Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുരീപ്പുഴ ബോട്ട് യാഡിൽ കെട്ടിയിട്ടിരുന്ന മീൻപിടിത്ത ബോട്ട് കത്തിനശിച്ചു

Boat-Fire തൃക്കടവൂർ കുരീപ്പുഴ ബോട്ട് യാഡിനു സമീപം അഷ്ടമുടിക്കായലിൽ കെട്ടിയിട്ടിരുന്ന മീൻപിടിത്ത ബോട്ടിനു തീ പിടിച്ചപ്പോൾ.

അഞ്ചാലുംമൂട് ∙ ട്രോളിങ് നിരോധനത്തെ തുടർന്നു തൃക്കടവൂർ കുരീപ്പുഴ ബോട്ട് യാഡിനു സമീപം അഷ്ടമുടിക്കായലിൽ കെട്ടിയിട്ടിരുന്ന മീൻപിടിത്ത ബോട്ട് കത്തിനശിച്ചു. അപകടത്തിന്റെ കാരണം വ്യക്തമല്ല. ശക്തികുളങ്ങര കാവള്ളയിൽ വില്യം ബഞ്ചമിന്റെ കാൽവിൻ എന്ന ബോട്ടാണ് ഞായറാഴ്ച ഉച്ചയ്ക്കു രണ്ടേമുക്കാലോടെ കത്തിയത്.

കുരീപ്പുഴയിലെ പ്രകാശ് ബോട്ട് യാഡിനു സമീപത്തായി മറ്റു നിരവധി ബോട്ടുകൾക്കൊപ്പം കെട്ടിയിട്ടിരുന്നതാണു കത്തിനശിച്ച ബോട്ടും. സംഭവസമയത്തു ഉടമസ്ഥർ ബോട്ട് യാഡിലുണ്ടായിരുന്നു. കായലിൽ നിന്നു ശക്തമായ പുക ഉയരുന്നതു കണ്ടതോടെയാണു ബോട്ടിനു തീപിടിച്ചതായി അറിഞ്ഞത്. ഓടിയെത്തിയ നാട്ടുകാരും തൊഴിലാളികളും ചേർന്ന് ഈ ബോട്ടിന്റെ കെട്ടഴിച്ചുവിട്ടു.

കാറ്റിന്റെ ഗതിയിൽ മുന്നോട്ടുപോയ ബോട്ട് കുറച്ചു മുന്നിലായി കെട്ടിയിട്ടിരുന്ന ഇവരുടെ തന്നെ മറ്റൊരു ബോട്ടിൽ തട്ടിനിന്നു. ഇതോടെ ആ ബോട്ടിന്റെ വശങ്ങളിലേക്കും ചെറിയതോതിൽ തീ പടർന്നു. ഇതോടെ നാട്ടുകാരും തൊഴിലാളികളും മറ്റൊരു ബോട്ടുമായെത്തി തീപിടിച്ച ബോട്ടിനെ കെട്ടിവലിച്ചു കായലിനു നടുവിലേക്കു മാറ്റി.

ബോട്ടിന്റെ എ‍ൻജിൻ ഭാഗത്താണ് ആദ്യം തീ പടർന്നത്. തുടർന്നു ഡെക്കിലേക്കും കാബിനിലേക്കും മീൻ ഫ്രീസ് ചെയ്തു സൂക്ഷിക്കുന്നിടത്തേക്കും തീ പടർന്നു. സംഭവസമയത്ത് 800 ലീറ്റർ ഡീസൽ ബോട്ടിൽ സ്റ്റോക്കുണ്ടായിരുന്നു. തീ പെട്ടെന്നു തന്നെ ഡീസൽ ടാങ്കിന്റെ ഭാഗത്താണു വ്യാപിച്ചത്. തീ പടർന്നു രണ്ടു ഡീസൽ ടാങ്കുകളും ഗ്യാസ് സിലിണ്ടറുകളും വൻ ശബ്ദത്തോടെ തീഗോളമായി പൊട്ടിത്തെറിച്ചു. കൊല്ലത്തുനിന്ന് അഗ്നിശമനസേന എത്തിയെങ്കിലും തീ നിയന്ത്രണാതീതമായതിനാൽ അവർക്കും തുടക്കത്തിൽ ഒന്നുംചെയ്യാനായില്ല. ജങ്കാറിൽ ബോട്ടിനു കുറച്ചു ദൂരയെത്തി വെള്ളമടിച്ചു തീകെടുത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

ഈ സമയത്ത് ശക്തമായി മഴ പെയ്തെങ്കിലും തീ ആളിപ്പടർന്നതല്ലാതെ അണഞ്ഞില്ല. ഇടയ്ക്കിടെ ബോട്ടിന്റെ ഭാഗങ്ങൾ പൊട്ടിത്തെറിക്കുന്നതും രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു. ഒന്നര മണിക്കൂറിനുശേഷം ബോട്ടിനുൾവശം പൂർണമായും കത്തി തീയുടെ ശക്തി കുറഞ്ഞപ്പോൾ അഗ്നിശമനസേന മറ്റൊരു ബോട്ടിൽ സമീപമെത്തി വെള്ളവും ഫോമും ഉപയോഗിച്ച് മണിക്കൂറുകൾ പ്രയത്നിച്ചാണു തീ കെടുത്തിയത്.

കടപ്പാക്കട, ചാമക്കട, കുണ്ടറ, ചവറ ഫയർ സ്റ്റേഷനുകളിൽനിന്ന് അഞ്ചു ഫയർ യൂണിറ്റുകളും അഞ്ചാലുംമൂട് പൊലീസും സ്ഥലത്തെത്തിയിരുന്നു. 75 ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നു. ബോട്ടിന് ഇൻഷുറൻസ് എടുത്തിട്ടില്ല.

related stories