Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രെയിൻ യാത്രാക്കൂലി വർധിപ്പിക്കും; പ്രധാനമന്ത്രിയുടെ ഒാഫിസ് അനുമതി നൽകി

India Northeast Violence

ന്യൂഡൽഹി ∙ ട്രെയിൻ യാത്രാക്കൂലി വർധിപ്പിക്കാൻ റെയിൽവേയുടെ നീക്കം. ഇതിന് പ്രധാനമന്ത്രിയുടെ ഒാഫിസ് അംഗീകാരം നൽകിയെന്നാണ് റിപ്പോർട്ടുകൾ. ഏറെ നാളുകൾക്ക് ശേഷമാണ് ട്രെയിൻ യാത്രാക്കൂലി വർധിപ്പിക്കുന്നത്. ഈ വർഷം സെപ്റ്റംബറിൽ പുതിയ നിരക്ക് കൊണ്ടുവരാനാണ് പദ്ധതിയെന്ന് വിവിധ കേന്ദ്രങ്ങളെ ഉദ്ധരച്ച് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ ഏപ്രിലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗമാണ് നിരക്ക് വർധനയ്ക്കുള്ള തീരുമാനമെടുത്തത്. റെയില്‍വേ ഒരു വ്യവസായ സ്ഥാപനമാണ്. യാത്രക്കാരുടെ സൗകര്യം മുന്‍നിര്‍ത്തി കാര്യക്ഷമവും സുരക്ഷിതവുമായ യാത്ര ഒരുക്കാൻ റെയില്‍വേയ്ക്ക് സാധിക്കണമെന്നും യോഗത്തില്‍ തീരുമാനിച്ചിരുന്നു. നേരിയ യാത്രാക്കൂലി വർധനവ് മാത്രമേയുണ്ടാകൂവെന്നാണ് പ്രധാനമന്ത്രിയുെട ഒാഫിസ് അറിയിച്ചത്. വിഷയത്തിൽ റെയിൽവേ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ജനങ്ങളെ നേരിട്ട് ബാധിക്കുന്ന പ്രശ്നമായതിനാൽ മാറിമാറിവരുന്ന സർക്കാരുകൾ യാത്രാനിരക്ക് വർധിപ്പിക്കാൻ തയാറായിരുന്നില്ല. പകരം, ചരക്കുനീക്കത്തിനുള്ള നിരക്ക് വർധിപ്പിക്കുകയാണ് ചെയ്യാറ്. 2013ൽ അന്നത്തെ റെയിൽവേ മന്ത്രി പവൻ ബൻസാൽ ആണ് ഏറ്റവും ഒടുവിൽ യാത്രാനിരക്ക് വർധിപ്പിച്ചത്. ക്ലാസുകള്‍ക്ക് ആനുപാതികമായി കിലോമീറ്ററിന് രണ്ടു മുതൽ 10 പൈസ വരെയാണ് അന്ന് വർധിധിപ്പിച്ചത്.

റെയിൽവേ മന്ത്രി സുരേഷ് പ്രഭു കഴിഞ്ഞ വര്‍ഷം പ്രീമിയം ട്രെയിനുകളിലും എസി ക്ലാസുകളിലും തിരക്കിനനുസരിച്ച് നിരക്കില്‍ മാറ്റംവരുന്ന വിധത്തില്‍ യാത്രാക്കൂലി പരിഷ്‌കരിച്ചിരുന്നു. അന്നും സാധാരണക്കാരെ നേരിട്ട് ബാധിക്കുന്ന ജനറൽ, സ്ലീപ്പർ നിരക്കുകളിൽ വർധനവ് ഉണ്ടായിരുന്നില്ല. അതിനിടെ, ജൂലൈ ഒന്നു മുതൽ ജിഎസ്ടി നിലവിൽ വരുന്നതോടെ എസി, ഫസ്റ്റ് ക്ലാസ് ട്രെയിൻ ടിക്കറ്റ് നിരക്കുകളിൽ 4.5 ശതമാനം മുതൽ 5 ശതമാനം വരെ വർധനവുണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്.

related stories