Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യ – വെസ്റ്റ് ഇൻഡീസ് ആദ്യ ഏകദിനം മഴമൂലം ഉപേക്ഷിച്ചു

Kohli and Jason Holder

പോർട്ട് ഓഫ് സ്പെയിൻ ∙ വെസ്റ്റ് ഇൻ‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മൽസരം മഴ മൂലം ഉപേക്ഷിച്ചു. ഓപ്പണിങ് വിക്കറ്റിലെ സെഞ്ചുറി കൂട്ടൂകെട്ടിന്റെ കരുത്തിൽ തുടങ്ങിയ ഇന്ത്യയ്ക്ക് മഴയുടെ ഇടപെടൽ മൂലം 39.2 ഓവറിൽ 199 റൺസിൽ ഇന്നിങ്സ് അവസാനിപ്പിക്കേണ്ടി വന്നു. വിൻഡീസ് വിജയലക്ഷ്യം 26 ഓവറിൽ 194 എന്ന് നിശ്ചയിച്ചെങ്കിലും പിന്നാലെയെത്തിയ മഴ ഒരു പന്തു പോലും എറിയാൻ അനുവദിച്ചില്ല. തുടർന്നു മൽസരം ഉപേക്ഷിക്കുകയായിരുന്നു. ഞായറാഴ്ച ഇതേവേദിയിൽ നടക്കുന്ന രണ്ടാം ഏകദിനവും ഇതോടെ മഴഭീഷണിയുടെ നിഴലിലായി.

ശിഖർ ധവാന്റെയും (87) അജിങ്ക്യ രഹാനെയുടെയും (62) ഓപ്പണിങ് ബാറ്റിങ് കൂട്ടുകെട്ട് ഇന്ത്യയ്ക്കു നൽകിയത് 132 റൺസാണ്. ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ക്യാപ്റ്റൻ ജേസൺ ഹോൾഡർ ഇന്ത്യയെ ബാറ്റിങിനു വിളിക്കുകയായിരുന്നു. എന്നാൽ ഹോൾഡറുടെ തീരുമാനം തെറ്റിപ്പോയി എന്ന രീതിയിലാണ് ഇന്ത്യൻ ഓപ്പണർമാർ ബാറ്റു വീശിയത്.
ടീമിലേക്കു തിരിച്ചെത്തിയ രഹാനെ‌ കരുതലോടെ കളിച്ചപ്പോൾ ധവാൻ ഇടയ്ക്കിടെയുള്ള ബൗണ്ടറികളിലൂടെ റൺനിരക്ക് കാത്തു.

ഇന്ത്യൻ ബാറ്റ്സ്മാൻമാർ 14–ാം ഓവറിൽ ശൈലി മാറ്റി. നഴ്സിന്റെ ആ ഓവറിൽ രണ്ടു ഫോർ സഹിതം ഒൻപതു റൺസ് പിറന്നു. 21–ാം ഓവറിലാണ് ഇന്ത്യ നൂറു കടന്നത്. കമ്മിൻസിന്റെ ഓവറിലെ അവസാന പന്ത് അതിർത്തി കടത്തി രഹാനെ അർധ സെഞ്ചുറിയും കടന്നു. രണ്ടാം സ്പെല്ലിനെത്തിയ അൾസാരി ജോസഫിനെ 23–ാം ഓവറിലെ ആദ്യ പന്തിൽ തന്നെ സിക്സിനു പറത്തി ധവാനും അർധ സെഞ്ചുറി കടന്നു. അടുത്ത ഓവറിൽ ജോസഫ് പകരം വീട്ടി. സ്ലോബോൾ മിഡോഫിലൂടെ ഉയർത്താൻ ശ്രമിച്ച രഹാനെയ്ക്കു പിഴച്ചു.

പന്തു പോയത് മിഡോണിൽ വിൻഡീസ് ക്യാപ്റ്റൻ ജേസൺ ഹോൾഡറുടെ കയ്യിലേക്ക്. 78 പന്തിൽ എട്ടു ഫോറുകൾ സഹിതമാണ് രഹാനെ 62 റൺസെടുത്തത്. 25 ഓവറിൽ 132 റൺസ് ടീം ബോർഡിലെത്തിച്ചതിനു ശേഷമാണ് ഓപ്പണിങ് സഖ്യം പിരിഞ്ഞത്. 32–ാം ഓവറിൽ ബിഷുവിന്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങി ധവാനും മടങ്ങി. 92 പന്തിൽ എട്ടു ഫോറും രണ്ടു സിക്സുമാണ് ധവാൻ അടിച്ചത്. യുവരാജ് സിങും പെട്ടെന്നു മടങ്ങിയതോടെ റൺറേറ്റ് അഞ്ചിനപ്പുറം പോയില്ല. 38–ാം ഓവർ പൂർത്തിയായ ഉടൻ മഴയുമെത്തി.

related stories