Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നഴ്സുമാരുടെ സമരം രക്ഷിതാക്കൾ ഏറ്റെടുക്കുന്നു; കാസർകോട്ടെ ചർച്ച പരാജയം

strike

കോഴിക്കോട്/കാസർകോട് ∙ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ സമരം രക്ഷിതാക്കൾ ഏറ്റെടുക്കുന്നു. ബുധനാഴ്ച്ച നടക്കുന്ന ചർച്ചയിൽ‌ അനുകൂലമായ തീരുമാനം ഉണ്ടാകുന്നില്ലെങ്കിൽ ഈ മാസം 29ന് സെക്രട്ടേറിയേറ്റിന് മുന്നിൽ നിരാഹാരം കിടക്കാനാണ് രക്ഷിതാക്കളുടെ തീരുമാനം. 

ഒരു മാസമായിട്ടും സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ സമരം ഒത്തുതീരാത്തതിനെ തുടർന്നാണ് രക്ഷിതാക്കൾ സംഘടിച്ചിരിക്കുന്നത്. മാന്യമായ ശമ്പളം ഉറപ്പാക്കി സമരം ഒത്തുതീർപ്പാക്കണമെന്നാണ് ആവശ്യം.

കോഴിക്കോട് കോടഞ്ചേരിയിൽ രക്ഷിതാക്കൾ പ്രകടനവും നടത്തി. കോഴിക്കോടിന് പുറമെ കൊല്ലം, തിരുവനന്തപുരം ജില്ലകളിലും രക്ഷിതാക്കളുടെ നേതൃത്വത്തിൽ സമര സഹായ സമിതികൾ രൂപീകരിച്ചിട്ടുണ്ട്.

കാസർകോട്ടെ ചർച്ച പരാജയം

കാസർകോട് ജില്ലയിലെ സമരം ചെയ്യുന്ന നഴ്സുമാരുമായി ജില്ലാ കലക്ടർ നടത്തിയ ചർച്ച പരാജയം. മുഖ്യമന്ത്രിയുമായി ചർച്ച നടത്തും വരെ സമരം നിർത്തിവയ്ക്കാനായിരുന്നു കലക്ടറുടെ നിർദേശം. എന്നാൽ ഇത് അംഗീകരിക്കാനാവില്ലെന്നായിരുന്നു സമരക്കാരുടെ നിലപാട്. കലക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ പ്രതിനിധികൾക്ക് പുറമെ ഡിഎംഒ ഉൾപ്പെടെയുള്ള ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും, ആശുപത്രി മാനേജ്മെൻറ് പ്രതിനിധികളും, നഴ്സിങ് കോളേജ് പ്രിൻസിപ്പൽമാരും പങ്കെടുത്തു.

20ന് മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ അനുകൂല തിരുമാനം ഉണ്ടാകും വരെ സമരം തുടരുമെന്ന് നഴ്സുമാർ യോഗത്തെ അറിയിച്ചു. കണ്ണൂർ മാതൃകയിൽ നഴ്സിങ് വിദ്യാർഥികളെ രംഗത്തിറക്കി സമരത്തെ നേരിടാനുള്ള ആലോചന യോഗത്തിൽ ഉണ്ടായെങ്കിലും തൽക്കാലം തൽസ്ഥിതി തുടരാൻ തീരുമാനിച്ചു.

അതേസമയം, നഴ്സുമാരുടെ സമരപ്പന്തലിൽ സിഐടിയു ലഘുലേഖ വിതരണം ചെയ്തു. ന്യായമായ സമരത്തോടു മാത്രമെ യോജിക്കാനാവൂ എന്ന തലക്കെട്ടിലാണ് ലേഖനം. കേരളത്തിൽ സ്വകാര്യ ആശുപത്രി മേഖലയിൽ സർക്കാർ പ്രഖ്യാപിച്ച മിനിമം വേതനം നടപ്പിലാക്കാൻ മാനദണ്ഡമുണ്ട്. സമ്മർദ തന്ത്രമുണ്ടാക്കി നേടാൻ കഴിയുന്നതല്ല ശമ്പള പരിഷ്കരണമെന്നും ലഘുലേഖയിൽ പറയുന്നു. കേരള പ്രൈവറ്റ് ഹോസ്പിറ്റൽ എംപ്ലോയീസ് ഫെഡറേഷൻ സിഐടിയുവിന്റെ പേരിലാണ് നോട്ടിസ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.