Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കശ്മീരികൾ പൊലീസിനെ കണ്ടാൽ ഓടുന്ന പഴയകാലം തിരിച്ചുവരും: മുന്നറിയിപ്പുമായി മുഫ്തി

Mehbooba Mufti

ന്യൂഡൽഹി∙ ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ ശ്രീനഗറിൽ പൊലീസ് ഓഫിസറെ ജനക്കൂട്ടം മർദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തെ അപലപിച്ച് ജമ്മു കശ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തി രംഗത്ത്. പരമാവധി നിയന്ത്രണത്തോടെ പെരുമാറുന്ന പൊലീസിനോടു പ്രതികരിക്കേണ്ട രീതി ഇതല്ലെന്ന് അവർ സംസ്ഥാനത്തെ ജനങ്ങളെ ഓർമപ്പെടുത്തി. കശ്മീരിലെ സുരക്ഷാ സേനയുടെ ക്ഷമ പരീക്ഷിക്കുന്ന ഇത്തരം നടപടികളിൽനിന്നു വിട്ടുനിൽക്കാനും മുഖ്യമന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടു.

കശ്മീരിലെ വിഘടനവാദി നേതാവായ മിർവയ്സ് ഉമർ ഫാറൂഖിന്റെ സുരക്ഷാ ചുതലയുണ്ടായിരുന്ന ഡപ്യൂട്ടി എസ്പി: മുഹമ്മദ് അയൂബ് പണ്ഡിറ്റിനെയാണു ശ്രീനഗറിലെ നൗഷേരയിൽ ജനക്കൂട്ടം വിവസ്ത്രനാക്കിയശേഷം മർദ്ദിച്ചു കൊലപ്പെടുത്തിയത്. ഇന്നു പുലർച്ചെയായിരുന്നു സംഭവം. പുലർച്ചെ ജാമിയ മുസ്‍ലിം പള്ളിയിൽ പ്രാർഥനയ്ക്കെത്തിയ ഫാറൂഖിനൊപ്പം, സുരക്ഷാ ചുമതലയുമായി എത്തിയപ്പോഴാണ് ജനക്കൂട്ടം ഇയാൾക്കെതിരെ തിരി‍ഞ്ഞത്.

കശ്മീരിലെ സുരക്ഷാ സ്ഥിതിഗതികൾ അശാന്തമായി തുടരുന്ന സാഹചര്യത്തിൽ, ഇത്തരം പ്രകോപനങ്ങൾ അന്തരീക്ഷം കൂടുതൽ കലുഷിതമാക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പു നൽകി. സുരക്ഷാ ഉദ്യോഗസ്ഥരോടുള്ള ജനങ്ങളുടെ നിലപാട് ഇതാണെങ്കിൽ പ്രശ്നം കൂടുതൽ വഷളാവുകയേയുള്ളൂ. ഈ രീതിയിൽ എത്രകാലം നമുക്കു മുന്നോട്ടുപോകാൻ സാധിക്കും? ഇങ്ങനെ പോയാൽ പണ്ട് പൊലീസ് ജീപ്പ് കാണുമ്പോൾ ഓടിരക്ഷപ്പെട്ടിരുന്ന കാലത്തേക്കു കശ്മീരിലെ ജനങ്ങൾക്കു തിരിച്ചുപോകേണ്ടി വരുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പു നൽകി.

ഇതിലും വലിയ നാണക്കേട് എന്തുണ്ട്? കശ്മീരിലെ ജനങ്ങളുടെ ജീവനു സുരക്ഷ ഒരുക്കുന്നതിനാണ് ആ ഉദ്യോഗസ്ഥൻ അവിടെയെത്തിയത്. പരമാവധി നിയന്ത്രണത്തോടെയാണ് കശ്മീരിൽ പൊലീസ് പെരുമാറുന്നത്. ഇതു മനസിലാക്കി ജനങ്ങൾ സഹകരിച്ചേ തീരൂ. നിലപാട് മയപ്പെടുത്താൻ ഇനിയും സമയമുണ്ടെന്നും മുഖ്യമന്ത്രി ജനങ്ങളെ ഓർമപ്പെടുത്തി.