Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അന്വേഷിക്കുന്നത് ഗൂഢാലോചന, ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും: പൊലീസ്

Dilip-and-Nadirsha ആലുവ പൊലീസ് ക്ലബ്ബില്‍ നീണ്ട മൊഴിയെടുപ്പിനുശേഷം നടന്‍ ദിലീപും സുഹൃത്തും സംവിധായകനുമായ നാദിര്‍ഷായും ഇന്നുപുലര്‍ച്ചെ ഒരുമണിയോടെ പുറത്തിറങ്ങിയപ്പോള്‍. ചിത്രം: ജോസ്കുട്ടി പനയ്ക്കല്‍

ആലുവ∙ നടി അക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയാണു ഇപ്പോൾ അന്വേഷിക്കുന്നതെന്ന് ആലുവ റൂറൽ എസ്പി എ.വി. ജോർജ്. ദിലീപുമായി ബന്ധപ്പെട്ട അന്വേഷണം തീർന്നിട്ടില്ല. ഇനിയും ദിലീപിനെയും നാദിർഷയെയും ചോദ്യം ചെയ്യും. വെറെ കുറച്ചു കാര്യങ്ങളിൽ വ്യക്തത വരുത്താനുണ്ട്. നടി അക്രമിക്കപ്പെട്ട ഗൂഢാലോചനയുമായി ബന്ധപ്പെട്ട ബാക്കിപത്രമാണു പ്രധാനമായും അന്വേഷിക്കുന്നത്. നടി അക്രമിക്കപ്പെട്ട ഗൂഢാലോചനയുമായി ബന്ധപ്പെട്ടും ദിലീപുമായി ബന്ധപ്പെട്ടുമുള്ള കേസും അന്വേഷിക്കുന്നുണ്ടെന്നു ആവർത്തിച്ചുള്ള ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. എല്ലാ ആംഗിളും പരിശോധിക്കും. ദിലീപിന്റെ പരാതിയിൽ രണ്ടുമാസമായിട്ടും എഫ്ഐആർ റജിസ്റ്റർ ചെയ്യാത്തതിനെപ്പറ്റിയുള്ള ചോദ്യത്തിനു റൂറൽ എസ്പി വ്യക്തമായി ഒന്നും പറഞ്ഞില്ല.

നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെയും സുഹൃത്തും സംവിധായകനുമായ നാദിർഷയെയും നീണ്ട ചോദ്യം ചെയ്യലിനുശേഷം പൊലീസ് വിട്ടയച്ചെങ്കിലും കാര്യങ്ങളിൽ വ്യക്തത വന്നിട്ടില്ല. 13 മണിക്കൂറോളം ആലുവ പൊലീസ് ക്ലബിൽ എഡിജിപി ബി. സന്ധ്യയുടെ നേതൃത്വത്തിൽ മൊഴിയെടുക്കൽ നടന്നു. ബുധനാഴ്ച ഉച്ചയ്ക്കു 12.30ന് തുടങ്ങിയ ചോദ്യം ചെയ്യൽ വ്യാഴാഴ്ച പുലർച്ചെ 1.15നാണു അവസാനിച്ചത്. ദിലീപിന്റെയും നാദിര്‍ഷയുടെയും മൊഴി രേഖപ്പെടുത്തി. വിശദമായി ഇരുവരെയും വായിച്ചുകേള്‍പ്പിച്ചു. ദിലീപ് പൊലീസിനോടു കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ വാസ്തവം അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.

Siddique മൊഴി നൽകാനെത്തിയ ദിലീപും നാദിർഷയും 12 മണിക്കൂറുകൾക്കു ശേഷവും പുറത്തുവരാത്തതിനെ തുടർന്നു നടൻ‌ സിദ്ദിഖ് ആലുവ പൊലീസ് ക്ലബിൽ എത്തിയപ്പോൾ.

എല്ലാകാര്യങ്ങളിലും വിശദമായ മൊഴിയെടുത്തെന്നും താൻ വളരെ ആത്മവിശ്വാസത്തിലാണെന്നും പുലർച്ചെ പൊലീസ് ക്ലബിൽനിന്നു പുറത്തിറങ്ങിയ ദിലീപ് മാധ്യമങ്ങളോടു പ്രതികരിച്ചു. ഇന്നു കൊച്ചിയിൽ നടക്കുന്ന 'അമ്മ' ജനറല്‍ ബോഡിയില്‍ പങ്കെടുക്കുമെന്നും ദിലീപ് അറിയിച്ചു. ബുധനാഴ്ച ദിലീപ് ഇല്ലാതെയാണു അമ്മ എക്സിക്യുട്ടീവ് യോഗം ചേർന്നത്. ചെന്നൈയിൽ ആയതിനാൽ നടി രമ്യാ നമ്പീശനും യോഗത്തിൽ പങ്കെടുത്തിരുന്നില്ല. ഇന്നു നടക്കുന്ന അമ്മ വാർഷികയോഗത്തിൽ നടി അക്രമിക്കപ്പെട്ട സംഭവം ചർച്ച ചെയ്യുമെന്നു ഇടവേള ബാബു അറിയിച്ചു. എക്സിക്യുട്ടീവ് യോഗത്തിലും വിഷയം ചർച്ചയായതായി അദ്ദേഹം പറഞ്ഞിരുന്നു.

