Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കയ്യേറ്റം കണ്ടെത്താൻ ശ്രീറാമിനെ സഹായിച്ച നാല് ഉദ്യോഗസ്ഥർക്കു സ്ഥലംമാറ്റം

sreeram venkitaraman

തൊടുപുഴ∙ വി. ശ്രീറാം സ്ഥാനമൊഴിയുന്ന ദിവസം ദേവികുളം സബ്കലക്ടർ ഓഫിസിലെ നാല് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. മൂന്നാർ മേഖലയിൽ കയ്യേറ്റമൊഴിപ്പിക്കലിനും കയ്യേറ്റങ്ങൾ കണ്ടെത്തുന്നതിനും നിയോഗിക്കപ്പെട്ട ഹെഡ് ക്ലാർക്ക് ജി. ബാലചന്ദ്രൻപിള്ള, പി.കെ. ഷിജു, പി.കെ. സോമൻ, ആർ.കെ. സിജു എന്നിവരെയാണു സ്ഥലം മാറ്റിയത്. ബാലചന്ദ്രൻ പിള്ളയെ കാഞ്ചിയാർ വില്ലേജ് ഓഫിസറായും പി.കെ. ഷിജുവിനെ ദേവികുളം താലൂക്ക് ഓഫിസിലേക്കും പി.കെ. സോമനെ രാജകുമാരി ഭൂപതിവ് ഓഫിസിലേക്കും ആർ.കെ. സിജുവിനെ നെടുങ്കണ്ടം സർവേ സൂപ്രണ്ട് ഓഫിസിലേക്കുമാണു മാറ്റിയത്.

വി. ശ്രീറാമിനെ എംപ്ലോയ്മെന്റ് ആൻഡ് ട്രെയിനിങ് ഡയറക്ടറായി മാറ്റിയ ദിവസം തന്നെ ദേവികുളം സബ് കലക്ടറുടെ ഓഫിസിലെ മുഴുവൻ ഉദ്യോഗസ്ഥരെയും മാറ്റാൻ നീക്കം ആരംഭിച്ചു. സബ്കലക്ടറുടെ ഓഫിസിൽ പ്രവർത്തിക്കുന്ന മുഴുവൻ ഉദ്യോഗസ്ഥരുടെയും പേരുവിവരങ്ങൾ റവന്യുവകുപ്പ് ശേഖരിച്ചിരുന്നു. 12 ഉദ്യോഗസ്ഥരാണ് ഓഫിസിലുള്ളത്. ഇവരെ കൂട്ടത്തോടെ മാറ്റി പകരം പുതിയ ഉദ്യോഗസ്ഥരെ നിയമിക്കാനാണ് റവന്യുവകുപ്പിലെ ഉന്നതങ്ങളിലെ നീക്കമെന്നാണു സൂചന.

കയ്യേറ്റമൊഴിപ്പിക്കൽ നടപടി അട്ടിമറിക്കുന്നതിന്റെ ഭാഗമാണ് റവന്യൂ വകുപ്പിന്റെ നടപടി. മൂന്നാറിലെ കയ്യേറ്റ മാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച സബ് കലക്ടർ ശ്രീറാം വെങ്കിട്ടരാമന്റെ സ്ക്വാഡിലെ വിശ്വസ്തർക്കാണു സ്ഥലം മാറ്റം. ശ്രീറാം വെങ്കിട്ടരാമൻ ഔദ്യോഗിക ചുമതലകൾ ഒഴിഞ്ഞതിനു തൊട്ടുപിന്നാലെയാണു സ്ക്വാഡിലെ മറ്റു നാലു പേർക്കെതിരെയുള്ള നടപടി. കൊട്ടക്കാമ്പൂർ, പാപ്പാത്തിച്ചോല, സിപിഐ ഓഫിസിനു സമീപത്തെ ലവ് ഡെയ്‌ൽ റിസോർട്ട് ഉൾപ്പെടെയുള്ള കയ്യേറ്റങ്ങൾ കണ്ടെത്താൻ സഹായകമായത് ഈ ഉദ്യോഗസ്ഥരുടെ പ്രവർത്തനമാണ്. സിപിഎമ്മിന് പുറമെ പ്രാദേശിക സിപിഐ നേതൃത്വത്തിന്റെ സമ്മർദ്ദത്തിന്റെ ഫലമാണ് ഈ ഉദ്യോഗസ്ഥരുടെ സ്്ഥലംമാറ്റം.