Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലണ്ടനിലെ ഇന്ത്യൻ ജ്വല്ലറിയിൽ വൻ കവർച്ച, മുഖംമൂടിയണിഞ്ഞ കൊള്ളസംഘത്തെ തേടി പൊലീസ്

Gold Ornaments

ലണ്ടൻ∙ ലണ്ടനിലെ ഇന്ത്യൻ ജ്വല്ലറിയിൽ വൻ കവർച്ച. ബുധനാഴ്ച അർധരാത്രിക്കുശേഷമാണു മുഖംമൂടിയണിഞ്ഞ കവർച്ചാസംഘം ഷോറൂമിന്റെ പിൻവാതിലിലൂടെ അകത്തുകടന്നു സ്വർണവും വജ്രാഭരണങ്ങളും മോഷ്ടിച്ചത്. ലക്ഷക്കണക്കിനു രൂപയുടെ ആഭരണങ്ങൾ മോഷ്ടിക്കപ്പെട്ടതായാണു വിവരം. എന്നാൽ ജ്വല്ലറി അധികൃതർ ഇതുസംബന്ധിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും വ്യക്തമാക്കുന്നില്ല. സെക്യൂരിറ്റി അലാമിന്റെ പ്രവർത്തനം തടസപ്പെടുത്തിയശേഷമാണു മോഷ്ടാക്കൾ അകത്തുകടന്നത്. എങ്കിലും ഇവരുടെ മുഖംമൂടിയണിഞ്ഞ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. കൊള്ളസംഘത്തിനായി പൊലീസ് വ്യപകമായ തിരച്ചിൽ നടത്തുന്നുണ്ട്. അഞ്ചോ ആറോ പേരടങ്ങിയ സംഘമാണു കവർച്ച നടത്തിയത്.

പൊലീസും ഫൊറൻസിക് വിദഗ്ധരും കടയിലെത്തി തെളിവെടുപ്പു നടത്തി. ഇൻഷുറൻസ് അധികൃതരും നേരിട്ടെത്തി നഷ്ടങ്ങളുടെ കണക്കെടുപ്പു നടത്തിയിട്ടുണ്ട്.

ഈസ്റ്റ് ലണ്ടനിലെ അപ്റ്റൺ പാർക്ക് ഹൈസ്ട്രീറ്റിലുള്ള (ഗ്രീൻ സ്ട്രീറ്റ്) സ്വർണാഭരണശാലയിലാണ് കവർച്ച. നിരവധി സ്വർണാഭരണശാലകൾ പ്രവർത്തിക്കുന്ന അപ്റ്റൺ പാർക്കിൽ 22 കാരറ്റ് സ്വർണം വിൽക്കുന്ന അപൂർവം കടകളിലൊന്നാണ് ഈ ജ്വല്ലറി.

ഷോറൂമിൽ ഡിസ്പ്ലേ വച്ചിരുന്ന സ്വർണ - വജ്രാഭരണങ്ങൾ മോഷ്ടിക്കപ്പെട്ടതായാണു വിവരം. എന്നാൽ സ്ട്രോംങ്ങ് റൂം തകർത്തുള്ള വൻ കൊള്ള സാധ്യമായില്ലെന്നും പറയുന്നു. ഷോറൂമിന്റെ മുകൾനിലയിൽ താമസിച്ചിരുന്നവർപോലും വിവരം അറിയുന്നതു രാവിലെയാണ്.

മോഷണവിവരം അപ്പോൾതന്നെ ജീവനക്കാർ പൊലീസിനെ അറിയിച്ചെങ്കിലും പുറത്തറിയാതിരിക്കാൻ പരമാവധി ശ്രമിച്ചു. ജീവനക്കാരെല്ലാംതന്നെ മലയാളികളാണെങ്കിലും ഇവരാരും ഒരു വിവരവും പുറത്തുപറയുന്നില്ല. പതിവുപോലെ കട തുറക്കാതിരുന്നതോടെ ആളുകൾ അന്വേഷണമാരംഭിച്ചതോടെയാണു മോഷണവിവരം പുറത്തായത്. സമീപത്തെ കടക്കാരിലൂടെയാണു പൊലീസെത്തി പരിശോധന നടത്തിയകാര്യം പുറംലോകം അറിഞ്ഞത്.