ബുധനാഴ്ച ഉച്ചയ്ക്ക് 12.30 നാണ് ദിലീപിനെയും നാദിർഷയെയും പൊലീസ് ക്ലബിലേക്കു വിളിച്ചുവരുത്തിയത്. നടിയെ ആക്രമിച്ച കേസിൽ കുടുക്കുമെന്നു ഭീഷണിപ്പെടുത്തി ചിലർ പണംതട്ടാൻ ശ്രമിച്ചെന്ന ദിലീപിന്റെ പരാതിയിൽ മൊഴിയെടുക്കാനാണു വിളിച്ചുവരുത്തിയതെന്നായിരുന്നു ആദ്യവിവരം. പിന്നീടാണു നടിയെ ആക്രമിച്ചതുമായും ഗൂഢാലോചനയുമായി ബന്ധപ്പെട്ടും ചോദ്യം ചെയ്യുകയാണെന്ന സൂചനകൾ പുറത്തുവന്നത്. പുലർച്ചെ ഒന്നേകാലോടെയാണു ദിലീപും നാദിർഷയും ആലുവ പൊലീസ് ക്ലബിനു പുറത്തെത്തിയത്. വിശദമായ മൊഴിയെടുക്കലാണു നടന്നതെന്നു ദിലീപ് പറഞ്ഞു.

Samad മൊഴി നൽകാനെത്തിയ ദിലീപും നാദിർഷയും 12 മണിക്കൂറുകൾക്കു ശേഷവും പുറത്തുവരാത്തതിനെ തുടർന്നു നാദിർഷയുടെ സഹോദരൻ സമദ് ആലുവ പൊലീസ് ക്ലബിൽ എത്തിയപ്പോൾ.

‘പൊലീസ് നല്ല രീതിയിൽ അന്വേഷിക്കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പൊലീസുമായി സംസാരിച്ചു. ചോദ്യം ചെയ്യലല്ല നടന്നത്. വിശദമായ മൊഴിയെടുക്കലാണ്. സത്യം പുറത്തു വരേണ്ടതു തന്റെയും ആവശ്യമാണ്’- ദിലീപ് പറഞ്ഞു. അതേസമയം, ദിലീപിനും നാദിർഷയ്ക്കും ക്ലീൻചിറ്റ് നൽകിയിട്ടില്ലെന്നു പൊലീസ് പറഞ്ഞു. കേസ് അന്വേഷണം തുടരുകയാണ്. ആവശ്യമെങ്കിൽ ഇരുവരെയും വീണ്ടും വിളിപ്പിക്കുമെന്നും ആലുവ റൂറൽ എസ്പി എ.വി. ജോർജ് പറഞ്ഞു.

ദിലീപിനെയും നാദിർഷയെയും 12 മണിക്കൂറുകൾക്കു ശേഷവും വിട്ടയയ്ക്കാത്തതിനെത്തുടർന്നു നടൻ‌ സിദ്ദിഖ് ആലുവ പൊലീസ് ക്ലബിൽ എത്തിയിരുന്നു. അദ്ദേഹത്തിനു പക്ഷേ, ഇരുവരെയും കാണാനായില്ല. ആരും വിളിച്ചിട്ടുവന്നതല്ലെന്നും സഹപ്രവർത്തകൻ എന്ന നിലയ്ക്കു വന്നതാണെന്നും സിദ്ദിഖ് പറഞ്ഞു. രണ്ടോ മൂന്നോ മണിക്കൂറിനുശേഷം മൊഴി നൽകി പുറത്തുവരുമെന്നു കരുതിയ ദിലീപിനെയും നാദിർഷയെയും ഇത്ര നേരമായിട്ടും കാണാത്തതിനെ തുടർന്നാണു എത്തിയതെന്ന് അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. ചോദ്യം ചെയ്യുന്ന ഘട്ടത്തിൽ ഇരുവരെയും കാണാനാവില്ലെന്നു പൊലീസ് അറിയിച്ചതിനെത്തുടർന്നു സിദ്ദിഖ് മടങ്ങി. നാദിർഷയുടെ സഹോദരൻ സമദും പൊലീസ് ക്ലബിൽ സിദ്ദിഖിനൊപ്പം എത്തിയിരുന്നു. സമദിനെ പിന്നീടു ക്ലബിനു അകത്തേക്കു പൊലീസ് കൂട്ടിക്കൊണ്ടുപോയി. ദിലീപിനും നാദിർഷയ്ക്കും ഒപ്പമാണു സമദ് പുറത്തിറങ്ങിയത്.

