Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജപ്പാൻ കടലിൽ യുഎസ് പടക്കപ്പൽ അപകടം; ക്യാപ്റ്റൻ മുന്നറിയിപ്പ് അവഗണിച്ചു

US Warship

ടോക്കിയോ∙ ജപ്പാൻ തീരക്കടലിൽ യുഎസ്എസ് ഫിറ്റ്സ്ജറൾഡ് പടക്കപ്പൽ അപകടത്തിൽപ്പെട്ടത് മുന്നറിയിപ്പ് അവഗണിച്ചാണെന്നു റിപ്പോർട്ട്. കണ്ടെയ്നർ കപ്പലുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എഴ് യുഎസ് നാവികർ മരിച്ചിരുന്നു. മുന്നറിയിപ്പു കിട്ടിയിട്ടും ഉത്തരവാദിത്തം കാണിക്കാതെ യുഎസ് പടക്കപ്പൽ മുന്നോട്ടു നീങ്ങിയതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

തുറമുഖ നഗരമായ യോകുസുകയ്ക്കു 104 കിലോമീറ്റർ അകലെ ജൂൺ 17ന് പുലർച്ചെയാണു ഫിലിപ്പീൻസിന്റെ കൂറ്റൻ കണ്ടെയ്നർ കപ്പലുമായി യുഎസ് പടക്കപ്പൽ കൂട്ടിയിടിച്ചത്. പടക്കപ്പൽ ദിശമാറി വരുന്നതുകണ്ട് എസിഎക്സ് ക്രിസ്റ്റൽ കണ്ടെയ്നർ കപ്പൽ 'ഫ്ലാഷ് ലൈറ്റ്' അടിച്ചു മുന്നറിയിപ്പു നൽകിയിരുന്നതായി ക്യാപ്റ്റൻ റോണൾ‍ഡ് അഡ്വിൻകുല പറഞ്ഞു. കണ്ടെയ്നർ കപ്പൽ ഉടമയ്ക്കു ക്യാപ്റ്റൻ നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. അതേസമയം, വെളിപ്പെടുത്തലിനോടു പ്രതികരിക്കാൻ യുഎസ് നാവികസേന തയാറായില്ല.

അപകടത്തിൽ കപ്പലിന്റെ ഒരു വശം പൂർണമായി തകർന്നിരുന്നു. കപ്പലിലേക്കു വെള്ളം കയറിയ ഭാഗത്താണു നാവികരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. 222 മീറ്റർ നീളമുള്ള കണ്ടെയ്നർ കപ്പൽ ദിശമാറി തിരിയുമ്പോഴാണ് അപകടമുണ്ടായതെന്നു നേരത്തേ റിപ്പോർട്ട് ഉണ്ടായിരുന്നു. യുഎസ്എസ് ഫിറ്റ്സ്ജറൾഡ് ഉൾപ്പെടെ യുഎസ് കപ്പൽ വ്യൂഹത്തിന്റെ താവളം യോകുസുകയിലാണ്.