Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൂന്നാർ: റവന്യൂ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം മന്ത്രി ചന്ദ്രശേഖരൻ മരവിപ്പിച്ചു

E Chandrasekharan

തിരുവനന്തപുരം∙ മൂന്നാറിലെ റവന്യൂ ഉദ്യോഗസ്ഥരെ മാറ്റിയ നടപടി മരവിപ്പിക്കാൻ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ ജില്ലാ ഭരണകൂടത്തിനു വാക്കാൽ നിർദേശം നൽകി. പുതിയ സബ്കലക്ടർ അധികാരമേറ്റെടുത്തു പ്രശ്നങ്ങൾ പഠിക്കുന്നതുവരെ പരിചയ സമ്പന്നരായ ഈ ഉദ്യോഗസ്ഥൻ തുടരട്ടെ എന്ന നിർദേശമാണു മന്ത്രി മുന്നോട്ടുവച്ചത്. നിലവിലെ പദവിയിൽനിന്നു മാറ്റണമെന്ന ഉദ്യോഗസ്ഥരുടെ രേഖാമൂലമുള്ള ആവശ്യപ്രകാരമാണു മാറ്റിയതെങ്കിലും ഈ ഉദ്യോഗസ്ഥരെ ഇപ്പോൾ മാറ്റുന്നതു പ്രവർത്തനങ്ങളെ ബാധിക്കുമെന്നാണു റവന്യൂവകുപ്പിന്റെ വിലയിരുത്തൽ. ഇതാണു സ്ഥലം മാറ്റം തടയാൻ കാരണം.

മൂന്നാറിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി ദേവികുളം സബ്കലക്ടർ ശ്രീറാം വെങ്കിട്ടരാമനാണു പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെ രൂപീകരിച്ചത്. ശ്രീറാമിനെ സർക്കാർ മാറ്റിയതിനു പിന്നാലെയാണ് ഉദ്യോഗസ്ഥരും മാറാൻ സന്നദ്ധത അറിയിച്ചത്.

ദേവികുളം അഡീഷണൽ തഹസീദാർ തൊടുപുഴയിലേക്കു മാറി. മൂന്നാർ ലാൻഡ് ട്രൈബ്യൂണലിൽ കയ്യേറ്റ കേസുകൾ കൈകാര്യം ചെയ്തിരുന്ന ഉദ്യോഗസ്ഥൻ നെടുങ്കണ്ടത്തെ പഴയ ഓഫിസിലേക്കു പോയി. ടീമിലെ മറ്റു പ്രധാന ഉദ്യോഗസ്ഥരും പഴയ സ്ഥലങ്ങളിലേക്കു പോയിരുന്നു. നിലവിൽ ദേവികുളം ആർഡി ഓഫിസിൽ സീനിയർ സൂപ്രണ്ടിന്റെ ചാർജുള്ള ഒരു ഉദ്യോഗസ്ഥനും മൂന്നു ക്ലാർക്കും രണ്ടു പ്യൂണുമാരുമാണ് അവശേഷിക്കുന്നത്. പുതിയ സബ് കലക്ടർ തിങ്കലാഴ്ച അധികാരമേറ്റെടുക്കുമെന്നാണ് റവന്യൂ അധികൃതർ പറയുന്നത്.