Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭീകരാക്രമണത്തിനിടെ മറ്റു തീർഥാടകരെ രക്ഷിച്ചത് ഡ്രൈവർ സലീമിന്റെ ധൈര്യം

salim സലീം

ന്യൂഡൽഹി ∙ ഭീകരരുടെ ആക്രമണത്തിനിടയിലും അമർനാഥ് തീർഥാടകരെ കൂടുതൽ അപകടത്തിൽനിന്നു രക്ഷിച്ചത് സലീം എന്ന ബസ് ഡ്രൈവറുടെ ആത്മധൈര്യം. ജമ്മു കശ്മീരിലെ അനന്ത്നാഗിൽവച്ച് ബസിനു നേരെ ആക്രമണം ഉണ്ടായപ്പോൾ സലിം ഇടപെട്ടില്ലായിരുന്നുവെങ്കിൽ കൂടുതൽ ജീവനുകൾ നഷ്ടമായേനേ.

Amarnath army അമർനാഥ് തീർഥയാത്രയ്ക്ക് സുരക്ഷയൊരുക്കുന്ന ഇന്ത്യൻ സൈനികൻ.

56 തീർഥാടകരുമായി പോയ ബസിനുനേരെയാണ് തിങ്കളാഴ്ച രാത്രി ആക്രമണം ഉണ്ടായത്. വെടിവയ്പ്പ് ഉണ്ടായപ്പോൾ സലീം ബസ് നിർത്താതെ മുന്നോട്ട് പോയതിനാലാണ് മറ്റു തീർഥാടകരുടെ ജീവൻ അപകടത്തിൽപ്പെടാതെ രക്ഷപ്പെട്ടതെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി പറഞ്ഞു.

Vijay Rupani meeting with the Amarnath pilgrims

ഗുജറാത്തിൽ നിന്നുള്ള തീർഥാടകർ സഞ്ചരിച്ച ബസിനുനേരെയാണ് ആക്രമണം ഉണ്ടായത്. ഏഴുപേർക്ക് ഭീകരാക്രമണത്തിൽ ജീവൻ നഷ്ടമാവുകയും 19 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. എന്നാൽ, ശക്തമായ വെടിവയ്പ്പിനിടെയും ബസ് നിർത്താതെ മുന്നോട്ടു പോയ ഡ്രൈവർ നിരവധി പേരുടെ ജീവനാണ് രക്ഷിച്ചത്. ധീരതയ്ക്കുള്ള അവാർഡിനായി സലീമിന്റെ പേര് ഗുജറാത്ത് സർക്കാർ കേന്ദ്രത്തിന് നിർദേശിക്കുമെന്നും രൂപാനി പറഞ്ഞു.

ശക്തമായ വെടിവയ്പ്പിനിടെയും മുന്നോട്ടുപോകാൻ ധൈര്യം തന്നത് ദൈവമാണ് ഡ്രൈവർ സലീം പ്രതികരിച്ചു. എല്ലാ ഭാഗത്തുനിന്നും ശക്തമായ വെടിവയ്പ്പാണ് ഉണ്ടായത്. ഞാൻ വാഹനം നിർത്താതെ മുന്നോട്ടുപോയി. ദൈവമാണ് അതിനുള്ള ശക്തി നൽകിയത്–സലീം മാധ്യമങ്ങളോട് പറഞ്ഞു.