Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊച്ചി മെട്രോ: മഹാരാജാസ് കോളജ് ഗ്രൗണ്ട് വരെയുള്ള ട്രയൽ റൺ വിജയകരം

Kochi Metro Rail കൊച്ചി മെട്രോയുടെ പാലാരിവട്ടം മുതൽ മഹാരാജാസ് കോളജ് ഗ്രൗണ്ട് വരെയുള്ള പാതയിലെ ട്രയൽ റൺ നടന്നപ്പോൾ. ചിത്രം ഇ.വി.ശ്രീകുമാർ

കൊച്ചി∙ കൊച്ചി മെട്രോയുടെ പാലാരിവട്ടം മുതൽ എംജി റോഡിലെ മഹാരാജാസ് കോളജ് ഗ്രൗണ്ട് വരെയുള്ള പാതയിലെ ട്രയൽ റൺ വിജയകരം. ഇനി ഒരു മാസത്തോളം തുടർച്ചയായി ഈ പാതയിൽ ട്രയൽ റൺ നടക്കും. സെപ്റ്റംബര്‍ അവസാനവാരമോ ഒക്ടോബര്‍ ആദ്യത്തോടെയോ പുതിയ പാതയില്‍ സർവീസ് തുടങ്ങാനാകുമെന്നാണ് പ്രതീക്ഷയെന്ന് കെഎംആർഎൽ എംഡി ഏലിയാസ് ജോര്‍ജ് പറഞ്ഞു.

രാവിലെ പതിനൊന്ന് മണിയോടെയാണ് ജവഹർലാൽ നെഹ്റു സ്‌റ്റേഡിയം ജംഗ്ഷനിൽ നിന്ന് മെട്രോ ട്രയൽ റൺ തുടങ്ങിയത്. മണിക്കൂറിൽ പത്ത് കിലോമീറ്റർ വേഗത്തിലായിരുന്നു യാത്ര. കെഎംആർഎല്ലിലെയും ഡിഎംആർസിയിലെയും സാങ്കേതിക വിദഗ്ധരായിരുന്നു നഗരഹൃദയമായ എംജി റോഡിലേക്കുള്ള മെട്രോയുടെ ആദ്യ യാത്രയിലെ യാത്രക്കാർ. തുടക്കം മെല്ലെയായിരുന്നെങ്കിലും മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ നിന്ന് തിരികെയുള്ള യാത്രയിൽ മെട്രോയുടെ വേഗം കൂടി.

അവസാന നിമിഷമുണ്ടായ സാങ്കേതിക പ്രശ്നങ്ങൾ പൂർത്തിയാക്കിയതിനു പിന്നാലെയാണു കലൂർ രാജ്യാന്തര സ്റ്റേഡിയം മുതൽ മഹാരാജാസ് കോളജ് ഗ്രൗണ്ട് വരെയുള്ള പാതയിലെ ട്രയൽ റൺ വെള്ളിയാഴ്ച നടത്താൻ മെട്രോ ഏജൻസികൾ തീരുമാനിച്ചത്. ട്രയലിനു മുന്നോടിയായി യാത്രാ പാതയിലെ ട്രാക്കിൽ വൈദ്യുതീകരണ സംവിധാനങ്ങളും സിഗ്നൽ സംവിധാനങ്ങളും വ്യാഴാഴ്ച രാത്രിയോടെ പ്രവർത്തനക്ഷമമാക്കി. സർവീസിനുള്ള ട്രെയിനും സജ്ജീകരിച്ചു. ജവഹർലാൽ നെഹ്റു സ്‌റ്റേഡിയം, കലൂർ ജംഗ്ഷൻ, ലിസി ജംഗ്ഷൻ, എംജി റോഡ്, മഹാരാജാസ് കോളജ് ഗ്രൗണ്ട് എന്നിങ്ങനെ അഞ്ചു സ്റ്റേഷനുകളാണു പാതയിൽ ഉള്ളത്.

മഹാരാജാസ് കോളജ് വരെയുള്ള മെട്രോ പാത ആദ്യ ഘട്ടത്തിന്റെ ഭാഗമാണെങ്കിലും ആലുവ മുതൽ പാലാരിവട്ടം വരെയുള്ള 13 കിലോമീറ്ററിലാണ് ഇപ്പോൾ സർവീസ് നടക്കുന്നത്.