Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെങ്കയ്യ: ബിജെപിയുടെ ദക്ഷിണേന്ത്യൻ മുഖം; പടിപടിയായി ഉയർച്ച

Venkaiah-Naidu

എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായി തിരഞ്ഞെടുക്കപ്പെട്ട വെങ്കയ്യാ നായിഡുവിന്റെ (67) സ്ഥാനലബ്ധി ദക്ഷിണേന്ത്യയിലെ ബിജെപി ഘടകങ്ങൾക്ക് ആത്മവിശ്വാസമേകും. വിദ്യാർഥി പ്രസ്ഥാനങ്ങളിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ നായിഡു മികച്ചൊരു വാഗ്മിയാണ്. അധസ്ഥിത വിഭാഗങ്ങളുടെയും കർഷകരുടെയും ഉന്നമന്നത്തിനുവേണ്ടിയുള്ള അദ്ദേഹത്തിന്റെ പ്രവർത്തനം ആന്ധ്ര പ്രദേശിൽ ബിജെപിയുടെ എംഎൽഎ സ്ഥാനം നേടിക്കൊടുത്തു. രാജ്യത്തിന്റെ പരമോന്നത പദവിയിലേക്കു പാർട്ടി പരിഗണിക്കുന്നുവെന്ന റിപ്പോർട്ടുകളെ ഒരിക്കൽ തള്ളിക്കളഞ്ഞ അദ്ദേഹം തനിക്ക് രാഷ്ട്രപതിയെ ഉപരാഷ്ട്രപതിയോ ആകേണ്ടെന്നും ഉഷയുടെ (ഭാര്യയുടെ പേര്) പതി ആയാൽ മതിയെന്നുമായിരുന്നു പ്രതികരിച്ചത്. ഒരു മകനും മകളുമുണ്ട്. 

വെങ്കയ്യയെ തിരഞ്ഞെടുക്കാനുള്ള കാരണങ്ങൾ:

 ദക്ഷിണേന്ത്യയിൽനിന്നുള്ള സ്ഥാനാർഥി

രാഷ്ട്രപതി സ്ഥാനത്തേക്ക് വടക്കേ ഇന്ത്യയിൽനിന്നുള്ള റാം നാഥ് കോവിന്ദിനെയാണ് പാർട്ടി പരിഗണിച്ചത്. ഉത്തർ പ്രദേശിലെ കാൻപുർ സ്വദേശിയാണ് കോവിന്ദ്. ആന്ധ്രാപ്രദേശിൽനിന്നുള്ള നായിഡുവിന്റെ രംഗപ്രവേശത്തോടെ ഇന്ത്യയുടെ രണ്ട് അറ്റങ്ങളെയും പരിഗണിച്ചെന്ന വികാരം ഉയർത്താൻ ബിജെപിക്കാകും. 

രാജ്യസഭയിലെ പ്രവർത്തനം

രാജസ്ഥാനിൽനിന്ന് നാലാം വട്ടവും രാജ്യസഭയിലെത്തിയ നായിഡു പ്രതിപക്ഷത്തിനു മേൽക്കോയ്മയുള്ള സഭയിൽ ഭരണപക്ഷത്തിന്റെ നിലപാടുകളെ ശക്തമാക്കി നിർത്താൻ വളരെയധികം സഹായിച്ചിട്ടുണ്ട്. പലഘട്ടങ്ങളിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തനങ്ങളെ ശക്തിയുക്തം പ്രതിരോധിച്ചിട്ടുമുണ്ട്. 1998 ഏപ്രിലിലാണു നായിഡു രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് 2004, 2010, 2016 വർഷങ്ങളിലും തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം നിരവധി പാർലമെന്ററി കമ്മിറ്റികളിൽ അംഗവും ചിലവയിൽ അധ്യക്ഷനുമാണ്. 

Ram Nath Kovind with M Venkaiah Naidu എൻഡിഎ രാഷ്ട്രപതി സ്ഥാനാർഥി റാംനാഥ് കോവിന്ദിനൊപ്പം വെങ്കയ്യ നായിഡു.

പാർട്ടിയിൽ പടിപടിയായുള്ള കയറ്റം

വിദ്യാർഥി പ്രക്ഷോഭത്തിലൂടെ ആരംഭിച്ച് പടിപടിയായുള്ള കയറ്റമാണ് ബിജെപിയിൽ വെങ്കയ്യാ നായിഡുവിന്റേത്. 1978ൽ എംഎൽഎയായി ആന്ധ്രപ്രദേശ് നിയമസഭയിലെത്തി. ആന്ധ്ര പ്രദേശിലെ നെല്ലൂർ സ്വദേശിയായ വെങ്കയ്യ നായിഡു ജയപ്രകാശ് നാരായണന്റെ ക്ഷാത്ര സംഘർഷ സമിതിയുടെ വിദ്യാർഥി പ്രക്ഷോഭങ്ങളിലൂടെയാണു രാഷ്‌ട്രീയത്തിലിറങ്ങിയത്. 1977 മുതൽ ’80 വരെ ജനതാപാർട്ടി യുവജന വിഭാഗത്തിന്റെ ആന്ധ്രപ്രദേശ് ഘടകം പ്രസിഡന്റായി പ്രവർത്തിച്ചു. ഭാരതീയ യുവമോർച്ച രൂപവൽക്കരിക്കപ്പെട്ട ’80 മുതൽ മൂന്നു വർഷം ദേശീയ വൈസ് പ്രസിഡന്റായിരുന്നു. ബിജെപിയുടെ എംഎൽഎയും നിയമസഭാകക്ഷി നേതാവുമായി പ്രവർത്തിച്ചു. ബിജെപി സംസ്‌ഥാന പ്രസിഡന്റായി ’88ൽ തിരഞ്ഞെടുക്കപ്പെട്ടു. ’93 മുതൽ ബിജെപി ദേശീയ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു. രാജ്യസഭയിലേക്ക് ’98ൽ തിരഞ്ഞെടുക്കപ്പെട്ടു. കേന്ദ്ര ഗ്രാമവികസന മന്ത്രിസ്‌ഥാനം രാജിവച്ചശേഷമാണു ജന കൃഷ്‌ണമൂർത്തിയുടെ പിൻഗാമിയായി 2002ൽ ബിജെപി ദേശീയ പ്രസിഡന്റായത്. ഡിസംബറിൽ സ്ഥാനമൊഴിഞ്ഞ നായിഡു പിന്നീട് 2004ൽ ദേശീയ പ്രസിഡന്റായി തിരികെയെത്തി. അതേവർഷം ഒക്ടോബറിൽ സ്ഥാനമൊഴിഞ്ഞു. 

സീനിയോരിറ്റി

കേന്ദ്രമന്ത്രിസഭയിൽ അഞ്ചാമനാണ് നായിഡു. പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞാൽ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്, വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, ധനമന്ത്രി അരുൺ ജയ്റ്റ്ലി എന്നിവർക്കു പിന്നിലാണങ്കിലും സർക്കാരിന്റെ പ്രവർത്തനങ്ങളിലും നിലപാടുകളിലും വെങ്കയ്യ നായിഡുവിന്റെ ഇടപെടൽ വളരെയേറെ നിർണായകമായിട്ടുണ്ട്. എ.ബി. വാജ്പേയി സർക്കാരിൽ ഗ്രാമവികസന മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.