Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാക്കിസ്ഥാനെതിരെ ഇന്ത്യ–യുഎസ് സംയുക്ത പ്രസ്താവന; ട്രംപ് ഇന്ത്യ സന്ദർശിക്കും

Modi-Trump-at-US പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപിനൊപ്പം.

വാഷിങ്ടൻ ∙ അതിർത്തി കടന്നുള്ള ആക്രമണങ്ങൾക്ക് ഭീകരർ പാക്കിസ്ഥാന്റെ മണ്ണ് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ ഇന്ത്യയും യുഎസും പാക്ക് ഭരണകൂടത്തോട് ആവശ്യപ്പെട്ടു. യുഎസ് സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് പാക്കിസ്ഥാന്റെ പേരെടുത്തു പറഞ്ഞുള്ള പരാമർശമുള്ളത്. ആഗോള ഭീകരരതയ്ക്കെതിരായ യോജിച്ചുള്ള പോരാട്ടത്തിന് ഇന്ത്യയും യുഎസും പ്രതിജ്ഞാബദ്ധമാണെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം ഇരുവരും വ്യക്തമാക്കിയിരുന്നു.

മറ്റു രാജ്യങ്ങളെ ആക്രമിക്കുന്നതിന് ഭീകരർ പാക്കിസ്ഥാന്റെ ഭൂപ്രദേശങ്ങൾ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നാണ് സംയുക്ത പ്രസ്താവനയിലെ മുഖ്യ ആവശ്യം. മുംബൈ ഭീകരാക്രമണത്തിനും പത്താൻകോട്ട് വ്യോമസേനാ താവളത്തിലെ ഭീകരാക്രമണത്തിനും പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും മോദിയും ട്രംപും പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഇന്തോ - പസഫിക് മേഖലയിൽ സമാധാനവും, സ്ഥിരതയും, സുരക്ഷയും ഉറപ്പാക്കുകയാണ് ഇരുരാജ്യങ്ങളുടേയും ലക്ഷ്യമെന്ന് ഇരുവരും വ്യക്തമാക്കി.

ട്രംപ് ഉടൻ ഇന്ത്യയിലേക്ക്

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉടൻ ഇന്ത്യ സന്ദർശിക്കും. സന്ദർശനം ഉടൻ ഉണ്ടാകുമെന്നാണ് സൂചന. അതേസമയം, തീയതിയും സമയവും ഉൾപ്പെടെയുള്ള വിശദാംശങ്ങള്‍ തീരുമാനിച്ചിട്ടില്ല. മോദിയുെട ക്ഷണം സ്വീകരിച്ച് ഇന്ത്യ സന്ദർശിക്കാമെന്ന് ട്രംപ് സമ്മതിച്ചതായി യുഎസ് സന്ദർശിക്കുന്ന ഇന്ത്യൻ സംഘത്തിലുള്ള വിദേശകാര്യ സെക്രട്ടറി എസ്.ജയശങ്കർ അറിയിച്ചു. 

ഇതുവരെ ഏഴ് യുഎസ് പ്രസിഡന്റുമാരാണ് ഇന്ത്യ സന്ദർശിച്ചിട്ടുള്ളത്. 1959ൽ ഇന്ത്യ സന്ദർശിക്കാനെത്തിയ ഐസൻഹോവറാണ് സ്വതന്ത്ര ഇന്ത്യ സന്ദർശിച്ച ആദ്യ യുഎസ് പ്രസിഡന്റ്. രാഷ്ട്രപതി രാജേന്ദ്ര പ്രസാദ്, പ്രധാനമന്ത്രി ജവഹർലാല്‍ നെഹ്റു എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം, ഇന്ത്യൻ പാർലമെന്റിനെ അഭിസംബോധന ചെയ്യുകയും ചെയ്തു. ഐസൻഹോവറിനു പിന്നാലെ റിച്ചാർഡ് നിക്സൺ (1969), ജിമ്മി കാർട്ടർ (1978), ബിൽ ക്ലിന്റൻ (2000), ജോർജ് ഡബ്ല്യൂ.ബുഷ് (2006), ബറാക് ഒബാമ (2010, 2015) എന്നിവരും ഇന്ത്യയിലെത്തി.

മോദിയുടെ നേതൃപാടവത്തെ പുകഴ്ത്തി ട്രംപ്

കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളെ കാണവെ, ഇന്ത്യൻ പ്രധാനമന്ത്രിയുടെ നേതൃപാടവത്തെ ട്രംപ് പുകഴ്ത്തുകയും ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ തലവനെ യുഎസിലേക്കു സ്വാഗതം ചെയ്യുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും ട്രംപ് പറഞ്ഞു. ഇന്ത്യയോടും ഇന്ത്യക്കാരോടും ഇന്ത്യൻ സംസ്കാരത്തോടും തനിക്ക് വലിയ ബഹുമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘പ്രധാനമന്ത്രി മോദി, ഒത്തൊരുമിച്ചു പ്രവർത്തിക്കുന്ന താങ്കളെയും ഇന്ത്യൻ ജനതയെയും അഭിവാദനം ചെയ്യുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. നിങ്ങളുടെ നേട്ടങ്ങൾ വളരെ വലുതാണ്. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറിയിരിക്കുന്നു. യുഎസ് സന്ദർശിക്കാൻ നിങ്ങൾ കാണിച്ച സന്മനസിനു നന്ദി’ – ട്രംപ് പറഞ്ഞു.

‘ഞങ്ങൾ സമൂഹമാധ്യമത്തിലെ ലോകനേതാക്കൾ’

സമൂഹമാധ്യമങ്ങളിലെ ലോകനേതാക്കളാണ് താനും മോദിയുമെന്ന് ഡോണൾഡ് ട്രംപ് അഭിപ്രായപ്പെട്ടു. സമൂഹമാധ്യമങ്ങളിലുള്ള വലിയ ജനപിന്തുണ, ആളുകളുമായി നേരിട്ട് ഇടപെടാൻ തങ്ങളെ സഹായിക്കുന്നതായും ട്രംപ് വ്യക്തമാക്കി. ട്വിറ്ററിൽ 3.28 കോടി ആളുകളാണ് ട്രംപിനെ പിന്തുടരുന്നത്. മോദിക്ക് ട്വിറ്ററിൽ 3.1 കോടി ഫോളോവേഴ്സാണുള്ളത്. അതേസമയം, ഫെയ്സ്ബുക്കിൽ 4.18 കോടി ആളുകൾ മോദിയെ പിന്തുടരുമ്പോൾ, ട്രംപിനെ പിന്തുടരുന്ന ആളുകളുടെ എണ്ണം 2.35 കോടിയാണ്.

സമൂഹമാധ്യമങ്ങളിലെ ലോകനേതാക്കളാണ് ഞങ്ങൾ രണ്ടുപേരും എന്ന കാര്യം മാധ്യമങ്ങളോടും യുഎസിലെയും ഇന്ത്യയിലെയും ജനങ്ങളോടും പ്രഖ്യാപിക്കുന്നതിൽ എനിക്ക് അഭിമാനമുണ്ട് – ട്രംപ് പറഞ്ഞു.

related stories