Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്കു മാറ്റി

Actor Dileep

കൊച്ചി∙ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്കു മാറ്റി. അടിയന്തരമായി പരിഗണിക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി തള്ളി. വ്യാഴാഴ്ച ജാമ്യാപേക്ഷയിൽ വിശദമായ വാദം കേൾക്കുമെന്നും കോടതി അറിയിച്ചു. കേസിൽ ഗൂഢാലോചനയില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയും ജാമ്യഹർജിയിൽ പ്രതിഭാഗം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അങ്കമാലി മജിസ്ട്രേട്ട് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. മജിസ്ട്രേട്ട് കോടതി ജാമ്യം നിഷേധിച്ചാൽ ജില്ലാ സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകാൻ അവസരമുണ്ടെങ്കിലും അതിനു ശ്രമിക്കാതെ ഹൈക്കോടതിയെ നേരിട്ടു സമീപിക്കുകയായിരുന്നു.

'തനിക്കെതിരെ തെളിവുകളൊന്നുമില്ല. സാക്ഷികളെ സ്വാധീനിക്കുമെന്ന വാദം അടിസ്ഥാനരഹിതമാണ്. അറസ്റ്റ് സംശയത്തിന്റെ അടിസ്ഥാനത്തിലാണ്'- ദിലീപ് സമർപ്പിച്ച ജാമ്യഹർജിയിൽ‌ പറഞ്ഞു. കേസിലെ മുഖ്യപ്രതി സുനിൽകുമാറിന് (പൾസർ സുനി) ക്വട്ടേഷൻ തുക കൈമാറാൻ ശ്രമിച്ചതായി പൊലീസ് കരുതുന്ന സുനിൽരാജ് (അപ്പുണ്ണി) അറസ്റ്റിലാവും മുൻപു ജാമ്യം നേടണമെന്നു ദിലീപിന് നിയമോപദേശം ലഭിച്ചിട്ടുണ്ട്.

ദിലീപിന്റെ ജാമ്യഹർജി ഹൈക്കോടതിയിൽ എതിർക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. കേസ് ഡയറിയുൾപ്പെടെയുള്ളവ ഹാജരാക്കി റിമാൻ‍ഡ് കാലാവധി നീട്ടുന്നതിനാണ് നീക്കം. ജാമ്യം ലഭിച്ചാൽ ഇരയായ നടിയെ അധിക്ഷേപിക്കാൻ വീണ്ടും ശ്രമിച്ചേക്കുമെന്നും പൊലീസ് വാദിക്കുന്നു. കൂടാതെ, സമൂഹമാധ്യമങ്ങളിൽ നടന്ന ദിലീപ് അനുകൂല പ്രചരണം അദ്ദേഹത്തിന്റെ സ്വാധീനം തെളിയിക്കുന്നതാണെന്നും പ്രോസിക്യൂഷൻ പറയുന്നു.

related stories