Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊലീസ് ഉദ്യോഗസ്ഥരുടെ യൂനിഫോം അലവൻസ് ഒഴിവാക്കിയ ഉത്തരവ് റദ്ദാക്കി

Kerala-Police Representative Image

കണ്ണൂർ ∙ സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥരുടെ വാർഷിക യൂനിഫോം അലവൻസ് ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് ദിവസങ്ങൾക്കകം ആഭ്യന്തരവകുപ്പ് റദ്ദാക്കി. ജൂൺ ശമ്പളത്തോടൊപ്പം നൽകിയിരുന്ന 5000 രൂപയുടെ അലവൻസിനു പകരം ഇനിമുതൽ യൂനിഫോം തുണി, തയ്യൽകൂലി, ഷൂസ്, ബെൽറ്റ് തുടങ്ങിയവുടെ ബില്ലുകൾ സമർപ്പിക്കണമെന്നാണു കഴിഞ്ഞ 23നു ജില്ലാ പൊലീസ് മേധാവികൾ കീഴുദ്യോഗസ്ഥർക്കു നിർദേശം നൽകിയത്. അടുത്ത മാസത്തെ ശമ്പളത്തിൽ 5000 രൂപ അധികം പ്രതീക്ഷിച്ചിരുന്ന പൊലീസുകാർക്കിടയിൽ പ്രതിഷേധം വ്യാപകമായതോടെയാണ് ഉത്തരവു റദ്ദാക്കിയത്. 

അലവൻസ് പതിവുപോലെ അടുത്തമാസത്തെ ശമ്പളത്തിനൊപ്പം നൽകുമെന്നും ഡിജിപിയുടെ ഓഫിസിലെ സീനിയർ ഫിനാൻസ് ഓഫിസറുടെ അറിയിപ്പിലുണ്ട്. പൊലീസുകാർക്കു പ്രതിവർഷം 2750 രൂപയാണു യൂനിഫോം അലവൻസായി നൽകിയിരുന്നത്. യൂനിഫോമിനും മറ്റുമായി ഇതു തീരെ കുറവാണെന്ന പരാതികളെതുടർന്ന് 2015ൽ ആണ് അലവൻസ് മുൻകാല പ്രാബല്യത്തോടെ 5000 രൂപയാക്കിയത്. ഓഫിസർമാർക്ക് 5500 രൂപയാണു യൂനിഫോം അലവൻസ്. 

ധനവകുപ്പ് മേയിൽ നൽകിയ നിർദേശപ്രകാരമാണു സർക്കാരിന്റെ തീരുമാനമെന്ന് 23നു ജില്ലാ പൊലീസ് മേധാവികൾ നൽകിയ ഉത്തരവിൽ പറഞ്ഞിരുന്നു. ബിൽ സമർപ്പിച്ചാൽ, സാമ്പത്തിക വർഷത്തിനകം തുക തിരിച്ചുനൽകുമെന്നും ഉത്തരവിലുണ്ടായിരുന്നു. പൊലീസുകാരുടെ ശമ്പള കുടിശിക സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നതിനിടയിലാണു യൂനിഫോം അലവൻസ് നിർത്തലാക്കിയ ഉത്തരവെത്തിയത്. കുടിശിക നൽകാൻ കഴിഞ്ഞ സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇടതു സർക്കാർ ശമ്പള കുടിശിക പിഎഫിൽ ലയിപ്പിക്കാനാണു തീരുമാനിച്ചത്. എന്നാൽ, ഇതുവരെ നടപടിയൊന്നുമായിട്ടില്ല.