Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശശികലയ്ക്ക് ജയിലിൽ സുഖവാസം ഒരുക്കാൻ രണ്ടുകോടി കൈക്കൂലി

Sasikala

ബെംഗളൂരു∙ പാരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന അണ്ണാ ഡിഎംകെ നേതാവ് ശശികലയ്ക്ക് സ്വകാര്യ അടുക്കള ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് പ്രിസൺ ഡിഐജിയുടെ റിപ്പോർട്ട്‌. ജയിലിലെ ഉന്നത ഉദ്യോഗസ്ഥർ രണ്ടു കോടി രൂപ കൈക്കൂലി വാങ്ങിയാണു സൗകര്യങ്ങൾ ഒരുക്കിനൽകിയതെന്നും ആഭ്യന്തരവകുപ്പിനു സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

പ്രിസൺ ഡിഐജി രൂപയുടെ റിപ്പോർട്ടിലാണ് വി.കെ.ശശികലയ്ക്കു ജയിലിൽ വിഐപി പരിഗണന ആണെന്നു വ്യക്തമാക്കുന്നത്. ശശികലയുടെ സെല്ലിൽ പ്രത്യേക അടുക്കള ഒരുക്കിയിട്ടുണ്ട്. രണ്ട് തടവുകാരെ ഭക്ഷണം തയാറാക്കാൻ നിയോഗിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ജയിൽ ഡിജി, എച്ച്.എസ്.സത്യനാരായണ റാവുവും കീഴുദ്യോഗസ്ഥരും രണ്ട് കോടി രൂപ കൈക്കൂലി വാങ്ങിയാണ് വിഐപി സൗകര്യങ്ങൾ ഒരുക്കിയതെന്നും രൂപയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ജയിലിൽ രഹസ്യ സന്ദർശനം നടത്തിയാണ് ഡിഐജി രൂപ റിപ്പോർട്ട്‌ തയ്യാറാക്കിയത്. പൊലീസ് ഇൻസ്‌പെക്ടർ ജനറലിനും ആഭ്യന്തര സെക്രട്ടറിക്കും അഴിമതി നിരോധന ബ്യൂറോയ്ക്കും റിപ്പോർട്ട്‌ സമർപ്പിച്ചിട്ടുണ്ട്. എന്നാൽ റിപ്പോർട്ടിൽ പറയുന്നത് കാര്യങ്ങൾ വാസ്തവവിരുദ്ധമാണെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും ജയിൽ ഡിജി വ്യക്തമാക്കി.