Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓക്സിജൻ വിതരണം മുടങ്ങി മധ്യപ്രദേശിൽ 11 മരണം; ഇതെല്ലാം പതിവെന്ന് ആശുപത്രി

Hospital Representative Image

ഇൻഡോർ∙ ആശുപത്രിയിലെ ഓക്സിജൻ വിതരണം നിലച്ച് രണ്ടു കുട്ടികളടക്കം 11 മരണം. മധ്യപ്രദേശ് ഇൻഡോറിലെ പ്രശസ്തമായ എംവൈ സർക്കാർ ആശുപത്രിയിലാണ് (മഹാരാജ യശ്വന്ത്റാവു ആശുപത്രി) ദാരുണ സംഭവം. വ്യാഴാഴ്ച പുല‍ർച്ചെ മൂന്നുമണിക്കും നാലിനുമിടയിൽ 15 മിനിറ്റോളമാണ് ഓക്സിജൻ വിതരണം തടസപ്പെട്ടത്. രോഗികളുടെ ബന്ധുക്കളും നാട്ടുകാരും പരിഭ്രാന്തരായി കാര്യം തിരക്കിയപ്പോൾ, വലിയ ആശുപത്രികളിൽ ഇതുപോലുള്ള മരണങ്ങൾ 'പതിവ്' ആണെന്നായിരുന്നു അധികൃതരുടെ വിശദീകരണം.

ഓക്സിജൻ കിട്ടാതെയോ മറ്റെന്തെങ്കിലും അവഗണനയാലോ മരണം സംഭവിച്ചെന്ന കാര്യം ഡിവിഷനൽ കമ്മിഷണർ സഞ്ജയ് ദുബെ നിരസിച്ചു. സ്വയംഭരണ സ്ഥാപനമായ എംജിഎം മെഡിക്കൽ കോളജ് അധ്യക്ഷൻ കൂടിയാണ് ഇദ്ദേഹം. എംജിഎം മെഡിക്കൽ കോളജുമായി ചേർന്നാണ് എംവൈ ആശുപത്രിയുടെ പ്രവർത്തനം. ആവശ്യമുയർന്നാൽ ഇക്കാര്യത്തിൽ അന്വേഷണം നടത്താമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകർ ആശുപത്രിയിൽ എത്തിയപ്പോഴേക്കും മരിച്ചവരുടെ ഓക്സിജൻ വിതരണ രേഖകൾ അപ്രത്യക്ഷമായി. യാതൊരു പ്രശ്നവുമില്ലെന്ന മട്ടിലാണ് അധികൃതർ പെരുമാറിയതും മറുപടികൾ പറഞ്ഞതും. ചികിൽസാ ഫയൽ കാണണമെന്ന ആവശ്യവും അംഗീകരിച്ചില്ല.

അതേസമയം, ആശുപത്രിയിൽ പുലർച്ചെ മൂന്നോടെ ഓക്സിജൻ വിതരണത്തിൽ 'ചില തടസങ്ങൾ' ഉണ്ടായിട്ടുണ്ടെന്നു ജീവനക്കാരിൽ ചിലർ വെളിപ്പെടുത്തി. കൂട്ടമരണം സംഭവിച്ചതിനുപിന്നാലെ ഓക്സിജൻ പ്ലാന്റിലെ ഡ്യൂട്ടി രേഖകളുൾപ്പെടെ കാണാതായതും ദുരൂഹത വർധിപ്പിക്കുന്നു. 'യാതൊരു ശ്രദ്ധക്കുറവും സംഭവിച്ചിട്ടില്ല. പ്രദേശികപത്രങ്ങളിലെ തെറ്റായ വാർത്തയെ തുടർന്ന് എല്ലാ വാർഡുകളും പരിശോധിച്ചു. എവിടെയും ഓക്സിജൻ വിതരണത്തിൽ തടസം ഉണ്ടായിട്ടില്ല. 1400 കിടക്കകളുള്ള ആശുപത്രിയിൽ മരണങ്ങൾ പതിവാണ്. ദിവസവും ശരാശരി 10–20 മരണങ്ങൾ ഉണ്ടാകാറുണ്ട്'– സഞ്ജയ് ദുബെ പറഞ്ഞു.

ദിവസവും 60–70 രോഗികൾക്കു ആശുപത്രിയിലെ ഓക്സിജൻ ആവശ്യമായി വരാറുണ്ട്. ഓക്സിജൻ പൈപ്പിൽ തടസമുണ്ടായെങ്കിൽ മറ്റു രോഗികളെയും ബാധിക്കേണ്ടതല്ലേ എന്നും ദുബെ ചോദിച്ചു. അതേസമയം, ഓക്സിജൻ വിതരണവുമായി ബന്ധപ്പെട്ട് മോശം പാരമ്പര്യമാണ് ആശുപത്രിക്കുള്ളത്. ഇതാണു കൂട്ടമരണത്തിലെ ആശങ്കകൾക്കും കാരണം. ഓക്സിജനു പകരം നൈട്രജൻ നൽകിയതിനെത്തുടർന്ന് 2016 മേയ് 28ന് രണ്ടു കുട്ടികൾ എംവൈ ആശുപത്രിയിൽ മരിച്ചത് വലിയ വാർത്തയായിരുന്നു.