Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫാ.മാർട്ടിന്റെ മരണം: കേസിന്റെ പുരോഗതി ബ്രിട്ടിഷ് പൊലീസ് കുടുംബാംഗങ്ങളെ ധരിപ്പിച്ചു

fr-martin-uk

ലണ്ടൻ ∙ ദൂരൂഹസാഹചര്യത്തിൽ കാണാതായി എഡിൻബറോയിലെ ഡൺബാർ ബീച്ചിൽ മരിച്ചനിലയിൽ കണ്ടെത്തിയ യുവ മലയാളി വൈദികൻ മാർട്ടിൻ സേവ്യർ വാഴച്ചിറയുടെ (33) കേസ് അന്വേഷണത്തിന്റെ പുരോഗതി പൊലീസ് നേരിട്ട് കുടുംബാംഗങ്ങളെ അറിയിച്ചു. ഫാ. മാർട്ടിന്റെ സഹോദരൻ തങ്കച്ചനുമായും മരുമകനുമായും വീഡിയോ കോൺഫറൻസിങ്ങിലൂടെയാണ് സ്ഥിതിഗതികൾ ധരിപ്പിച്ചത്. കേസിന്റെ ബ്രിട്ടണിലെ തുടർനടപടികൾക്കായി സിഎംഐ സഭ ചുമതലപ്പെടുത്തിയുട്ടുള്ള ഫാ. ടെബിൻ ഫ്രാൻസിസ് പുത്തൻപുരയ്ക്കലിന്റെ സാന്നിധ്യത്തിലായിരുന്നു കുടുംബാംഗങ്ങളുമായുള്ള പൊലീസിന്റെ ആശയവിനിമയം.

നാൽപതുമിനിറ്റോളം നീണ്ട വിഡിയോ കോൺഫറൻസിലൂടെ അന്വേഷണത്തിന്റെ പുരോഗതിയും വിശദാംശങ്ങളും പോലീസ് വീട്ടുകാരെ ധരിപ്പിച്ചു. ഫാ. മാർട്ടിനെ കാണാതായതുമുതൽ മൃതദേഹം കണ്ടെത്തി ഇതുവരെ സ്വീകരിച്ച നടപടികളെല്ലാം വിശദമായി അന്വേഷണ ഉദ്യോഗസ്ഥൻ കുടുംബാംഗങ്ങളെ അറിയിച്ചു. പൊലീസ് പറഞ്ഞകാര്യങ്ങൾ ഫാ. ടെബിൻ മലയാളത്തിലേക്കു പരിഭാഷപ്പെടുത്തി. എന്നാൽ, മരണകാരണമോ അന്വേഷണത്തിൽ കണ്ടെത്തിയ വിവരങ്ങളോ സംബന്ധിച്ച് സൂചനയൊന്നും നൽകിയിട്ടില്ല. 

മൃതദേഹം കണ്ടെത്തിയാൽ രണ്ടുമുതൽ പത്തുവരെ ദിവസത്തിനുള്ളിൽ പോസ്റ്റുമോർട്ടം പരിശോധനകളും അന്വേഷണവും പൂർത്തിയാക്കി ഫിസ്കൽ ഓഫിസർക്ക് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ചട്ടം. ഇന്നലെ പോസ്റ്റുമോർട്ടം നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും നടന്നില്ല. ഇന്നോ നാളെയോ ഇതുണ്ടാകുമെന്നാണ് ഇപ്പോഴുള്ള പ്രതീക്ഷ. പോസ്റ്റുമോർട്ടം പരിശോധനകൾ വേഗത്തിലാക്കാനുള്ള സാധ്യതകൾ ആരാഞ്ഞ് ഫാ. ടെബിൻ ഇന്നലെ ഫിസ്കൽ ഓഫിസറുമായി ടെലിഫോണിൽ സംസാരിച്ചിരുന്നു. 

മൃതദേഹം വിട്ടുകിട്ടിയാലുടൻ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികളെക്കുറിച്ച് വിശദമായി ചർച്ചചെയ്യാൻ ഇന്നു രാവിലെ എഡിൻബറോയിലെ ഇന്ത്യൻ കോൺസുലേറ്റിൽ ചാൻസറിയുമായി ഫാ. ടെബിന് കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചിട്ടുണ്ട്. കോൺസുലേറ്റ് അധികൃതരുടെയും പൊലീസിന്റെയും ഭാഗത്തുനിന്നും എല്ലാ സഹകരണവും ലഭിക്കുന്നുണ്ടെന്നും നടപടിക്രമങ്ങളെല്ലാം ഭംഗമില്ലാതെ പുരോഗമിക്കുന്നുണ്ടെന്നും അദ്ദേഹം  മനോരമ ഓൺലൈനോടു പറഞ്ഞു. 

മൃതദേഹം അഴുകിയ നിലയിലാണെന്നും മറ്റും ചില ഓൺലൈൻ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. മൃതദേഹം നേരിൽ കാണാൻ അവസരം ലഭിച്ച ടെബിൻ, ഇത്തരം വാർത്തകൾ പ്രചരിക്കുന്നതിൽ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഉണ്ടാകുന്ന  വേദന മാധ്യമങ്ങൾ മനസിലാക്കണമെന്ന്  അഭ്യർഥിച്ചു. കെട്ടുകഥകൾ ഒഴിവാക്കാൻ എഫ്ഐആർ ഉൾപ്പെടെയുള്ള വിവരങ്ങൾ വിശദീകരിച്ച് രേഖാമൂലമുള്ള  റിപ്പോർട്ട് പൊലീസിൽനിന്നും ഫാ. ടെബിൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു ലഭിച്ചാലുടൻ മധ്യമങ്ങൾക്ക് നൽകും. 

ഇതിനിടെ, മൃതദേഹം വിട്ടുകിട്ടുന്നതനുസരിച്ച് എഡിൻബറോ രൂപതയുടെ ആഭിമുഖ്യത്തിൽ പ്രത്യേകം ദേവാലയ ശുശ്രൂഷകൾ നടത്താൻ തീരുമാനമുണ്ട്. ഇതിന്റെ ദിവസവും സമയക്രമവും പിന്നീട് തീരുമാനിക്കും.. എത്ര വേഗത്തിലായാലും ഈയാഴ്ച അവസാനത്തോടെയേ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പൂർത്തിയാകാനിടയുള്ളൂ. 

related stories