Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മീരാ കുമാറിനെതിരായ ട്വീറ്റ്; സുഷമ സ്വരാജിന് കോൺഗ്രസിന്റെ വിമർശനം

Sushama-Meira സുഷമ സ്വരാജ്, മീരാ കുമാർ

ന്യൂഡൽഹി ∙ പ്രതിപക്ഷ പാർട്ടികളുടെ രാഷ്ട്രപതി സ്ഥാനാർഥിയായ മുതിർന്ന കോൺഗ്രസ് നേതാവ് മീരാ കുമാറിനെതിരെ കേന്ദ്രമന്ത്രി സുഷമ സ്വരാജ് നടത്തുന്ന നീക്കങ്ങളെ വിമർശിച്ച് കോൺഗ്രസ് രംഗത്ത്. സർക്കാരിൽ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന മന്ത്രി, ഇത്തരം നടപടികളിൽനിന്ന് പിൻമാറണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. മീരാ കുമാർ ലോക്സഭാ സ്പീക്കറായിരുന്ന സമയത്ത്, താൻ സഭയിൽ സംസാരിക്കുന്നതിനിടെ അവർ ഇടപെടുന്ന ഒരു വിഡിയോ സുഷമ സ്വരാജ് ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു. ഇതിനെതിരെയാണ് കോണ്‍ഗ്രസ് വിമർശനമുന്നയിച്ചത്.

‘സുഷമ സ്വരാജിന്റെ ട്വീറ്റ് കണ്ടാൽ മീരാ ജി (മീരാ കുമാർ) അവരെ സംസാരിക്കാൻ അനുവദിച്ചില്ലെന്ന തോന്നലാണുണ്ടാകുക. എന്നാൽ, വസ്തുത അതല്ല. അനുവദനീയമായ സമയപരിധിക്കുള്ളിൽ പ്രസംഗം ചുരുക്കാൻ സ്പീക്കറെന്ന നിലയിൽ മീരാ ജി ആവശ്യപ്പെടുന്നുണ്ട്. അത് അവരുടെ ചുമതലയാണ്. ഇതൊരു വലിയ പ്രശ്നമാണെന്ന് ഞാൻ കരുതുന്നില്ല. പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർഥിക്കെതിരെ ഉപയോഗിക്കേണ്ട ആയുധമാണ് ഇതെന്നും ഞാൻ കരുതുന്നില്ല’ – കോൺഗ്രസ് നേതാവ് ടോം വടക്കൻ പറഞ്ഞു.

മീരാ ജിയുടെ കുടുംബ പശ്ചാത്തലവും അവർ എത്തരത്തിലുള്ള വ്യക്തിയുമാണെന്ന കാര്യം എല്ലാവർക്കും അറിയാവുന്നതാണ്. ജനങ്ങൾക്കിടയിൽ വിശ്വാസ്യതയുള്ള ആളുകളെക്കുറിച്ച് ഇങ്ങനെ മോശം പരാമർശം നടത്തരുത്. കേന്ദ്ര സർക്കാരിൽ ഉത്തരവാദിത്തമുള്ള സ്ഥാനം വഹിക്കുന്ന മന്ത്രിയാണ് സുഷമ സ്വരാജ്. ഇത്തരം പരാമർശങ്ങൾ അവരുടെ സ്ഥാനത്തിന് യോജിച്ചതല്ല – വടക്കൻ പറഞ്ഞു.