Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉപാധികൾ പാലിക്കാൻ ഖത്തറിന് അനുവദിച്ച സമയപരിധി 48 മണിക്കൂർ നീട്ടി

qatar

ദുബായ് / ദോഹ ∙ ഖത്തറിനെതിരെയുള്ള നടപടികൾ പിൻവലിക്കാൻ സൗദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ മുന്നോട്ടുവച്ച 13 ഉപാധികൾ പാലിക്കാനുള്ള സമയപരിധി രണ്ടു ദിവസത്തേക്കു നീട്ടി. സൗദിക്കു പുറമെ യുഎഇ, ബഹ്റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾ അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ഇതു 48 മണിക്കൂർ കൂടി നീട്ടാനുള്ള തീരുമാനം. അതേസമയം, ഉപാധികളെല്ലാം ഖത്തർ തള്ളിയെങ്കിലും ചർച്ചയ്ക്കു തയാറാണെന്നു അവർ വ്യക്തമാക്കിയിട്ടുണ്ട്.

മധ്യസ്ഥശ്രമങ്ങളുമായി രംഗത്തുള്ള കുവൈത്ത് അമീർ ഷെയ്ഖ് സബാഹിന്റെ അഭ്യർഥന പ്രകാരമാണ് ഉപാധികൾ പാലിക്കാനുള്ള സമയപരിധി സൗദിയും സംഘവും നീട്ടിയതെന്നാണ് സൂചന. ഷെയ്ഖ് സബാഹുമായി ചർച്ച നടത്താൻ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി ഇന്നു കുവൈത്തിൽ എത്തുമെന്നാണു വിവരം. ഉപാധികൾ പാലിക്കാനുള്ള സമയപരിധി അവസാന മണിക്കൂറികളിലേക്കു കടക്കവെ, കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനുള്ള നീക്കങ്ങളുമായി ഷെയ്ഖ് സബാഹ് രംഗത്തുണ്ട്.

അതേസമയം, 48 മണിക്കൂറിനുശേഷവും ഉപാധികൾ പാലിക്കാൻ ഖത്തർ തയാറാകുന്നില്ലെങ്കിൽ എന്തു നടപടി സ്വീകരിക്കണമെന്ന് തീരുമാനിക്കാൻ ഉപരോധം ഏർപ്പെടുത്തിയ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ ബുധനാഴ്ച കൂടിക്കാഴ്ച നടത്തും. സൗദി അറേബ്യ, യുഎഇ, ബഹ്റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരാണ് കൂടിക്കാഴ്ച നടത്തുന്നത്.

ഖത്തർ നയങ്ങളിൽ മാറ്റം വരുത്തണമെന്ന ആവശ്യം ബഹ്റൈൻ ഭരണാധികാരി ഹമദ് ബിൻ ഈസ അൽ ഖലീഫ രാജാവ് ആവർത്തിച്ചു. ഹമദ് രാജാവുമായും ഖത്തർ അമീറുമായും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ഫോണിൽ ചർച്ച നടത്തി. കഴിഞ്ഞ മാസം അഞ്ചിനാണു സൗദി അറേബ്യയും മറ്റു രാജ്യങ്ങളും ഖത്തറുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിച്ചത്.