Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുഖ്യമന്ത്രി പിണറായിക്കു പിന്നാലെ കുമ്മനം രാജശേഖരനും ഉപദേശകർ

Kummanam-Rajasekharan

തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയന്റെ മാതൃക പിന്തുടർന്ന് ഉപദേഷ്ടാക്കളെ നിരത്തി ബിജെപിയും സംസ്ഥാനപ്രസിഡന്റ് കുമ്മനം രാജശേഖരനും! കേന്ദ്രനേതൃത്വത്തിന്റെ നിർദേശം കൂടി കണക്കിലെടുത്ത് മൂന്ന് ഉപദേശകരെയാണു പാർട്ടി ആസ്ഥാനത്ത് കുമ്മനം നിയോഗിച്ചത്.

ഡോ. ജി.സി.ഗോപാലപിള്ള (സാമ്പത്തികം), ഹരി എസ്.കർ‍ത്താ (മാധ്യമം), ഡോ. കെ.ആർ.രാധാകൃഷ്ണപിള്ള (വികസനം, ആസൂത്രണം) എന്നിവരാണു പ്രസിഡന്റിനെ അതതു മേഖലകളിൽ സഹായിക്കാനുണ്ടാകുക. ഇനിയും ഉപദേഷ്ടാക്കളെ കണ്ടെത്താനാണു തീരുമാനം. ചിലരുടെ നിയമനം ബിജെപി വൃത്തങ്ങളിൽ തന്നെ ഭിന്നാഭിപ്രായത്തിനും വഴിവച്ചു.

ഫാക്ടിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായിരുന്ന ഗോപാലപിള്ളയെ കേന്ദ്രസർക്കാരിന്റെ വിവിധ പദ്ധതികൾ സംസ്ഥാനത്തു നടപ്പാക്കുന്നതിന്റെ വിവിധ വശങ്ങളിൽ ഇടപെടാൻ വേണ്ടിയാണു നിയോഗിച്ചിരിക്കുന്നത്. പാർട്ടിക്ക് അതെങ്ങനെ ഇവിടെ നേട്ടമുണ്ടാക്കാനാകും എന്നതു സംബന്ധിച്ചു നിർദേശങ്ങൾ നൽകണം. ഒപ്പം, പൊതുവായ സാമ്പത്തിക–സാങ്കേതിക കാര്യങ്ങളിലും പ്രസിഡന്റിനെ ഉപദേശിക്കണം.

കിൻഫ്രയുടെ സ്ഥാപക എംഡിയായിരുന്ന ഗോപാലപിള്ള, യുഡിഎഫുമായും മുസ്‌ലിം ലീഗ് നേതൃത്വവുമായും അടുത്ത ബന്ധം പുലർത്തിയിരുന്നയാളാണ്. ജന്മഭൂമി ചീഫ് എഡിറ്ററായിരുന്ന ഹരി എസ്.കർത്തായ്ക്കു വിപുലമായ ചുമതലയാണു കേന്ദ്രനേതൃത്വം തന്നെ കൈമാറിയിരിക്കുന്നത്.

കേരളത്തിൽ മാധ്യമങ്ങൾക്കു പൊതുവിൽ പരിവാർ പ്രസ്ഥാനങ്ങളോടുള്ള അകൽച്ച കുറയ്ക്കുക എന്നതാണു മുഖ്യദൗത്യം. മാധ്യമങ്ങളിൽ പാർട്ടി നേതാക്കൾ തരം പോലെ അഭിപ്രായം പറയുന്നതാണു കേന്ദ്രനേതൃത്വത്തിനു മറ്റൊരു തലവേദന. പരിവാർ പ്രസിദ്ധീകരണങ്ങളുടെ പൊതു മേൽനോട്ടവും ഏൽപിച്ചു.

മാധ്യമസമ്പർക്കത്തിൽ അദ്ദേഹത്തിന്റെ അഭിപ്രായം തേടണമെന്നു നേതാക്കളോടു നിഷ്കർഷിച്ചു. വിവിധ കോളജുകളിൽ ധനതത്വശാസ്ത്രം അധ്യാപകനായിരുന്ന ഡോ. രാധാകൃഷ്ണപിള്ള, സംസ്ഥാന ആസൂത്രണബോർഡിന്റെ കൺസൽറ്റന്റായി പ്രവർത്തിച്ചിട്ടുണ്ട്. ഇരുമുന്നണികളിൽ നിന്നു വ്യത്യസ്തമായ വികസന–ആസൂത്രണ സമീപനങ്ങളെക്കുറിച്ചു നേതൃത്വത്തിന് അവബോധം പകരുകയാണു ദൗത്യം.

മൂന്നുപേരും പാർ‍ട്ടി ആസ്ഥാനത്തു ജോലി തുടങ്ങി. സംസ്ഥാന നേതൃത്വത്തെ പ്രഫഷനലാക്കണമെന്നാണു കേന്ദ്രനേതൃത്വത്തിന്റെ കാഴ്ച്ചപ്പാട്. ബിജെപിയുടെ പുതിയ ആസ്ഥാനമന്ദിരത്തിൽ ‘മുഖ്യമന്ത്രിയുടെ ഓഫിസിനുള്ള’ സൗകര്യം കൂടെയുണ്ടാകണമെന്നു നിഷ്കർഷിച്ചതിനു പിന്നാലെയാണു മുഖ്യമന്ത്രി ചെയ്തപോലെ ഉപദേശകരെയും പാർട്ടി നിയമിച്ചു തുടങ്ങിയത്.

related stories