Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അട്ടപ്പാടിയിൽ കുടുംബശ്രീ ലേബർ ബാങ്കിന് സർക്കാർ അനുമതി

kudumbasree-logo

തിരുവനന്തപുരം∙ അട്ടപ്പാടിയിൽ ആദിവാസി മേഖലയിലെ യുവതീ - യുവാക്കളെ ഉൾപ്പെടുത്തി കുടുംബശ്രീ രൂപീകരിച്ച ലേബർ ബാങ്കിനു സർക്കാർ അംഗീകാരം ലഭിച്ചു. തദ്ദേശസ്വയംഭരണ വകുപ്പിന്റെ ഉത്തരവ് പ്രകാരമാണ് ലേബർ ബാങ്കിന് അംഗീകാരം ലഭിച്ചത്. വിവിധ തൊഴിൽ മേഖലകളിൽ പ്രവർത്തിച്ചു പ്രായോഗിക വൈദഗ്ധ്യം നേടിയവരെയാണു പ്രസ്തുത ബാങ്കിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. അട്ടപ്പാടിയിൽ സർക്കാരിന്റെ വിവിധ വകുപ്പുകളിൽ നടക്കുന്ന പ്രവർത്തനങ്ങൾക്ക് ഇനിമുതൽ ലേബർ ബാങ്കിൽനിന്നു തൊഴിൽ പരിചയമുള്ളവരെയായിരിക്കും പരിഗണിക്കുക.

ആദിവാസി മേഖലയിലെ തൊഴിലാളികളുടെ വ്യക്തിത്വ വികസനം, തൊഴിൽ സുസ്ഥിരത, ആത്മവിശ്വാസം വളർത്തുക, തൊഴിലാളികളെ ലഹരിവിമുക്തമാക്കുക, ആത്മഹത്യാനിരക്കു കുറയ്ക്കുക, പ്രാവീണ്യം നേടിയ മേഖലയിൽ തന്നെ തൊഴിൽ ലഭ്യത ഉറപ്പുവരുത്തുക, അതത് പ്രദേശങ്ങളിലെ തൊഴിലാളികൾക്ക് പരമാവധി ജോലിലഭ്യത ഉറപ്പാക്കുക എന്നിവയാണ് ലേബർ ബാങ്ക് ലക്ഷ്യമിടുന്നത്.

വൈദഗ്ധ്യം നേടിയ 1214 പേരുടെ വിവരങ്ങളാണ് ഇതുവരെ ശേഖരിച്ചിട്ടുള്ളത്. വയസ്, വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിങ്ങനെ തരംതിരിച്ചാണു പട്ടിക തയാറാക്കിയിട്ടുള്ളത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും മറ്റു സർക്കാർ വകുപ്പുകളിലും നടപ്പാക്കിവരുന്ന പ്രവർത്തനങ്ങളിൽ ഇവരെ വിനിയോഗിക്കും. ഇത് സർക്കാരിന്റെ വേതന വ്യവസ്ഥയ്ക്ക് വിധേയമായിരിക്കും. പ്രാരംഭ ഘട്ടത്തിൽ അട്ടപ്പാടി മണ്ണാർക്കാട് ബ്ലോക്ക് പരിധിയിലും തദ്ദേശഭരണ സ്ഥാപനങ്ങളിലും തുടങ്ങുന്ന ലേബർ ബാങ്ക് മറ്റു മേഖലകളിലേക്കും മാതൃകാപരമായി വ്യാപിപ്പിക്കും. കൂടുതൽ വിവരങ്ങൾക്ക് www.kudumbashree.org സന്ദർശിക്കുക.

related stories