Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മതസ്പർധ വളർത്തുന്ന പരാമർശം: ടി.പി.സെൻകുമാറിന് ഇടക്കാല ജാമ്യം

senkumar

തിരുവനന്തപുരം∙ മതസ്‌പർധ വളർത്തും വിധമുള്ള പരാമർശങ്ങൾ നടത്തിയെന്ന കേസിൽ മുൻ ഡിജിപി ടി.പി.സെൻകുമാറിന് ഉപാധികളോടെ ഇടക്കാല ജാമ്യം അനുവദിച്ചു. അദ്ദേഹത്തിന്റെ മുൻകൂർ ജാമ്യഹർജിയിൽ അന്തിമ തീരുമാനമാകുംവരെയാണ് ഇടക്കാല ജാമ്യം. സെൻകുമാറിനെ അറസ്റ്റ് ചെയ്യുകയാണെങ്കിൽ ജാമ്യത്തിൽ വിട്ടയക്കണം. 30,000 രൂപയ്ക്കും രണ്ട് ആൾ ജാമ്യത്തിലുമാണ് വിട്ടയക്കേണ്ടതെന്നും കോടതി നിർദേശിച്ചു.

അതേസമയം, താൻ പറയാത്ത കാര്യങ്ങളാണ് മാഗസിൻ തന്റെ പേരിൽ അച്ചടിച്ചതെന്നും ഇതിൽ തനിക്കൊന്നും ചെയ്യാൻ സാധിക്കില്ലെന്നും സെൻകുമാർ കോടതിയെ അറിയിച്ചു. സെൻകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷയെ സർക്കാർ എതിർത്തു. ഇതേതുടർന്ന്, സർക്കാർ നനിലപാടും ഹൈക്കോടതി തേടി. കേസ് വീണ്ടും ചൊവ്വാഴ്ച പരിഗണിക്കും.

ടി.പി. സെൻകുമാറിനും വിവാദ അഭിമുഖം പ്രസിദ്ധീകരിച്ച വാരികയുടെ പ്രസാധകനുമെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. ജാമ്യമില്ലാ വകുപ്പു ചുമത്തിയാണു ക്രൈംബ്രാഞ്ചിനു കീഴിലുള്ള സൈബർ പൊലീസ് സ്റ്റേഷൻ കേസെടുത്തത്.

സെൻകുമാറിന്റെ അഭിമുഖം പ്രസിദ്ധീകരിച്ച വാരികയുടെ എഡിറ്റർ സജി ജയിംസ്, റിപ്പോർട്ടർ റംഷാദ് എന്നിവർ ക്രൈംബ്രാഞ്ച് എഡിജിപി നിതിൻ അഗർവാളിന് അഭിമുഖത്തിന്റെ പൂർണരൂപമടങ്ങിയ ടേപ്പ് കൈമാറിയിരുന്നു. വിവാദ പരാമർശങ്ങൾ ഇതിലുണ്ടെന്നു കണ്ടെത്തിയതോടെ നിയമോപദേശം തേടി. ഇതേത്തുടർന്നാണ് കേസെടുത്തത്.

എഡിറ്റ് ചെയ്യാത്ത ടേപ്പാണു വാരിക ക്രൈംബ്രാഞ്ചിനു നൽകിയത്. മണിക്കൂറുകൾ നീണ്ട അഭിമുഖത്തിനിടെ സ്വകാര്യ സംഭാഷണങ്ങളും റിക്കോർഡ് ചെയ്‌തിരുന്നു. ഇതിൽ ഒരു ഭാഗത്തു കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിയെ അധിക്ഷേപിച്ചു സെൻകുമാർ സംസാരിക്കുന്നുണ്ട്. അഭിമുഖം തയ്യാറാക്കുന്നതിനിടെ സെൻകുമാർ നടത്തിയ സ്വകാര്യ ഫോൺ സംഭാഷണമാണു റിക്കോർഡായത്. ഈ സംഭാഷണവും വാരിക ക്രൈംബ്രാഞ്ചിനു കൈമാറി.

വിവിധ മതവിഭാഗങ്ങൾ തമ്മിൽ സ്‌പർധയുണ്ടാകുന്ന തരത്തിൽ സെൻകുമാർ പരാമർശം നടത്തിയെന്ന് ആരോപിച്ചു യൂത്ത് ലീഗ് ഉൾപ്പെടെ നൽകിയ പരാതികളിലാണു ഡിജിപി ലോക്‌നാഥ് ബെഹ്‌റ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. രണ്ടു സമുദായങ്ങൾ തമ്മിൽ ശത്രുത വളർത്തുന്ന പ്രവൃത്തികൾ ഒരാളുടെ ഭാഗത്തു നിന്നുണ്ടായാൽ കേസെടുക്കാമെന്നും അതിനുള്ള സാഹചര്യം ഈ കേസിൽ കാണാൻ കഴിയുന്നുവെന്നുമാണു ലഭിച്ച നിയമോപദേശം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.