Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിക്കിമിൽ അതിർത്തി ലംഘിച്ച് ചൈനയുടെ പ്രകോപനം; ഇന്ത്യൻ ബങ്കറുകൾ തകർത്തു

Indian soldier ഇന്ത്യ–ചൈന അതിർത്തിയിൽ കാവൽ നിൽക്കുന്ന സൈനികൻ (ഫയൽ ചിത്രം)

ബെയ്ജിങ് ∙ സിക്കിമിൽ അതിർത്തി ലംഘിച്ച ചൈനയുടെ സൈന്യവും ഇന്ത്യൻ സൈന്യവുമായി ഏറ്റുമുട്ടലുണ്ടായതായി റിപ്പോർട്ട്. ഇന്ത്യൻ ഭാഗത്തെ രണ്ടു ബങ്കറുകൾ ചൈനയുടെ ആക്രമണത്തിൽ തകർന്നതായും റിപ്പോർട്ടുണ്ട്. സിക്കിമിലെ ഡോക്‌ലാ പ്രദേശത്ത് ഇരുവിഭാഗങ്ങളും തമ്മിൽ കഴിഞ്ഞ 10 ദിവസമായി സംഘർഷം തുടരുകയാണെന്നാണ് വിവരം. കൈലാസ – മാനസസരോവര്‍ തീർഥാടനത്തിനെത്തിയ ഇന്ത്യൻ സംഘത്തെ ചൈന തടഞ്ഞത് ഇരുരാജ്യങ്ങളും തമ്മിൽ നയതന്ത്ര തലത്തിലും സംഘർഷത്തിനു കാരണമായിരുന്നു.

യഥാർഥ നിയന്ത്രണരേഖ മറികടക്കാൻ ശ്രമിച്ച ചൈനീസ് പട്ടാളത്തെ പ്രതിരോധിക്കാൻ ഇന്ത്യൻ സൈന്യം ഏറെ പണിപ്പെട്ടതായാണ് റിപ്പോർട്ട്. ഒരുഘട്ടത്തിൽ ചൈനയുടെ മുന്നേറ്റം തടയാൻ ഇന്ത്യൻ സൈനികർക്ക് മനുഷ്യമതിൽ തീർക്കേണ്ടിവന്നു. ലാൽട്ടനിലും ഡോക്‌ലായിലുമാണ് ഇന്ത്യൻ ബങ്കറുകൾ ചൈന തകർത്തത്. അതിർത്തിയിൽ ഇപ്പോഴും സംഘർഷം പുകയുകയാണെന്നാണു സൈനിക വൃത്തങ്ങൾ നൽകുന്ന സൂചന. അതിനിടെ, പുതുതായി തുറന്ന നാഥുല പാസ് വഴി കൈലാസ സന്ദര്‍ശനത്തിനു തിരിച്ച ഈ വർഷത്തെ ആദ്യബാച്ചിലെ 47 പേർക്കാണു ചൈന പ്രവേശനാനുമതി നിഷേധിച്ചത്. വിഷയത്തിൽ ഇന്ത്യ ചൈനയുമായി ചർച്ച തുടരുകയാണെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ജെങ് സുഹാങ് പറഞ്ഞു. മണ്ണിടിച്ചിലോ മഴയോ പോലുള്ള കാലാവസ്ഥാ പ്രശ്നങ്ങളാകും യാത്രാതടസ്സത്തിനു കാരണമെന്നും വക്താവ് വിശദീകരിച്ചു.

ജൂൺ 19ന് അതിർത്തി കടക്കാനായിരുന്നു തീർഥാടകരുടെ പദ്ധതി. എന്നാൽ കാലാവസ്ഥ തടസമായതിനാൽ ബേസ് ക്യാംപിൽ ഇവർ കാത്തിരുന്നു. ജൂൺ 23ന് വീണ്ടും യാത്രാനുമതി തേടി ചൈനീസ് അധികൃതരെ സമീപിച്ചു. കാരണമൊന്നും പറയാതെ അവർ അനുമതി നിഷേധിക്കുകയായിരുന്നു. മാനസസരോവർ തീർഥാടകർക്കു ചൈനയുടെ ഭാഗത്തുനിന്നു ചില പ്രയാസങ്ങൾ ഉണ്ടായതായി വിദേശകാര്യ വക്താവ് ഗോപാൽ ബഗ്‍ല ഡൽഹിയിൽ സ്ഥിരീകരിച്ചു. ചൈനയുമായി ഇന്ത്യ ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ചൈനീസ് അധികൃതരുടെ നിലപാട് തീർഥാടനത്തെ ദോഷകരമായി ബാധിക്കുമെന്ന് ആശങ്കയുണ്ട്.

ഈ വര്‍ഷത്തെ കൈലാസ– മാനസരോവര്‍ തീർഥയാത്ര കേന്ദ്രമന്ത്രി സുഷമ സ്വരാജ് ആണ് ഫ്‌ളാഗ് ഓഫ് ചെയ്തത്. 25 ബാച്ചുകളിലായി 1430 തീര്‍ത്ഥാടകരാണ് ഈ വര്‍ഷം പോകുന്നത്. 60 പേര്‍ വീതമുള്ള 18 ബാച്ചുകള്‍ ചെങ്കുത്തായ മലനിരകളുള്ള ലിപുലേഖ് വഴിയും 50 പേര്‍ വീതമുള്ള ഏഴു ബാച്ചുകള്‍ നാഥുലാ പാസ് വഴിയും പോകാനാണ് പദ്ധതി.