Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എൽദോയ്ക്ക് കൊച്ചി മെട്രോയുടെ സ്നേഹോപഹാരം; 2000 രൂപയുടെ സൗജന്യ പാസ്

Elodho-Pass അങ്കമാലി സ്വദേശി എൽദോയ്ക്ക് കൊച്ചി മെട്രോ റെയി‌ൽ ലിമിറ്റഡിന്റെ (കെഎംആർഎൽ) വക 2000 രൂപയുടെ സൗജന്യ യാത്രാ പാസ് സമ്മാനിച്ചപ്പോൾ. (ചിത്രങ്ങൾക്കു കടപ്പാട്: കൊച്ചി മെട്രോ റെയിൽ ഫെയ്സ്ബുക് പേജ്)

കൊച്ചി ∙ തെറ്റിദ്ധാരണയുടെ പേരിൽ സമൂഹമാധ്യമങ്ങളിൽ അപമാനിക്കപ്പെട്ട അങ്കമാലി സ്വദേശി എൽദോയ്ക്ക് കൊച്ചി മെട്രോ റെയി‌ൽ ലിമിറ്റഡിന്റെ (കെഎംആർഎൽ) വക 2000 രൂപയുടെ സൗജന്യ യാത്രാ പാസ്. ഭിന്നശേഷിക്കാരനായ എൽദോ മെട്രോയിൽ യാത്ര ചെയ്യുന്ന ചിത്രം തെറ്റായ അടിക്കുറിപ്പോടെ ചിലർ പ്രചരിപ്പിച്ച സംഭവം ഏറെ വിമർശനത്തിന് ഇടയാക്കിയിരുന്നു. മെട്രോയിൽ ക്ഷീണിതനായി കിടന്ന എൽദോ, മെട്രോയിൽ മദ്യപിച്ച് ഉറങ്ങുന്നുവെന്നായിരുന്നു പ്രചാരണം.

പ്രതിസന്ധികളിൽ തളരാതെ മുന്നോട്ടുനീങ്ങിയ എൽദോയെ സമൂഹമാധ്യമങ്ങളിലെ കള്ളപ്രചാരണം വല്ലാതെ ഉലച്ചിരുന്നു. ഇതിനു പിന്നാലെയാണ് എൽദോയ്ക്ക് കൊച്ചി മെട്രോയുടെ വക 2000 രൂപയുടെ യാത്രാ പാസ് സ്നേഹോപഹാരമായി നൽകിയത്. കൊച്ചി മെട്രോയുടെ പാലാരിവട്ടം സ്റ്റേഷനിൽ നടന്ന ചടങ്ങിൽ കെഎംആർഎൽ എംഡി ഏലിയാസ് ജോർജ് എൽദോയ്ക്ക് യാത്രാ പാസ് സമ്മാനിച്ചു.

എൽദോയെ ഏറെ വേദനിപ്പിച്ച സംഭവത്തിന്റെ നിജസ്ഥിതി ഇങ്ങനെ: സംഭവ ദിവസം നെഞ്ചുവേദനയെ തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന അനുജൻ നോമിയെ കാണാൻ ഭാര്യയ്ക്കും മകൻ ബേസിലിനുമൊപ്പം പോയതാണ് എൽദോ. ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്ന അനുജനെ കണ്ടതോടെ എൽദോയ്ക്കു വിഷമമേറി. അനുജനെ കണ്ടു കരഞ്ഞ എൽദോയെ ബന്ധുക്കൾ നിർബന്ധിച്ചാണു വീട്ടിലേക്കു തിരിച്ചയച്ചത്. 11 മണിയോടെ പാലാരിവട്ടത്ത് എത്തിയപ്പോൾ മകൻ ബേസിലാണു മെട്രോയിൽ കയറണമെന്നു പറഞ്ഞത്.

ബസിൽ നിന്നിറങ്ങിയ എൽദോയും കുടുംബവും ആലുവയിലേക്കു പോകുന്നതിനു മെട്രോയിൽ കയറി. അനുജന്റെ അവസ്ഥ കണ്ടുള്ള വിഷമവും പനിയും എൽദോയെ ക്ഷീണിതനാക്കിയിരുന്നു. മെട്രോയിൽ കയറിയപാടെ സീറ്റിൽ കിടന്നു. എൽദോ സീറ്റിൽ കിടക്കുന്ന ചിത്രവും മദ്യപനാക്കിക്കൊണ്ടുള്ള അടിക്കുറിപ്പും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു.