Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവേചനമൊന്നുമില്ലാതെ പ്രവർത്തിച്ചു; 100–ാം ദിനത്തിൽ യോഗി ആദിത്യനാഥ്

Yogi-Adityanath100-days യുപിയിലെ ബിജെപി സർക്കാരിന്റെ 100–ാം ദിവസത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിൽ നിന്നും. ചിത്രം: ട്വിറ്റർ.

ലക്നൗ ∙ യാതൊരു വിവേചനവുമില്ലാതെ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും വേണ്ടിയാണ് തന്റെ സർക്കാർ പ്രവർത്തിക്കുന്നതെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അന്തരിച്ച ദീൻദയാൽ ഉപാധ്യായയുടെ സ്വപ്നങ്ങൾ പൂർത്തികരിക്കാൻ ശ്രമിക്കും. സംസ്ഥാനം രാഷ്ട്രീയ വാഴ്ചയിൽ കുടുങ്ങി കിടക്കുകയായിരുന്നു. അതിൽനിന്നും മോചനമുണ്ടാകും. കർഷകരെ സംരക്ഷിക്കാൻ കർശന നടപടികളുണ്ടാകും. അവരിൽനിന്നും മുൻപ് ശേഖരിച്ചതിനും അഞ്ചു മടങ്ങ് കൂടുതൽ ഗോതമ്പ് ശേഖരിച്ചു. കരിമ്പ് കർഷകരുടെ 22,000 കോടി രൂപയുടെ കടം സർക്കാർ എഴുതിതള്ളിയെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

സർക്കാരിന്റെ 100–ാം ദിവസം ആഘോഷിക്കുന്ന വേളയിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ആദിത്യനാഥ്. സർക്കാരിന്റെ ആദ്യ 100 ദിവസത്തെ പ്രവർത്തനങ്ങളിൽ തൃപ്തരാണ്. യുപിയിലെ മുഴുവൻ ഗ്രാമങ്ങളിലും 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കുന്നതിനുവേണ്ട സഹായം കേന്ദ്രസർക്കാരിനോട് ചോദിച്ചിട്ടുണ്ടെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. വിഐപി സംസ്കാരം അവസാനിപ്പിച്ചു. അത്യാവശ്യ സാഹചര്യങ്ങളിൽ മാത്രം ചുവന്ന ബീക്കൺ ലൈറ്റ് ഉപയോഗിച്ചാൽ മതിയെന്ന് തീരുമാനിച്ചു.

സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തുമെന്നും യുപിയെ മാഫിയകൾ ഇല്ലാത്ത സംസ്ഥാനമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസിന്റെ നേതൃത്വത്തിൽ ആന്റി– റോമിയോ സ്ക്വോർഡ് രൂപീകരിച്ചതിനുശേഷം സ്ത്രീകൾ കൂടുതൽ സുരക്ഷിതരാണ്. എല്ലാ വർഷവും ജനുവരി 24 ‘ഉത്തർപ്രദേശ് ദിവസമായി’ ആഘോഷിക്കുമെന്നും മുഖ്യമന്ത്രി ആദിത്യനാഥ് പറഞ്ഞു.

മാർച്ച് 18ന് ആണ് യുപിയിൽ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ എത്തിയത്. തിരഞ്ഞെടുപ്പിൽ ആകെയുള്ള 403 സീറ്റിൽ 325 സീറ്റുകൾ സ്വന്തമാക്കിയായിരുന്നു ബിജെപിയുടെ ജയം.

അതേസമയം, യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സർക്കാരിനെ വിമർശിച്ച് കോൺഗ്രസ് രംഗത്തെത്തി. സംസ്ഥാനത്ത് ക്രമസമാധാനം പാലിക്കുന്ന കാര്യത്തിൽ സർക്കാരിന് വീഴ്ചപറ്റിയെന്ന് കോൺഗ്രസ് ആരോപിച്ചു. യുപിയിൽ സുരക്ഷിതരാണെന്ന് ആരും കരുതില്ല. ക്രമസമാധനനില ഏറ്റവും മോശം അവസ്ഥയിലാണ്. മോദി സർക്കാർ യുപിയിലെ ജനങ്ങളെ ചതിക്കുകയായിരുന്നുവെന്നും കോൺഗ്രസ് നേതാവ് ഷക്കീൽ അഹമ്മദ് കുറ്റപ്പെടുത്തി.