Dilip മൊഴി നൽകാനെത്തിയ ദിലീപും നാദിർഷയും 13 മണിക്കൂറുകൾ‌ക്കു ശേഷം ആലുവ പൊലീസ് ക്ലബിൽനിന്നു പുറത്തിറങ്ങിയപ്പോൾ.

ദിലീപിനെയും നാദിർഷയെയും ആദ്യം ഒന്നിച്ചിരുത്തിയും രണ്ടാം ഘട്ടത്തിൽ വെവ്വേറെ ഇരുത്തിയുമാണു പൊലീസ് മൊഴിയെടുത്തത്. ബ്ലാക്മെയിൽ, നടിയെ ആക്രമിച്ച കേസ് എന്നിങ്ങനെ രണ്ടു സംഭവത്തിലും മൊഴിയെടുത്തതായാണു വിവരം. ഇരുവരും സഹകരിച്ചെന്നു പൊലീസ് അറിയിച്ചു. ദിലീപ് തനിക്കറിയാവുന്ന നിരവധി കാര്യങ്ങൾ പറഞ്ഞെന്നാണു സൂചന. പൾസർ സുനി പറഞ്ഞതുൾപ്പെടെ നിരവധി കാര്യങ്ങൾ പൊലീസ് ചോദിച്ചറിഞ്ഞെന്നാണു സൂചന. അതേസമയം, മാധ്യമ വിചാരണയ്ക്കു നിന്നുകൊടുക്കാൻ നേരമില്ലെന്നു പൊലീസ് ക്ലബിലേക്കു പോകുംമുൻപു ബുധനാഴ്ച ഉച്ചയ്ക്കു ദിലീപ് പറഞ്ഞു.

‘ഒരു കാര്യം തുറന്നു പറയാം, ആർക്കും വിഷമമൊന്നും തോന്നരുത്, ചിലരുടെ മാധ്യമ വിചാരണയ്ക്കു നിന്നുകൊടുക്കാൻ എനിക്കു നേരമില്ല. എനിക്കു പറയാനുള്ളതു പൊലീസിനോടും കോടതിയോടും ഞാൻ പറഞ്ഞോളാം. എന്നെ പ്രതിയാക്കാൻ ചിലർ ശ്രമം നടത്തുന്നുണ്ട്. അതൊന്നും നടക്കാൻ പോകുന്നില്ല. ഞാനിപ്പോൾ പോകുന്നത് എന്റെ പരാതിയിൽ മൊഴി കൊടുക്കാനാണ്’– ദിലീപ് വ്യക്തമാക്കി.

തന്നെ ബ്ലാക്മെയിൽ ചെയ്യാൻ ശ്രമം നടക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടി രണ്ടു മാസം മുമ്പാണു ദിലീപ് പരാതി നൽകിയത്. എന്നാൽ ഇതുവരെ ദിലീപിന്റെ മൊഴി രേഖപ്പെടുത്താൻ പൊലീസ് തയാറായിരുന്നില്ല. ഇതിൽ താരം കടുത്ത അതൃപ്തി അറിയിച്ചിരുന്നു. അന്നു ഡിജിപി ആയിരുന്ന ലോക്നാഥ് ബെഹ്റയ്ക്ക് നേരിട്ടാണു ദിലീപ് പരാതി നൽകിയത്. കേസിൽ കുടുക്കുമെന്നു ഭീഷണിപ്പെടുത്തി തന്നിൽനിന്നു പണം തട്ടാൻ ശ്രമം നടക്കുന്നുണ്ടെന്നായിരുന്നു ആരോപണം. വിഷ്ണു എന്നയാൾ ഭീഷണിപ്പെടുത്തിയെന്നായിരുന്നു ദിലീപിന്റെ പരാതി. എന്നാൽ വിഷ്ണുവല്ല, പൾസർ സുനി തന്നെയാണു ഫോൺ വിളിച്ചതെന്നു പിന്നീടു കണ്ടെത്തി.

അതിനിടെ, ദിലീപിനെ ഭീഷണിപ്പെടുത്താൻ വിഷ്ണുവിനു പൾസർ സുനി രണ്ടു ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നതായും വെളിപ്പെടുത്തൽ പുറത്തുവന്നു. ഭീഷണിക്കത്ത് കൈമാറുന്നതിനും ഫോൺ വിളിക്കുന്നതിനുമാണു പണം വാഗ്ദാനം ചെയ്തത്. എന്നാൽ പിടിക്കപ്പെടുമെന്നായപ്പോൾ കത്ത് വിഷ്ണു പൊലീസിനു കൈമാറുകയായിരുന്നു. സുനി, ദിലീപിന് എഴുതിയെന്നു കരുതുന്ന കത്ത് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. തനിക്കു തരാമെന്നേറ്റ പണം നൽകണമെന്നും ദിലീപിന്റെ പേരു പറയാൻ പുറത്തുനിന്നു സമ്മർദമുണ്ടെന്നുമായിരുന്നു കത്തിൽ പറഞ്ഞിരുന്നത്.

related stories