Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഡിഎഫ് നേതാക്കളുടെ വിവാദ ‘ജനകീയ മെട്രോ യാത്ര’: നടപടിയുമായി കെഎംആർഎൽ

oommen-chandy-in-metro

കൊച്ചി ∙ യാത്രക്കാരെ വലച്ച് കൊച്ചി മെട്രോയിൽ ‘ജനകീയ മെട്രോ യാത്ര’ നടത്തിയ യുഡിഎഫ് നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ നടപടി സ്വീകരിക്കുമെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ). യാത്രയ്ക്കിടെ കോൺഗ്രസ് പ്രവർത്തകർ മെട്രോ ചട്ടങ്ങൾ പാലിച്ചിട്ടില്ലെന്ന് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായ സാഹചര്യത്തിലാണ് നടപടി. യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയതിലൂടെ 2002ലെ മെട്രോ ആക്ടിന്റെ പരസ്യമായ ലംഘനമാണ് നടന്നിരിക്കുന്നതെന്ന് കെഎംആർഎൽ കണ്ടെത്തി.

അതേസമയം, നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ ‌എന്തു നടപടിയാണ് സ്വീകരിക്കുകയെന്ന് കെഎംആർഎൽ പുറത്തിറക്കിയ വാർത്താ കുറിപ്പിൽ വ്യക്തമാക്കുന്നില്ല. പൊലീസിൽ പരാതി നൽകിയാൽ ആറുമാസം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് നേതാക്കളും പ്രവർത്തകരും ചെയ്തിരിക്കുന്നത്. പിഴയൊടുക്കിയും നടപടിയിൽ നിന്നു രക്ഷപ്പെടാം. പ്രാഥമിക അന്വേഷണത്തിനുശേഷമാണ് നടപടിയുമായി മുന്നോട്ടു പോകാൻ കെഎംആർഎൽ തീരുമാനിച്ചത്.

മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ തുടങ്ങിയ നേതാക്കളുടെയും എംഎൽമാരുടെയും നേതൃത്വത്തിലാണ് ആലുവയിൽ നിന്നും പാലാരിവട്ടത്തേക്ക് നടത്തിയ യാത്ര സംഘടിപ്പിച്ചത്. മെട്രോ ഉദ്ഘാടനച്ചടങ്ങ് രാഷ്ട്രീയവൽക്കരിച്ചതിൽ പ്രതിഷേധിച്ചായിരുന്നു യുഡിഎഫിന്റെ നേതൃത്വത്തിലുള്ള ജനകീയ മെട്രോ യാത്ര. എന്നാൽ, പ്രവർത്തകരുടെ തള്ളിക്കയറ്റം മൂലം പരിപാടി കൈവിട്ടുപോവുകയായിരുന്നു. പിന്നീട്, പ്രതിപക്ഷ നേതാവ് സംഭവത്തിൽ നിർവ്യാജം ഖേദം പ്രകടിപ്പിച്ചിരുന്നു.

ജനകീയ മെട്രോ യാത്രയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളെക്കുറിച്ചു മെട്രോ ആക്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുമെന്ന് കെഎംആർഎൽ അധികൃതർ നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു. സിസിടിവി ദൃശ്യങ്ങളും സ്റ്റേഷൻ കൺട്രോളർമാരുടെ റിപ്പോർട്ടും പരിശോധിച്ച‌ു റിപ്പോർട്ട് നൽകാൻ കെഎംആർഎൽ എംഡി ഏലിയാസ് ജോർജ് നിർദ്ദേശിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് നടപടിയുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചത്.

അതേസമയം, പ്രവർത്തകരുടെ തള്ളിക്കയറ്റം മൂലം മെട്രോ സംവിധാനത്തിനു കാര്യമായ കുഴപ്പങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നാണ് വിലയിരുത്തൽ. പ്രവർത്തകരെല്ലാം ടിക്കറ്റ് എടുത്താണ് ആലുവ സ്റ്റേഷനിൽ കയറിയത്. ആദ്യം 600 ടിക്കറ്റ് ഒന്നിച്ചു വാങ്ങിയിരുന്നു. എന്നാൽ, കോൺഗ്രസ് പ്രവർത്തകർ മെട്രോ സംവിധാനത്തിൽ കേടു വരുത്തിയെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു കെഎംആർഎൽ അധികൃതർക്കു സിപിഎം കത്തു നൽകിയിരുന്നു.