Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൂന്നാർ കയ്യേറ്റം: ഉന്നതതലയോഗം ബഹിഷ്കരിക്കാന്‍ സിപിഐ തീരുമാനം

munnar-town

തിരുവനന്തപുരം ∙ മൂന്നാര്‍ വിഷയത്തില്‍ വിളിച്ച ഉന്നതതലയോഗം ബഹിഷ്കരിക്കാന്‍ സിപിഐ തീരുമാനിച്ചു. റവന്യൂമന്ത്രിയെ അറിയിക്കാതെയാണു യോഗം വിളിച്ചതെന്നു സിപിഐ കുറ്റപ്പെടുത്തി. പാര്‍ട്ടി പ്രതിനിധികള്‍ ആരും പങ്കെടുക്കേണ്ടെന്നും എക്സിക്യുട്ടീവ് യോഗം തീരുമാനിച്ചു. അടുത്തമാസം ഒന്നിനു തിരുവനന്തപുരത്താണു യോഗം.

യോഗം വിളിക്കരുതെന്നു മന്ത്രി ഇ.ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിക്കു നേരത്തെ കത്തു നല്‍കിയിരുന്നു. മൂന്നാർ കയ്യേറ്റം ഒഴിപ്പിക്കൽ നടപടികൾ, സബ്് കലക്ടറെ മാറ്റൽ തുടങ്ങിയവ ചർച്ച ചെയ്യാനാണു ഉന്നതലയോഗം വിളിക്കുന്നത്. ഒഴിപ്പിക്കൽനടപടി ഉപേക്ഷിക്കണം, ഒഴിപ്പിക്കൽ നോട്ടിസ് നൽകിയ ദേവികുളം സബകലക്ടർ ശ്രീറാം വെങ്കിട്ടറാമിനെ മാറ്റണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് മന്ത്രി എം.എം.മണി, എസ്.രാജേന്ദ്രൻ എംഎൽഎ എന്നിവരുടെ നേതൃത്വത്തിൽ സർവകക്ഷിസംഘം മുഖ്യമന്ത്രിയെ കണ്ടിരുന്നു. ഇതേതുടർന്നാണു ജൂലൈ ഒന്നിനു യോഗം വിളിക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. 

മൂന്നാർ പൊലീസ് സ്റ്റേഷനു സമീപമുള്ള 22 സെന്റിലെ കയ്യേറ്റം ഒഴിപ്പിക്കാനുള്ള നടപടികൾ നിയമപരമാണ്. ഇതേക്കുറിച്ചു യോഗം വിളിക്കേണ്ടതില്ല എന്നുകാണിച്ചാണു റവന്യുമന്ത്രി മുഖ്യമന്ത്രിക്കു കത്ത് നൽകിയത്. ജൂലൈ ഒന്നിന് ഉന്നതലയോഗം ചേർന്നു പ്രശ്നം ചർച്ച ചെയ്യുംവരെ ഒഴിപ്പിക്കൽ നടപടികൾ നിറുത്തിവെക്കാൻ മുഖ്യമന്ത്രിയുടെ ഒാഫീസ് റവന്യു വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിൽ കടുത്ത അതൃപ്തിയാണ് സിപിഐക്കുള്ളത്.

മൂന്നാറിലെ നിയമപരമായ ഒഴിപ്പിക്കൽ നടപടികളിൽ ഉന്നതലയോഗങ്ങൾ വ്യത്യസ്ത തീരുമാനമെടുക്കുന്നതും പീന്നീട് അതുമുൻനിറുത്തി പ്രാദേശിക രാഷ്ട്രീയ നേതാക്കൾ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതും തുടർക്കഥ ആകുകയാണെന്നാണു സിപിഐയുടെ വിലയിരുത്തൽ.