Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആധാറുമായി ബിഎസ്എൻഎൽ നമ്പറുകൾ ബന്ധിപ്പിക്കുന്ന നടപടിക്കു തുടക്കം

Mobile

കൊല്ലം ∙ ബിഎസ്എൻഎൽ മൊബൈൽ ഫോണ്‍ നമ്പറുകൾ ആധാറുമായി ബന്ധിപ്പിക്കുന്ന നടപടികൾക്കു തുടക്കം. ആദ്യഘട്ടത്തിൽ കോർപറേറ്റ് കണക്‌ഷനുകൾ അല്ലാത്ത പോസ്റ്റ് പെയ്ഡ്, പ്രീപെയ്ഡ് കണക്‌ഷനുകളാണ് ആധാറുമായി ബന്ധിപ്പിക്കുന്നത്. ബിഎസ്എൻഎൽ കസ്റ്റ്മർ സർവീസ് സെന്ററുകളിലും അംഗീകൃത ഏജൻസികളിലും റീവേരിഫിക്കേഷൻ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നു ബിഎസ്എൻഎൽ കേരള സർക്കിൾ ചീഫ് ജനറൽ മാനേജർ ഡോ.പി.ടി.മാത്യു പറഞ്ഞു.

ആധാർ നമ്പറിനൊപ്പം ബന്ധിപ്പിക്കേണ്ട മൊബൈല്‍ ഫോണും കൈവശം ഉണ്ടായിരിക്കണം. ആധാർ ലിങ്ക് ചെയ്യുന്ന സമയത്തു സ്ഥിരീകരിക്കുന്നതിനായി ഒരു ഒറ്റത്തവണ പാസ്‌വേർഡ് (ഒടിപി) ഈ മൊബൈൽ നമ്പറിലേക്ക് എത്തും. ഞായറാഴ്ചകളിലും പ്രധാനപ്പെട്ട കസ്റ്റമര്‍ കെയർ സെന്ററുകളിൽ ഈ സേവനം ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്.

2018 ജനുവരി 31നകം മൊബൈല്‍ ഫോൺ നമ്പറുകൾ ആധാറുമായി ബന്ധിപ്പിക്കാനാണു കേന്ദ്രസർക്കാർ നൽകിയിരിക്കുന്ന നിർദേശം. പുതിയ മൊബൈല്‍ കണക്‌ഷനുകൾ ആധാർ അടിസ്ഥാന തിരിച്ചറിയൽ രേഖയാക്കിയാണു ബിഎസ്എൻഎൽ ഇപ്പോൾ നൽകുന്നത്. കോർപറേറ്റ് കണക്‌ഷനുകളുടെ കാര്യത്തിൽ തീരുമാനം ആയിട്ടില്ലെന്നും ഇതു പിന്നീട് അറിയിക്കുമെന്നും അധികൃതർ പറഞ്ഞു.