Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൂന്നാര്‍ കൈയേറ്റത്തിൽ തീരുമാനമെടുക്കാൻ സർക്കാരിനു കഴിയില്ല: കാനം രാജേന്ദ്രൻ

kanam-rajendran2

കോഴിക്കോട് ∙ ഭൂസംരക്ഷണ നിയമ പ്രകാരമല്ലാതെ മൂന്നാര്‍ കൈയേറ്റവുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാൻ സംസ്ഥാന സര്‍ക്കാരിനു കഴിയില്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു. കോടതിയുള്ള രാജ്യമാണിത്. നിയമം അനുസരിച്ചു മാത്രമേ മുന്നോട്ടുപോകാൻ കഴിയൂ. ഈ വിഷയത്തില്‍ മറ്റു തീരുമാനങ്ങള്‍ നിലനിൽക്കില്ല. മുഖ്യമന്ത്രിക്കായാലും ഏതു മന്ത്രിക്കായാലും ഭരണഘടന അനുസരിച്ചേ പ്രവര്‍ത്തിക്കാനാവൂ എന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.

മൂന്നാര്‍ വിഷയവുമായി ബന്ധപ്പെട്ടു റവന്യൂ സെക്രട്ടറി വിളിച്ചു ചേര്‍ത്ത യോഗം സംബന്ധിച്ചു സിപിഐയ്ക്ക് അറിവില്ല. സിപിഐയെ അറിയിക്കുകയോ റവന്യൂ മന്ത്രിയെ അറിയിക്കുകയോ ചെയ്തിട്ടില്ല. അറിയിക്കാത്ത യോഗമായതിനാലാണു റവന്യൂ മന്ത്രി പങ്കെടുക്കാതിരുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് വിളിച്ചു ചേര്‍ത്ത യോഗത്തെ കുറിച്ചു പാർട്ടിക്കു പരാതിയില്ല. മാധ്യമങ്ങളിലൂടെയല്ലാതെ തങ്ങൾക്ക് ഇക്കാര്യത്തിലുള്ള അഭിപ്രായം മുഖ്യമന്ത്രിയെ അറിയിക്കും. ഇതില്‍ മാധ്യമവിചാരണ നടത്താന്‍ തയാറല്ല. സര്‍ക്കാര്‍ എന്നു പറയുന്നതു സിപിഎം മാത്രമല്ല. എല്ലാവരും ഉള്‍ക്കൊള്ളുന്നതാണ് – കാനം കൂട്ടിച്ചേർത്തു.

ദേവികുളം സബ്കലക്ടറെ സ്ഥലം മാറ്റാത്തതും മറ്റും ഭരണഘടനാപരമായ കാര്യമാണ്. സര്‍ക്കാരിന്റെ നയം നടപ്പാക്കുന്ന ഉദ്യോഗസ്ഥരെ സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. അതാണു മുഖ്യമന്ത്രി ചെയ്തത്. സര്‍ക്കാര്‍ നയം നടപ്പാക്കുന്ന ഉദ്യോഗസ്ഥനെ മാറ്റണമെന്ന ആവശ്യം ഉയർന്നാൽ അതു കേൾക്കേണ്ട ബാധ്യത സര്‍ക്കാരിനില്ല. ഒരു ഉദ്യോഗസ്ഥനോടും പ്രത്യേകിച്ചു സ്‌നേഹമോ വിദ്വേഷമോ പാർട്ടിക്കില്ല. ഉദ്യോഗസ്ഥരെ സംരക്ഷിക്കുകയൊ ദ്രോഹിക്കുകയൊ ചെയ്യുന്ന സമീപനം ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും പാടില്ല. നടിയെ ആക്രമിച്ച സംഭവത്തിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആദ്യഘട്ടത്തിൽ തന്നെ സിപിഐ ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസ് ഈ ഗൂഢാലോചന അന്വേഷിക്കുന്നുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സബ്കലക്ടർ ശ്രീറാം വെങ്കിട്ടരാമനെ മാറ്റണമെന്ന് സിപിഎമ്മിന് അഭിപ്രായമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സിപിഎം ആവശ്യപ്പെട്ടിരുന്നെങ്കിൽ സബ് കലക്ടറെ സർക്കാർ മാറ്റുമായിരുന്നു. സിപിഐയുടെ പരാതി അറിയിച്ചിട്ടില്ല. അങ്ങനെയുണ്ടെങ്കിൽ അത് എൽഡിഎഫ് ചർച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.