Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിലീപിന്റെ വീട്ടിൽ കാവലിനു നിയോഗിക്കപ്പെട്ടിരുന്ന എസ്ഐക്കു പക്ഷാഘാതം

kochi-dileep

ആലുവ∙ കൊട്ടാരക്കടവിലെ ദിലീപിന്റെ വീടിനു മുന്നിൽ കാവൽ നിന്ന എസ്ഐക്കു പക്ഷാഘാതം. തലച്ചോറിൽ ഇടതുവശത്തെ ഞരമ്പു പൊട്ടിയതിനെ തുടർന്നു വലതു കൈകാലുകളുടെ ചലനശേഷിയും സംസാരശേഷിയും നഷ്ടപ്പെട്ട എടത്തല സ്റ്റേഷനിലെ അഡീഷനൽ എസ്ഐ കെ.കെ.കുഞ്ഞുമുഹമ്മദിനെ (55) ചുണങ്ങംവേലി രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിനു ഡോ. മനോജ് നാരായണപ്പണിക്കരുടെ നേതൃത്വത്തിൽ ഏഴു മണിക്കൂർ നീണ്ട ശസ്ത്രക്രിയ നടത്തി.

തിങ്കളാഴ്ച മുതൽ തുടർച്ചയായി ദിലീപിന്റെ വീടിന്റെ പരിസരത്തു സ്പെഷൽ ഡ്യൂട്ടി ചെയ്യുകയായിരുന്നു. ചെങ്ങമനാട് പനയക്കടവ് സ്വദേശിയാണ്. ജനുവരിയിൽ വിരമിക്കും. കൊട്ടാരക്കടവ് റോഡിൽ പൊലീസ് ജീപ്പിൽ ഇരുന്ന എസ്ഐ പുലർച്ചെ നാലരയോടെ ഒരു വശത്തേക്കു കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ഡ്രൈവർ നജാത്ത് ആശുപത്രിയിൽ എത്തിച്ചു.

വിവിധ രാഷ്ട്രീയ പാർട്ടികൾ നടൻ ദിലീപിനെതിരെ പരസ്യമായി രംഗത്തു വന്നതിനെ തുടർന്നാണ് കൊട്ടാരക്കടവിലുള്ള വീടിനു പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയത്. ദിലീപിന്റെ ഹോട്ടലുകളും തിയറ്ററും അടക്കമുള്ള സ്ഥാപനങ്ങൾക്കു നേരെ വ്യാപകമായ അക്രമം ഉണ്ടായിരുന്നു. ചാലക്കുടിയിൽ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് തിയറ്ററിലേക്കും കല്ലേറുണ്ടായിരുന്നു.

related stories