Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയ്ക്ക് നേട്ടം; ഹിസ്ബുൽ തലവനെ ആഗോള ഭീകരനാക്കി യുഎസ്

Syed-Salahuddin ഹിസ്ബുൽ മുജാഹിദീൻ തലവൻ സയിദ് സലാഹുദ്ദീൻ. (ചിത്രം: ദൂരദർശൻ ട്വിറ്റർ)

വാഷിങ്ടൻ∙ ഹിസ്ബുൽ മുജാഹിദീൻ തലവൻ സയിദ് സലാഹുദ്ദീൻ ആഗോള ഭീകരനെന്ന് യുഎസ്. 'കശ്മീർ താഴ്‍വരയെ ഇന്ത്യൻ സേനയുടെ ശ്മശാനമാക്കി' മാറ്റുമെന്നു ഭീഷണി മുഴക്കിയ ഭീകരനാണു സലാഹുദീൻ. പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നതിനു മണിക്കൂറുകൾ മുമ്പാണ് നിർണായക തീരുമാനം.

യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ പുതിയ പട്ടികയിലാണ് സയിദ് സലാഹുദ്ദീനെ ( മുഹമ്മദ് യുസഫ് ഷാ) ഉൾപ്പെടുത്തിയിരിക്കുന്നത്. സലാഹുദ്ദീനുമായി അമേരിക്കക്കാർക്കുള്ള എല്ലാത്തരം ഇടപാടുകളും നിരോധിച്ചതായി ഉത്തരവിൽ പറയുന്നു. യുഎസുമായി ബന്ധപ്പെട്ടു സാമ്പത്തികം ഉൾപ്പെടെ സലാഹുദീന്റെ എല്ലാ പ്രവർത്തനങ്ങൾക്കും വിലക്കേർപ്പെടുത്തി. യുഎസ് നീക്കം ഇന്ത്യൻ നിലപാടിനുള്ള അംഗീകാരമാണെന്നു വിദേശകാര്യ വക്താവ് ഗോപാൽ ബഗ്‍ല പറഞ്ഞു.

അതിർത്തി കടന്നുള്ള ഭീകരവാദത്തെ ഇന്ത്യ എന്നും എതിർത്തിരുന്നു. യുഎസും ഇന്ത്യയും ഭീകരവാദത്തിന്റെ ഭീഷണികൾ‌ നേരിടുന്നവരാണ്. തീവ്രവാദത്തെ ഒരുമിച്ചുനിന്ന് എതിർക്കാൻ ഇരുരാജ്യങ്ങളും തയാറാണ്. തീവ്രവാദത്തിന് അതിരുകളില്ലെന്നാണു യുഎസിന്റെ നടപടിയിൽ വ്യക്തമായതെന്നും ഗോപാൽ ബഗ്‍ല പറഞ്ഞു. കശ്മീരിൽ നിരവധി ആക്രമണങ്ങൾ നടത്തി മേഖലയിൽ അസ്ഥിരത സൃഷ്ടിക്കുന്ന ഭീകരനേതാവാണ് സയിദ് സലാഹുദീൻ.

പത്താൻകോട്ട് ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത യുണൈറ്റഡ് ജിഹാദ് കൗൺസിൽ നേതാവു കൂടിയാണു സയിദ് സലാഹുദ്ദീൻ. ഭീകരതയുടെ ഏകോപനത്തിനായി രൂപീകരിക്കപ്പെട്ട സംഘടനയാണിത്. കശ്മീരിൽ ഇന്ത്യയ്ക്കെതിരെ പോരാട്ടം നയിക്കുന്ന പതിനഞ്ചോളം സംഘടനകളാണു കൗൺസിലിൽ അംഗങ്ങളായിട്ടുള്ളത്. ലഷ്കറെ തയിബ, ഹിസ്ബുൽ മുജാഹിദീൻ, ഹർകത്തുൽ മുജാഹിദീൻ, അൽ ബദർ, തെഹ്‌രീകി ജിഹാദ് എന്നീ രാജ്യാന്തര ഭീകരസംഘടനകൾക്കു പുറമേ ഹർകത്തുൽ അൻസാർ, ജംഇയ്യത്തുൽ മുജാഹിദീൻ, അൽ ജിഹാദ്, അൽ ബർഖ്, ഇഖ്‌വാനുൽ മുസ്‌ലിമീൻ, തെഹ്‌രീകുൽ മുജാഹിദീൻ എന്നിവയും കൗൺസിലിലെ അംഗസംഘടനകളാണ്.

1994ൽ ആണു യുണൈറ്റഡ് ജിഹാദ് കൗൺസിൽ എന്ന മുത്തഹിദ ജിഹാദ് കൗൺസിൽ (എംജെസി) രൂപീകരിക്കപ്പെട്ടത്. ഹിസ്‌ബുൽ മുജാഹിദീൻ നേതാവ് സയിദ് സലാഹുദ്ദീനാണ് ഇപ്പോൾ സംഘടനയെ നയിക്കുന്നത്. സംഘടനകൾക്കിടയിൽ ആയുധങ്ങളും വെടിക്കോപ്പുകളും ആശയപ്രചാരണ രേഖകളും വിതരണം ചെയ്യുക, പരസ്പരമുള്ള ആശയവിനിമയം കാര്യക്ഷമമാക്കുക, ആക്രമണങ്ങൾ ആസൂത്രണം ചെയ്യുകയും ആക്രമിക്കപ്പെടേണ്ട കേന്ദ്രങ്ങൾ നിശ്ചയിക്കുകയും ചെയ്യുക, ഉത്തരവാദിത്തങ്ങൾ വിഭജിച്ചു നൽകുക എന്നിവയാണു കൗൺസിലിന്റെ ചുമതല.

related stories