Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രധാനമന്ത്രിയെ സ്വാഗതം ചെയ്യാൻ ഇനി ബൊക്കെ വേണ്ട, പുസ്തകങ്ങൾ മതി

PM Narendra Modi, Sushma Swaraj

ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്ത്യയ്ക്കുള്ളിലെ സന്ദർശന വേളയിൽ സ്വാഗതമോതി നൽകുന്ന പൂക്കൾ കൊണ്ടുള്ള ബൊക്കെയ്ക്കു വിലക്ക്. ഇതുസംബന്ധിച്ച നിർദേശം കേന്ദ്ര ആഭ്യന്തര മന്ത്രാലയം എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ജൂലൈ 12ന് അയച്ചു. ബൊക്കെ നൽകണമെന്നുണ്ടെങ്കിൽ ഒരു പൂവും അതോടൊപ്പം ഖാദിയുടെ തുവാലയോ പുസ്തകമോ നൽകി സ്വാഗതം ചെയ്യാം. ഇക്കാര്യം കർശനമായി പാലിക്കണമെന്നും ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങളോടു നിർദേശിച്ചു.

സ്വാഗതമോതുന്നതിനായി ബൊക്കെയ്ക്കു പകരം പുസ്തകം നൽകണമെന്ന് ജൂൺ 17ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച് അദ്ദേഹം ട്വീറ്റും ചെയ്തിരുന്നു. അത്തരമൊരു നീക്കം വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തിരുന്നു. അന്നേദിവസം കൊച്ചിയിൽ പി.എൻ. പണിക്കർ ദേശീയ വായനാ ദിനാഘോഷത്തിനെത്തിയ പ്രധാനമന്ത്രി, സാക്ഷരതയുടെ കാര്യത്തിൽ കേരളം രാജ്യത്തിനു മാതൃകയാണെന്നു വ്യക്തമാക്കിയിരുന്നു. വായനയെക്കാൾ അധികം സന്തോഷവും അറിവിനെക്കാൾ അധികം ശക്തിയുമില്ലെന്നാണ് അദ്ദേഹം അന്നു പറഞ്ഞത്.

ജൂൺ 25ന് പ്രക്ഷേപണം ചെയ്ത മൻ കി ബാത് പരിപാടിയിലും ബൊക്കെ കൈമാറുന്ന പതിവു നിർത്തി ഖാദി ഉൽപ്പന്നങ്ങൾ നൽകിത്തുടങ്ങണമെന്നു മോദി ആഹ്വാനം ചെയ്തിരുന്നു. കേരളത്തിൽ പി.എൻ. പണിക്കർ ഫൗണ്ടേഷൻ ബൊക്കെയ്ക്കു പകരം പുസ്തകങ്ങൾ സമ്മാനിക്കുന്നതിനെ അദ്ദേഹം അന്ന് ഉദാഹരണമായി എടുത്തുകാട്ടുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് മാറ്റം കൊണ്ടുവരാൻ കേന്ദ്രസർക്കാർ തന്നെ തീരുമാനിച്ചത്.

related stories