Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വനിതാ ലോകകപ്പിൽ വരവറിയിച്ച് ഇന്ത്യ; ഇംഗ്ലണ്ടിനെ 35 റൺസിന് തോൽപ്പിച്ചു

Womens World Cup ഇംഗ്ലണ്ടിന്റെ ഫ്രാൻ വിൽസണെ പുറത്താക്കിയ ഇന്ത്യൻ താരങ്ങളുടെ ആഹ്ളാദം.

ഡെർബി (ഇംഗ്ലണ്ട്) ∙ വനിതാ ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. ആദ്യ മല്‍സരത്തില്‍ ഇംഗ്ലണ്ടിനെ 35 റണ്‍സിന് തോല്‍പ്പിച്ചു. 282 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് 15 പന്ത് ബാക്കി നില്‍ക്കെ 246 റണ്‍സിന് പുറത്തായി. ഇംഗ്ലണ്ടിനെതിരായ ഉദ്ഘാടന മല്‍സരത്തില്‍ ആദ്യം ബാറ്റുചെയ്ത ഇന്ത്യ മൂന്ന് അര്‍ധസെഞ്ചുറികളുടെ കരുത്തില്‍ അടിച്ചുകൂട്ടിയത് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 281 റണ്‍സ്. സ്കോർ: ഇന്ത്യ–281/3 (50), ഇംഗ്ലണ്ട്–246 (47.3).

ഓപ്പണര്‍മാരായ പൂനം റൗത്തിന്റേയും സ്മൃതി മന്ദാനയുടേയും 144 റണ്‍സ് കൂട്ടുകെട്ടാണ് ഇന്ത്യൻ ഇന്നിങ്സിന് അടിത്തറയിട്ടത്. സ്മൃതി 90 (72) റൺസും പൂനം 86 (134) റൺസും നേടി. പിന്നാലെ എത്തിയ ക്യാപ്റ്റന്‍ മിതാലി രാജും തകര്‍പ്പന്‍ ഫോമിലായിരുന്നു. തുടര്‍ച്ചയായ ഏഴാം മല്‍സരത്തിലും അര്‍ധസെഞ്ചുറിയെന്ന റെക്കോര്‍ഡുമായി 73 പന്തില്‍ 71 റണ്‍സ് നേടി തിളങ്ങി. 

മറുപടി ബാറ്റിങ്ങില്‍ ഇംഗ്ലണ്ട് മോശമല്ലാതെ കളിച്ചെങ്കിലും കൂട്ടുകെട്ടുകള്‍ പിറക്കാതെ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്‍ ബോളര്‍മാര്‍ കളി നിയന്ത്രിച്ചു. 75 പന്തില്‍ 81 റണ്‍സെടുത്ത ഫ്രാന്‍ വില്‍സണ്‍ റണ്ണൗട്ടാകും വരെയും ഇംഗ്ലണ്ടിന് ജയപ്രതീക്ഷയുണ്ടായിരുന്നു. ഇന്ത്യയ്ക്കായി ദീപ്തി ശര്‍മ മൂന്നും ശിഖ പാണ്ഡേ രണ്ടും വിക്കറ്റെടുത്തു. മൂന്നുപേരെ റണ്ണൗട്ടാക്കി. സ്മൃതി മന്ദാനയാണ് വുമണ്‍ ഓഫ് ദ് മാച്ച്. വ്യാഴാഴ്ച വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മല്‍സരം.