Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉദ്യോഗസ്ഥർ രണ്ടു തട്ടിൽ; സെൻകുമാറിനെതിരായ കേസിൽ ഉടൻ നടപടിയില്ല

TP-Senkumar

തിരുവനന്തപുരം∙ ന്യൂനപക്ഷ വിരുദ്ധ പരാമർശങ്ങളിൽ മുൻ പൊലീസ് മേധാവി ടി.പി.സെൻകുമാറിനെതിരെ ധൃതിപിടിച്ചു നടപടി വേണ്ടെന്നു ക്രൈംബ്രാഞ്ച് തീരുമാനം. സെൻകുമാറിന്റെ മൊഴിയും ഉടൻ രേഖപ്പെടുത്തില്ല. അതേസമയം, കേസിനെതിരെ ടി.പി.സെൻകുമാർ തിങ്കളാഴ്ച കോടതിയെ സമീപിച്ചേക്കും. ജാമ്യമില്ലാ വകുപ്പു പ്രകാരമാണു സെൻകുമാറിനും അദ്ദേഹത്തിന്റെ വിവാദ അഭിമുഖം പ്രസിദ്ധീകരിച്ച വാരികയുടെ പ്രസാധകനുമെതിരെ കേസെടുത്തതെങ്കിലും ഉടൻ നടപടിയിലേക്കു കടക്കേണ്ടെന്നാണു തീരുമാനം. സെൻകുമാറിനെതിരെയുള്ള നടപടികളിൽ ക്രൈംബ്രാഞ്ചിന്റെ ഉന്നത ഉദ്യോഗസ്ഥരും രണ്ടു തട്ടിലാണ്.

മതസ്പർധ വളർത്തും വിധം പരാമർശങ്ങൾ നടത്തിയെന്നാരോപിച്ചു പൊലീസ് ആസ്ഥാനത്ത് ലഭിച്ച പരാതികളിൽ വിശദമായി മൊഴിയെടുക്കും. വാരികയിൽ പ്രസിദ്ധീകരിച്ചത് താൻ പറയാത്ത കാര്യങ്ങളാണെന്നു ചൂണ്ടിക്കാട്ടി നേരത്തെ ടി.പി.സെൻകുമാർ, ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കും ക്രൈംബ്രാഞ്ച് എഡിജിപി നിഥിൻ അഗർവാളിനും കത്ത് നൽകിയിരുന്നു. എന്നാൽ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ മഞ്ചേരി ശ്രീധരൻ നായരുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ കേസ് എടുക്കുകയായിരുന്നു.

ഇതിനിടെ, കോടതിയെ സമീപിക്കുന്നതുമായി ബന്ധപ്പെട്ട് അടുപ്പക്കാരായ അഭിഭാഷകരുമായി സെൻകുമാർ ആശയവിനിമയം നടത്തിക്കഴിഞ്ഞു. കേരളത്തിൽ മുസ്‍ലിം ജനനസംഖ്യ വർധിക്കുന്നത് ആശങ്കാജനകമാണെന്നും നൂറു കുട്ടികൾ ജനിക്കുമ്പോൾ അതിൽ 42 പേരും ഈ സമുദായത്തിൽ നിന്നാണ് എന്നത് ആശങ്ക വർധിപ്പിക്കുന്നു എന്നുമായിരുന്നു പരാമർശം. കേരളത്തിൽ ലവ് ജിഹാദ് നടക്കുന്നില്ലെന്നു പറയാൻ കഴിയില്ലെന്നും അഭിമുഖത്തിൽ ചൂണ്ടിക്കാണിച്ചിരുന്നു.