Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോവിന്ദിനെ പിന്തുണയ്ക്കാനുള്ള നിതീഷിന്റെ തീരുമാനം ചരിത്രപരമായ തെറ്റ്: ലാലു

Lalu Prasad Yadv

പട്ന∙ എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥി റാം നാഥ് കോവിന്ദിനെ പിന്തുണയ്ക്കാനുള്ള ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ തീരുമാനം ചരിത്രപരമായ തെറ്റെന്ന് ആർജെ‍ഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്. ബിജെപിക്കെതിരെ പ്രതിപക്ഷ കക്ഷികളെല്ലാം ചേർന്നു രൂപീകരിച്ച മഹാഗഡ്ബന്ധൻ സഖ്യത്തിലെ വിള്ളലുകൾ വലുതാക്കുന്നതാണു ലാലുവിന്റെ പ്രസ്താവന. രാഷ്ട്രപതി സ്ഥാനാർഥിയായി കോൺഗ്രസ് നേതാവ് മീരാ കുമാറിനെ 17 പ്രതിപക്ഷ പാർട്ടികൾ ചേർന്നു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് നിതീഷ് കുമാറിന്റെ നടപടിയോടുള്ള നീരസം ലാലു വ്യക്തമാക്കിയത്.

നിതീഷ് തന്നെ വിളിച്ചു തീരുമാനം അറിയിച്ചപ്പോൾ അങ്ങനെ ചെയ്യരുതെന്നു ആവശ്യപ്പെട്ടു. പക്ഷേ, അദ്ദേഹം അതു കേട്ടില്ല. പ്രതിപക്ഷത്തിന്റെ ഐക്യത്തിൽനിന്ന് അദ്ദേഹം പിന്നോട്ടുപോയെന്നും ലാലു കൂട്ടിച്ചേർത്തു. ബിഹാറിൽ സഖ്യകക്ഷിയാണെങ്കിലും നിതീഷ് കുമാറിനെതിരെ മറ്റു ആർജെ‍ഡി നേതാക്കളും പരസ്യമായി രംഗത്തെത്തിയിരുന്നു. കോവിന്ദിന് ആർഎസ്എസ് പശ്ചാത്തലമുണ്ടെന്നും തീരുമാനത്തിൽനിന്നു നിതീഷ് കുമാർ പിന്മാറണമെന്നും ആർജെ‍‍‍ഡി എംഎൽഎ ഭായ് വീരേന്ദ്ര ആവശ്യപ്പെട്ടു.

ബിഹാറിലെ ജനങ്ങൾ നിതീഷ് കുമാറിനെ ഒരിക്കലും മറക്കില്ല. ബിഹാറിന്റെ മകളാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായിരിക്കുന്നത്. നിതീഷ് കുമാർ കാത്തിരുന്നു ചിന്തിച്ചിട്ടുവേണമായിരുന്നു തീരുമാനം എടുക്കാൻ. അദ്ദേഹം ചെയ്തതു വലിയ തെറ്റാണ്. തക്കശിക്ഷ അനുഭവിക്കേണ്ടിവരും– ഭായ് വീരേന്ദ്ര പറഞ്ഞു.

related stories