചൈന ഇരുരാജ്യങ്ങളോടും ആവശ്യപ്പെട്ടു.

ഡോണൾഡ് ട്രംപ് പ്രസിഡന്റായശേഷമുള്ള കന്നി സന്ദർശനത്തിനായി യുഎസിലെത്തുന്ന നരേന്ദ്ര മോദി, 26നാണ് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തുന്നത്. ദക്ഷിണ ചൈനാക്കടലുമായി ബന്ധപ്പെട്ട തർക്കങ്ങളും ഇവരുടെ ചർച്ചയിൽ വിഷയമാകുമെന്ന് ഉറപ്പായിരിക്കെയാണ് ഒരു മുഴം മുൻപേ നീട്ടിയെറിഞ്ഞ് ചൈനയുടെ രംഗപ്രവേശം.

ഇന്തോ–പസിഫിക് പ്രദേശവുമായി ബന്ധപ്പെട്ട് ഇന്ത്യ–യുഎസ് സഹകരണത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് ചൈനീസ് വിദേശകാര്യ വക്താവ് ഗെങ് ഷുവാങ് ഇതേക്കുറിച്ച് പ്രതികരിച്ചത്. ‘ചൈനയുടെയും ആസിയാൻ രാജ്യങ്ങളുടെ തുടർച്ചയായുള്ള ശ്രമങ്ങളുടെ ഫലമായി മേഖലയിലെ സ്ഥിതിഗതികൾ ഇപ്പോൾ ശാന്തമാണ്. പ്രദേശത്ത് സമാധാനം സ്ഥാപിക്കാനുള്ള അയൽരാജ്യങ്ങളുടെ ശ്രമത്തെ പുറത്തുനിന്നുള്ള രാജ്യങ്ങൾ ബഹുമാനിക്കുമെന്നാണ് ചൈനയുടെ വിശ്വാസം’ – അദ്ദേഹം പറഞ്ഞു.

വർഷങ്ങളായി ചൈന സമ്പൂർണ അവകാശം ഉന്നയിച്ചുവരുന്ന പ്രദേശമാണ് ഏറെ തന്ത്രപ്രധാനമായ ദക്ഷിണ ചൈനാക്കടൽ. പ്രകൃതി വിഭവങ്ങളുടെ ധാരാളിത്തം കൊണ്ടും അനുഗ്രഹീമാണ് ഈ പ്രദേശം. വിയറ്റ്നാം, മലേഷ്യ, ഫിലിപ്പീൻസ്, ബ്രൂണെ, തായ്‍വാൻ തുടങ്ങിയ രാജ്യങ്ങളും ഇതേ പ്രദേശത്തിനുമേൽ അവകാശവാദമുന്നയിച്ച് രംഗത്തുണ്ട്. തർക്കം വകവയ്ക്കാതെ ഈ മേഖലയിൽ നിർമാണ പ്രവർത്തനങ്ങള്‍ നടത്തുന്നതിനെ ശക്തിയുക്തം എതിർക്കുന്ന രാജ്യങ്ങളാണ് യുഎസും ഇന്ത്യയും. ഇവിടെ ചൈന നിർമിച്ചിരിക്കുന്ന കൃത്രിമ ദ്വീപിനു സമീപത്തേക്ക് അടുത്തിടെ യുഎസ് അവരുടെ യുദ്ധക്കപ്പൽ അയച്ചത് സംഘർഷത്തിന് കാരണമായിരുന്നു.

related stories