Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റാം നാഥ് കോവിന്ദ് പത്രിക സമർപ്പിച്ചു; ചടങ്ങ് കൊഴുപ്പിച്ച് എൻഡിഎയുടെ ശക്തിപ്രകടനം

Ram Nath Kovind പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേ‌ശീയ അധ്യക്ഷൻ അമിത് ഷാ, മുതിർന്ന ബിജെപി നേതാവ് മുരളി മനോഹർ ജോഷി, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു തുടങ്ങിയവർക്കൊപ്പം നാമനിർദ്ദേശ പത്രിക സമർപ്പിക്കാനായി പാർലമെന്റ് മന്ദിരത്തിലേക്കെത്തുന്ന എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥി റാം നാഥ് കോവിന്ദ്.

ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേ‌ശീയ അധ്യക്ഷൻ ‌അമിത് ഷാ തുടങ്ങിയ പ്രമുഖ നേതാക്കളു‌ടെ സാന്നിധ്യത്തിൽ എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി റാം നാഥ് കോവിന്ദ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ പ്രാധാന്യം വെളിവാക്കിയ ചടങ്ങിൽ, കേന്ദ്രമന്ത്രിമാർ, എൻഡിഎയുടെ മുഖ്യമന്ത്രിമാർ, എൻഡിഎ സ്ഥാനാർഥിയെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ കക്ഷികളുടെ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. നാലുസെറ്റ് പത്രികകളാണ് റാം നാഥ് കോവിന്ദിനായി സമര്‍പ്പിച്ചത്.

എന്‍ഡിഎയിലെ ഘടകക്ഷികള്‍ക്കു പുറമേ ജെഡിയു, ടിആര്‍എസ്, എെഎഎഡിഎ‍ം‌കെ, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ബിജെഡി തുടങ്ങിയ പാര്‍ട്ടികളും കോവിന്ദിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഈ പാർട്ടികളിൽ മിക്കതിന്റെയും നേതാക്കളെ നാമനിർദ്ദേശ പത്രികാ സമർപ്പണ ചടങ്ങിന് അണിനിരത്തിയ ബിജെപി, ചടങ്ങിനെ രാഷ്ട്രീയ ശക്തിപ്രകടനത്തിനുള്ള വേദി കൂടിയാക്കി മാറ്റി. പ്രതിപക്ഷത്തുള്ള 17 പാർട്ടികളെ അണിനിരത്തി കോൺഗ്രസിന്റെയും ഇടതുപക്ഷ പാർട്ടികളുടെയും നേതൃത്വത്തിൽ പ്രതിപക്ഷം സ്ഥാനാർഥിയെ പ്രഖ്യാപിച്ചതിനു പിന്നാലെയാണ്, എൻഡിഎ സ്ഥാനാർഥിയുടെ പത്രികാ സമർപ്പണ ചടങ്ങ് ബിജെപിയും സഖ്യകക്ഷികളും ചേർന്ന് കൊഴുപ്പിച്ചത്.

കേന്ദ്രമന്ത്രിമാരായ വെ‌ങ്കയ്യ നായിഡു, സുഷമ സ്വരാജ്, നിതിൻ ഗഡ്കരി, മുതിർന്ന നേതാക്കളായ എൽ.കെ. അഡ്വാനി, മുരളി മനോഹർ ജോഷി തുടങ്ങിയവരെല്ലാം ചടങ്ങിൽ സന്നിഹിതരായിരുന്നു. കോവിന്ദിന് പിന്തുണ പ്രഖ്യാപിച്ച തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡു തുടങ്ങിയവരും പത്രിക സമർപ്പിക്കുന്നതിനു സാക്ഷ്യം വഹിക്കാനെത്തി. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പെടെ‌യുള്ള ബിജെപി മുഖ്യമന്ത്രിമാരും എൻഡിഎയുടെ സഖ്യകക്ഷി മുഖ്യമന്ത്രിമാരും ചടങ്ങിനെത്തി.

നാമനിർദ്ദേശ പത്രിക സമർപ്പിച്ചശേഷം പുറത്തെത്തിയ റാം നാഥ് കോവിന്ദ്, രാഷ്ട്രപതി സ്ഥാനാർഥിയാകാൻ തന്നെ തിരഞ്ഞെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എന്‍ഡിഎ നേതാക്കൾക്കും നന്ദിയറിയിച്ചു. രാഷ്ട്രീയത്തിന് അതീതനായ ആളാകണം രാഷ്ട്രപതിയെന്നാണ് തന്റെ അഭിപ്രായമെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഗവർണർ സ്ഥാനത്തേക്ക് എത്തിയശേഷം താൻ ഒരു രാഷ്ട്രീയപാർട്ടിയുടെയും ആളല്ല. രാഷ്ട്രപതി പദത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കാൻ താൻ എന്നും ബദ്ധശ്രദ്ധനായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കോണ്‍ഗ്രസ് ഉള്‍പ്പെടെ പതിനേഴ് പ്രതിപക്ഷപാര്‍ട്ടികള്‍ ലോക്സഭാ മുന്‍സ്പീക്കര്‍ മീരാ കുമാറിനെ ഇന്നലെ ‍സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നു. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന ദിനമായ ജൂലൈ 28നാണ് മീരാ കുമാർ പത്രിക സമർപ്പിക്കുക. രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്ന ഇലക്ട്രല്‍ കോളജില്‍ 61 ശതമാനം വോട്ടുകളും ഉറപ്പാക്കിയ കോവിന്ദിന്‍റെ വിജയം സുനിശ്ചിതമാണ്. അടുത്ത മാസം 17നാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പ്.

related stories