Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്തുധരിക്കണമെന്ന് തീരുമാനിക്കേണ്ടത് ആർഎസ്എസ് അല്ല: മുഖ്യമന്ത്രി പിണറായി

pinarayi

തിരുവനന്തപുരം ∙ ഹിന്ദു ജീവിത ശൈലി അടിച്ചേൽപ്പിക്കാനാണ് ‘കുടുംബ പ്രബോധന’മെന്ന പേരിൽ ആർഎസ്എസ് പ്രവർത്തകർ‌ വീടുകൾ കയറിയിറങ്ങുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രഭരണത്തിന്റെ സഹായത്തോടെയാണ് ഇതു നടപ്പാക്കാൻ ശ്രമിക്കുന്നത്. ഹിന്ദുത്വ പദ്ധതി നടപ്പാക്കാനുള്ള ഈ നീക്കം ചെറുത്തില്ലെങ്കിൽ ഇന്ത്യയുടെ ജനാധിപത്യവും മതനിരപേക്ഷതയും അപകടത്തിലാകുമെന്നും സമൂഹമാധ്യമത്തിലെഴുതിയ കുറിപ്പിൽ മുഖ്യമന്ത്രി പിണറായി വ്യക്തമാക്കി.

സമൂഹമാധ്യമത്തിൽ എഴുതിയ കുറിപ്പിന്റെ പൂർണരൂപം

എന്ത് ധരിക്കണം, എന്ത് ഭക്ഷിക്കണം എന്ന് തീരുമാനിക്കേണ്ടത് ഓരോ വ്യക്തിയും ആണ്. അത് പൗരന്റെ മൗലിക അവകാശമാണ്. അതിൽ കൈകടത്താനും ആർഎസ്എസിന്റെ തീവ്രവർഗീയ അജൻഡയ്ക്ക് അനുസരിച്ച് സമൂഹത്തെ മാറ്റിയെടുക്കാനുമുളള ശ്രമം ഗുരുതരമായ പൗരാവകാശ ലംഘനമാണ്.

ജന്മദിനാഘോഷത്തിന് മെഴുകുതിരി കത്തിക്കരുത്, മാംസാഹാരം ഉപേക്ഷിക്കണം, വിശേഷാവസരങ്ങളിൽ സ്ത്രീകൾ സാരിയും പുരുഷന്മാർ കുർത്തയും പൈജാമയും ധരിക്കണം, ടിവി കാണരുത്, പ്രഭാതത്തിൽ ഗുഡ് മോർണിംഗ് പറയരുത് മുതലായ നിർദേശങ്ങളുമായി ആർഎസ്എസ് പ്രവർത്തകർ വീടുകയറുന്നു എന്ന വാർത്ത ദേശീയ മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ജനങ്ങളിൽ മൂല്യബോധമുണ്ടാക്കാനാണ് ഈ പെരുമാറ്റച്ചട്ടവുമായി വീടുകളിലേക്ക് ഇറങ്ങുന്നതെന്നാണ് ആര്‍എസ്എസിന്‍റെ അവകാശവാദം. വാസ്തവത്തിൽ മനുസ്മൃതിയിലെ 'മൂല്യങ്ങൾ' കുടുംബങ്ങളിൽ അടിച്ചേൽപിക്കാനാണ് ശ്രമിക്കുന്നത്. ഹിന്ദു ജീവിതശൈലി അടിച്ചേൽപ്പിക്കാനുളള "കുടുംബ പ്രബോധനം" കേന്ദ്രഭരണത്തിന്‍റെ സഹായത്തോടെയാണ് നടപ്പാക്കാൻ ശ്രമിക്കുന്നത്. ഹിന്ദുത്വ പദ്ധതി നടപ്പാക്കാനുളള ശ്രമം ചെറുത്തില്ലെങ്കിൽ ഇന്ത്യയുടെ ജനാധിപത്യവും മതനിരപേക്ഷതയും അപകടത്തിലാകും.

പശു സംരക്ഷണത്തിന്റെ പേരിൽ നിയമം കയ്യിലെടുക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വിഷയത്തിലും ഇടപെടാൻ സന്നദ്ധത കാണിക്കണം. വ്യക്തികളുടെ സ്വകാര്യ ജീവിതത്തിൽ കടന്നു കയറുകയും ഏതു ജീവിതരീതി വേണം എന്ന് നിഷ്കർഷിക്കുകയും ചെയ്യുന്നതിൽനിന്ന് പിന്മാറാൻ ആർഎസ്എസിനോട് അദ്ദേഹം ആവശ്യപ്പെടണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.