Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘വിടാതെ’ മാക്രോ; പാരിസ് കാലാവസ്ഥാ ഉടമ്പടിയിൽ നിലപാടു മയപ്പെടുത്തി ട്രംപ്

Trump-Macron പാരിസിലെത്തിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോയ്ക്കൊപ്പം.

പാരിസ് ∙ പാരിസ് കാലാവസ്ഥാ ഉടമ്പടിയുമായി ഒരുതരത്തിലും സഹകരിക്കില്ലെന്ന കർശന നിലപാട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മയപ്പെടുത്തുന്നു. ഔദ്യോഗിക സന്ദർശനത്തിനായി ഫ്രഞ്ച് തലസ്ഥാനമായ പാരിസിലെത്തിയ ട്രംപ്, പ്രസിഡന്റ് ഇമ്മാനുവൽ മാക്രോയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് നിലപാട് മയപ്പെടുത്തുന്നതിന്റെ സൂചന നൽകിയത്.

‘പാരിസ് ഉടമ്പടിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംഭവിക്കു’മെന്ന സൂചനയാണ് കൂടിക്കാഴ്ചയ്ക്കുശേഷം മാക്രോയ്ക്കൊപ്പം മാധ്യമപ്രവർത്തകരെ കണ്ട ട്രംപ് നൽകിയത്. എന്നാൽ, എന്തു തരത്തിലുള്ള മാറ്റമാണ് സംഭവിക്കുകയെന്ന് വെളിപ്പെടുത്താൻ ട്രംപ് തയാറായില്ല. ‘എന്തു സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാമെന്നാ’യിരുന്നു ട്രംപിന്റെ നിലപാട്. അതേസമയം, പാരിസ് കാലാവസ്ഥ ഉടമ്പടിയിൽനിന്ന് പിൻമാറാനുള്ള ട്രംപിന്റെ തീരുമാനത്തോട് ‘ബഹുമാനം’ മാത്രമേയുള്ളൂവെന്ന് ട്രംപിനൊപ്പം മാധ്യമപ്രവർത്തകരെ കണ്ട മാക്രോ വ്യക്തമാക്കി. അതേസമയം, ഉടമ്പടിയിൽ ഉറച്ചുനിൽക്കുന്നതിൽ ഫ്രാൻസിനുള്ള പ്രതിജ്ഞാബദ്ധതയും മാക്രോ ആവർത്തിച്ചു പ്രഖ്യാപിച്ചു. 

പാരിസ് കാലാവസ്ഥാ ഉടമ്പടിയിൽനിന്നു യുഎസ് പിന്മാറിയാലും ഉടമ്പടിയിൽ ഉറച്ചുനിൽക്കുമെന്നു അടുത്തിടെ സമാപിച്ച ജി 20 ഉച്ചകോടിയിൽ 18 അംഗരാജ്യങ്ങളും യൂറോപ്യൻ യൂണിയനും വ്യക്തമാക്കിയിരുന്നു. ഇതുസംബന്ധിച്ച സംയുക്ത പ്രഖ്യാപനം അംഗീകരിച്ചുകൊണ്ടാണ് വികസിത, വികസ്വര രാഷ്ട്രങ്ങളുടെ പൊതുവേദിയായ ജി20 ഉച്ചകോടി ഇക്കാര്യം അറിയിച്ചത്. ഉടമ്പടിയിലേക്കു യുഎസിനെ തിരികെയെത്തിക്കാനുള്ള ശ്രമങ്ങൾ ഉപേക്ഷിച്ചിട്ടില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ അന്നുതന്നെ വ്യക്തമാക്കിയിരുന്നു.

ജി20 സംയുക്ത പ്രഖ്യാപനത്തിൽനിന്ന് 

‘പാരിസ് ഉടമ്പടിയിൽനിന്നു പിന്മാറാനുള്ള യുഎസ് തീരുമാനം മനസ്സിലാക്കുന്നു. ഒപ്പം, ആ ഉടമ്പടി ലംഘിക്കാനുള്ളതല്ലെന്ന് ജി 20 യിലെ ബാക്കി 19 അംഗരാജ്യങ്ങളും പ്രസ്താവിക്കുന്നു.’