Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അ‌ത്‌ലറ്റിക്സിൽ ചൈനയെ മലർത്തിയടിച്ച് ഇന്ത്യ ഏഷ്യൻ സുൽത്താൻ

Indian Team ഏഷ്യൻ അത്‍ലറ്റിക് ചാംപ്യൻഷിപ്പിലെ കന്നിക്കിരീടവുമായി ഇന്ത്യൻ ടീം. ചിത്രം: സമീർ എ. ഹമീദ്

ഭുവനേശ്വർ ∙ കരുത്തരായ ചൈനയെ മലർത്തിയടിച്ച് ഏഷ്യൻ അത്‍ലറ്റിക് ചാംപ്യൻഷിപ്പിൽ ഇന്ത്യയ്ക്കു കന്നിക്കിരീടം. സ്വന്തം മണ്ണിലെ ഏഷ്യൻ ചാംപ്യൻഷിപ്പിൽ 12 സ്വർണമുൾപ്പെടെയാണ് ഇന്ത്യയുടെ പടയോട്ടം. 12 സ്വർണം, അഞ്ച് വെള്ളി, 12 വെങ്കലം എന്നിവയുൾപ്പെടെ 29 മെഡലുകളുമായാണ് ഇന്ത്യയുടെ കിരീടധാരണം. ഏഷ്യൻ അത്‍ലറ്റിക് മീറ്റിന്റെ ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനമാണിത്. ആറു തവണ ഇന്ത്യ രണ്ടാം സ്ഥാനത്ത് എത്തിയിട്ടുണ്ട്.

Lakshman-Gold ഏഷ്യൻ അത്‍ലറ്റിക്സ് മീറ്റിൽ പുരുഷവിഭാഗം 10,000 മീറ്ററിൽ സ്വർണം നേടിയ ജി. ലക്ഷ്ണൻ. 5,000 മീറ്ററിലും ജി. ലക്ഷ്മണൻ സ്വർണം നേടിയിരുന്നു. (ഫയൽ ചിത്രം)

എട്ട് സ്വർണവും ഏഴു വെള്ളിയും നാലു വെങ്കലവുമുൾപ്പെടെ 19 മെഡലുകൾ നേടിയ ചൈനയാണ് രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ 17 തവണയും ചൈനയായിരുന്നു ഏഷ്യൻ മീറ്റിലെ ജേതാക്കൾ. ആദ്യ നാലു മീറ്റുകളിൽ ജപ്പാനും ഒന്നാമതെത്തിയിട്ടുണ്ട്. ഏഴു സ്വർണമുള്‍പ്പെടെ 20 മെഡലുകളുമായി ട്രാക്കിലിറങ്ങിയ ഇന്ത്യ, അവസാന ദിനത്തിൽ അ‍ഞ്ചു സ്വർണമുൾപ്പെടെ ഒൻപതു മെഡലുകൾ കൂടി നേടിയാണ് ചരിത്രവിജയം സ്വന്തമാക്കിയത്. ജി.ലക്ഷ്മണൻ, സ്വപ്ന ബർമൻ, നീരജ് ചോപ്ര, 4x400 മീറ്റർ റിലേയിൽ പുരുഷ, വനിതാ ടീമുകൾ എന്നിവരാണ് അവസാന ദിനത്തിൽ സ്വർണം നേടിയത്.

jinson-11 ഏഷ്യൻ അത്‍ലറ്റിക്സ് മീറ്റിൽ പുരുഷവിഭാഗം 800 മീറ്ററിൽ വെങ്കലം നേടിയ മലയാളി താരം ജിൻസൺ ജോൺസൻ. (ഫയൽ ചിത്രം)

5,000 മീറ്ററിൽ സ്വർണം നേടിയ ജി.ലക്ഷ്മണൻ, 10,000 മീറ്ററിലും സുവർണനേട്ടം ആവർത്തിച്ച് മീറ്റിൽ ‍ഡബിൾ തികച്ചു. ഈ വിഭാഗത്തിൽ വയനാട്ടുകാരൻ ടി. ഗോപിയ്ക്കാണ് വെള്ളി. 4x400 മീറ്റർ റിലേയിൽ പുരുഷ, വനിതാ ടീമുകൾ സ്വർണം നേടി. മുഹമ്മദ് അനസ്, അമോജ് ജേക്കബ്, കുഞ്ഞുമുഹമ്മദ്, ആരോക്യ രാജീവ് എന്നിവരാണ് പുരുഷവിഭാഗത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചത്. ഇന്ത്യ മെഡൽ ഉറപ്പിച്ചിരുന്ന ജാവലിൻ ത്രോയിൽ പ്രതീക്ഷകൾ ശരിവച്ച് നീരജ് ചോപ്ര സ്വർണം എറിഞ്ഞിട്ടു. 85.23 മീറ്റർ ദൂരത്തേക്ക് ജാവലിൻ പായിച്ചാണ് നീരജ് സുവർണനേട്ടം സ്വന്തമാക്കിയത്. ഇതേയിനത്തിൽ ഇന്ത്യയുടെ തന്നെ ദവീന്ദർ സിങ് വെങ്കലം നേടി.

ഹെപ്റ്റാത്തലണിൽ സ്വപ്ന ബർമൻ സ്വർണവും പൂർണിമ ഹെമ്പ്രാം വെങ്കലവും കരസ്ഥമാക്കി. പുരുഷവിഭാഗം 800 മീറ്ററിൽ മലയാളി താരം ജിൻസൺ ജോൺസനും വെങ്കലം നേടി. അതിനിടെ, 800 മീറ്ററിൽ സ്വർണം നേടിയ അർച്ചന അധവിനെ അയോഗ്യയാക്കിയാക്കിയത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. ഫിനിഷ് ചെയ്യുന്നതിനിടെ ശ്രീലങ്കൻ താരത്തെ തടസ്സപ്പെടുത്തിയതിനാണ് അർച്ചനയെ അയോഗ്യയാക്കിയത്.

മൽസരം പൂർത്തിയാക്കാതെ ടിന്റു പിന്മാറി

അതേസമയം, വനിതകളുടെ 800 മീറ്ററിൽ മെഡൽ പ്രതീക്ഷയായിരുന്ന മലയാളി താരം ടിന്റു ലൂക്ക മൽസരം പൂർത്തിയാക്കാതെ പിന്മാറി. 500 മീറ്റർ കഴിഞ്ഞപ്പോഴാണു ടിന്റു പിൻമാറിയത്. ഒരു മിനിട്ട് 50.07 സെക്കൻഡിൽ ഓടിയെത്തിയാണ് ജിൻസൺ വെങ്കലം സ്വന്തമാക്കിയത്.

കഴിഞ്ഞദിവസം ഇന്ത്യയ്ക്കായി 3,000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ സുധ സിങ് സ്വർണം നേടി. വനിതാ 400 മീറ്റർ ഹർഡിൽസിൽ ആർ. അനു വെള്ളിയും പുരുഷവിഭാഗത്തിൽ എം.പി.ജാബിർ വെങ്കലവും നേടി. മെർലിൻ കെ.ജോസഫ് ഉൾപ്പെട്ട 4–100 മീറ്റർ റിലേ ടീമിനും വെങ്കലം. ദ്യുതി ചന്ദ്, ഹിമശ്രീ റോയ്, ശ്രാബനി നന്ദ എന്നിവർകൂടി ഉൾപ്പെട്ട ഇന്ത്യൻ ടീം 44.57 സെക്കൻഡിലാണു വെങ്കലത്തിലെത്തിയത്.