Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അന്വേഷണം ശരിയായ ദിശയിൽ; അറസ്റ്റിനുള്ള സാധ്യത തള്ളാതെ ഡിജിപി

loknath-behera

തിരുവനന്തപുരം ∙ യുവനടിയെ തട്ടിക്കൊണ്ടുപോയി അതിക്രമം കാണിച്ച കേസില്‍ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന് സൂചിപ്പിച്ച് ഡിജിപി ലോക്നാഥ് ബെഹ്റ. കസ്റ്റഡിയിലെടുക്കലും അറസ്റ്റും അന്വേഷണത്തിന്റെ ഭാഗമാണെന്ന് ബെഹ്റ മനോരമ ന്യൂസിനോട് പറഞ്ഞു. അന്വേഷണം ശരിയായ ദിശയിലാണ് പുരോഗമിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കിടയില്‍ കൃത്യമായ ഏകോപനമുണ്ടെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ ശക്തമാണ്. പൊലീസ് ആസ്ഥാനത്ത് ഞായറാഴ്ച ഡിജിപി ലോക്നാഥ് ബെഹ്റയുടെ നേതൃത്വത്തിൽ അന്വേഷണ സംഘത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ നിർണായക യോഗം ചേർന്ന ശേഷമാണ് ഈ നീക്കം. ഇതുവരെ ലഭിച്ച തെളിവുകൾ കോർത്തിണക്കാൻ അന്വേഷണ സംഘത്തിനു കഴിഞ്ഞതോടെയാണു പൊലീസിന്റെ ഈ നടപടി. അന്വേഷണത്തിന് നേതൃത്വം നൽകുന്ന െഎജി ദിനേന്ദ്ര കശ്യപ്, മേൽനോട്ടം വഹിക്കുന്ന എഡിജിപി ബി.സന്ധ്യ തുടങ്ങിയവർ പങ്കെടുത്ത യോഗത്തിലാണ് അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്കു കടക്കാൻ തീരുമാനിച്ചത്.

നടിയെ ഉപദ്രവിച്ച കേസിന്റെ അന്വേഷണം എത്രയും വേഗം പൂർത്തിയാക്കണമെന്നു ഡിജിപി ലോക്നാഥ് ബെഹ്റ അന്വേഷണ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. െഎജി ദിനേന്ദ്ര കശ്യപ് കൊച്ചിയിൽത്തന്നെ തുടർന്ന് അന്വേഷണത്തിനു നേതൃത്വം നൽകണമെന്നും ഡിജിപി നിർദേശം നൽകി. അന്വേഷണത്തിൽ ഏകോപനമില്ലെന്ന മുൻ ഡിജിപി ടി.പി.സെൻകുമാറിന്റെ വിമർശനം ശരിവച്ചാണു ബെഹ്റയുടെ നിർദേശം. അന്വേഷണത്തിനു കൃത്യമായ ഏകോപനം ഉണ്ടാകണമെന്നും ഡിജിപി നിർദേശം നൽകിയിട്ടുണ്ട്.

മുഖ്യപ്രതി സുനിൽകുമാർ എന്ന പൾസർ സുനിയുടെ മൊഴിമാറ്റങ്ങളാണു കേസിൽ വഴിത്തിരിവുണ്ടാക്കിയതെന്നാണ് വിവരം. അറസ്റ്റിലായ ഘട്ടത്തിൽ പണത്തിനു വേണ്ടി സ്വയം ചെയ്ത കുറ്റമെന്നു സമ്മതിച്ച പ്രതി സുനിൽ രണ്ടു മാസം മുൻപാണു ഗൂഢാലോചന സംബന്ധിച്ച വെളിപ്പെടുത്തൽ ആദ്യം നടത്തിയത്. ആദ്യഘട്ടത്തിൽ സുനിലിന്റെ മൊഴി പൊലീസ് മുഖവിലയ്ക്കെടുത്തില്ല. എന്നാൽ, മൊഴികൾ സാധൂകരിക്കുന്ന തെളിവുകൾ പുറത്തു വരാൻ തുടങ്ങിയതോടെ അന്വേഷണ സംഘം നടൻ ദിലീപ്, സംവിധായകൻ നാദിർഷാ, ദിലീപിന്റെ സഹായി അപ്പുണ്ണി എന്നിവരെ ചോദ്യം ചെയ്തു.

തുടർന്നു നടി കാവ്യ മാധവന്റെ വസ്ത്ര വ്യാപാര സ്ഥാപനത്തിലും പരിശോധന നടത്തി. സുനിലിന്റെ മൊഴിയനുസരിച്ചാണിതെന്നു പൊലീസ് സൂചിപ്പിച്ചു. ദിലീ​പ് നായകനായി പുറത്തിറങ്ങിയ അവസാന ചിത്രം ‘ജോർജേട്ടൻസ് പൂര​’ ത്തി​ന്റെ ലൊക്കേഷനിൽ സുനിൽകുമാർ എത്തിയതിന്റെ തെളിവുകളും ലഭിച്ചതോടെ കൂടുതൽ നടപടികളിലേക്കു പൊലീസ് നീങ്ങുകയാണ്.