Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമലയിലെ കൊടിമരം പൂർവസ്ഥിതിയിലാക്കി; അട്ടിമറിയല്ല, ആന്ധ്രയിലെ ആചാരമെന്ന് പൊലീസ്

Sabarimala പൊലീസ് പിടിയിലായ പ്രതികൾ. ചിത്രം: നിഖിൽ രാജ്

പത്തനംതിട്ട∙ ശബരിമലയിലെ അയ്യപ്പസന്നിധിയിൽ പ്രതിഷ്ഠിച്ച പുതിയ കൊടിമരം പൂർവസ്ഥിതിയിലാക്കി. ശിൽപ്പി അനന്തൻ ആചാരിയുടെ നേതൃത്വത്തിലാണ് കേടുപാടുകൾ തീർത്തത്. കൊടിമരത്തിൽ വീണ്ടും സ്വർണം പൂശിയിട്ടുണ്ട്. ഞായറാഴ്ചയാണ് ആന്ധ്രസ്വദേശികളായ അ‍ഞ്ചുപേർ കൊടിമരത്തിൽ മെർക്കുറി (രസം) ഒഴിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ആന്ധ്ര വിയ്യൂർ സ്വദേശികളായ വെങ്കിട്ട റാവു, സഹോദരൻ ഇ.എൻ.എൽ. ചൗധരി, സത്യനാരായണ റെഡ്ഡി, ഉമാമഹേശ്വര റെ‍ഡ്ഡി, സുധാകര റെഡ്ഡി എന്നിവരാണ് അറസ്റ്റിലായത്.

അതേസമയം, ശബരിമലയിലെ പുതിയ കൊടിമരത്തിനു കേടുപാട് വരുത്തിയതിനു പിന്നിൽ അട്ടിമറിയില്ലെന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ഐജി മനോജ് എബ്രഹാം പറഞ്ഞു. ആന്ധ്രയിൽ ഇത്രത്തിൽ മെർക്കുറി തളിക്കുന്ന ആചാരമുണ്ട്. പഞ്ചവർഗത്തറയുടെ കുഴിയിൽ ആണ് മെർക്കുറി തളിക്കുക പതിവാണ് ഇതാണ് അവർ ശബരിമലയിലും ചെയ്തത്. തട്ടുകളിൽ തളിച്ചത് അബദ്ധത്തിൽ സംഭവിച്ചതാണ്. വർഷങ്ങളായി ശബരിമലയിൽ വരുന്ന ഭക്തരാണ് ഇവർ. ദുരുദ്ദേശ്യത്തോടെയല്ല മെർക്കുറി തളിച്ചത്. മെർക്കുറി തളിക്കുന്നത് ഇവർ തന്നെ ക്യാമറയിൽ പകർത്തിയിട്ടുണ്ട്. ചടങ്ങു നടത്തി മണിക്കൂറുകൾ അവിടെ തങ്ങിയ ശേഷമാണ് കേസിൽ പിടിയിലായവർ താഴെ ഇറങ്ങിയത്. ആന്ധ്രയിൽ നിന്നുള്ള പൊസീസ് സംഘം എത്തി ഇവരെ വിശദമായി ചോദ്യം ചെയ്യും. കേരളത്തിൽ നിന്നും സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് ആന്ധ്രയിൽ പോയും അന്വേഷണം നടത്തുമെന്നും

Sabarimala ശബരിമലയിൽ പ്രതിഷ്ഠിച്ച പുതിയ സ്വർണക്കൊടിമരത്തിന്റെ കേടുപറ്റിയ ഭാഗം. ചിത്രം: നിഖിൽ രാജ്

പത്തനംതിട്ടയിൽ ഐജിയുടെ നേതൃത്വത്തിൽ ഇന്ന് അവലോകന യോഗം ചേരുന്നുണ്ട്. കൊടിമരത്തിൽ മെർക്കുറി ഒഴിച്ചതിന് ആന്ധ്രാ സ്വദേശികളായ അഞ്ചുപേരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ആചാരത്തിന്റെ ഭാഗമായാണ് മെർക്കുറി ഒഴിച്ചതെന്ന് പ്രതികൾ മൊഴി നൽകിയിരുന്നു. ശബരിമല ക്ഷേത്രത്തിന് അവമതിപ്പുണ്ടാക്കിയതിനും നാശനഷ്ടം വരുത്തിയതിനും ഇവർക്കെതിരെ കേസെടുത്തു. സന്നിധാനത്തെത്തി തെളിവെടുക്കേണ്ടതില്ലെന്നും സിസിടിവി ദൃശ്യങ്ങളിൽനിന്ന് തെളിവുകൾ കിട്ടിയിട്ടുണ്ടെന്നും മനോജ് എബ്രഹാം വ്യക്തമാക്കി.

Sabarimala ശബരിമലയിൽ പുതിയ സ്വർണക്കൊടിമരം പ്രതിഷ്ഠിക്കുന്നതിന് മുന്നോടിയായി അവസാനവട്ട മിനുക്കു പണിയിൽ. ചിത്രം: നിഖിൽ രാജ്.

ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ പമ്പ കെഎസ്ആർടിസി പരിസരത്തുനിന്നാണു അഞ്ചുപേരെ കസ്റ്റഡിയിലെടുത്തത്. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് അന്വേഷണം നടത്തുന്നത്. സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ, അഞ്ചംഗ സംഘം സംശയാസ്പദമായ രീതിയിൽ കൊടിമരത്തിലേക്ക് എന്തോ ഒഴിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിരുന്നു. പിടിയിലായവരിൽനിന്നു മെർക്കുറിയും പിടിച്ചെടുത്തിട്ടുണ്ട്.

പ്രതിഷ്ഠ നടന്നു മണിക്കൂറുകൾക്കുള്ളിലാണു സ്വർണക്കൊടിമരത്തിനു കേടുവരുത്തിയതായി കണ്ടെത്തിയത്. കൊടിമരത്തിന്റെ പഞ്ചവർഗത്തറയിലാണു രാസവസ്തു ഒഴിച്ചു കേടുവരുത്തിയതായി കണ്ടെത്തിയത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ഡിജിപി: ടി.പി. സെൻകുമാറിനു ദേവസ്വം ബോർഡ് പരാതി നൽകിയിരുന്നു. ഉച്ചയ്ക്ക് 1.50ന് പ്രതിഷ്ഠാ ചടങ്ങുകൾ പൂർത്തിയാക്കിയശേഷം പൊലീസുകാരും ദേവസ്വം ഉദ്യോഗസ്ഥരും ഇവിടെനിന്നു മാറിയപ്പോഴാണ് കൊടിമരത്തിന്റെ ചില ഭാഗങ്ങൾ കേടുവരുത്തിയതായി ശ്രദ്ധയിൽപ്പെട്ടത്.

Sabarimala ശബരിമലയിൽ പുതിയ സ്വർണക്കൊടിമരം പ്രതിഷ്ഠിക്കുന്നു. ചിത്രം: നിഖിൽ രാജ്.