Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എറണാകുളം ആസ്ഥാനമായി റെയിൽവേ ഡിവിഷൻ രൂപീകരിക്കണം: മുഖ്യമന്ത്രി

railway train ernakulam junction

തിരുവനന്തപുരം∙ കേരളത്തിന്‍റെ റെയില്‍ വികസന പദ്ധതികള്‍ വേഗത്തില്‍ നടപ്പാക്കുന്നതിനു പാലക്കാട്, തിരുവനന്തപുരം റെയില്‍വേ ഡിവിഷനുകള്‍ ചേര്‍ത്ത് എറണാകുളം ആസ്ഥാനമായി പുതിയ റെയില്‍വേ ഡിവിഷന്‍ രൂപീകരിക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിനോടും ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം - തിരുനെല്‍വേലി, നാഗര്‍കോവില്‍ - കന്യാകുമാരി ലൈനുകള്‍ തിരുവനന്തപുരം ഡിവിഷനില്‍നിന്നു വേര്‍പെടുത്തി മധുര ഡിവിഷനില്‍ ചേര്‍ക്കാനുള്ള നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് ഇരുവർക്കും കത്തയച്ചുവെന്നും പിണറായി പറഞ്ഞു.

റെയില്‍ പശ്ചാത്തല സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനു റെയില്‍വേയുമായി ചേര്‍ന്ന് സംസ്ഥാനം കേരള റെയില്‍ ഡവലപ്പ്മെന്‍റ് കോര്‍പ്പറേഷന്‍ എന്ന സംയുക്ത സംരംഭത്തിനു രൂപം നല്‍കിയിരിക്കുകയാണ്. എന്നാല്‍ മേഖലാ ഓഫീസ് ചെന്നെയിലായതിനാല്‍ പദ്ധതികളില്‍ തീരുമാനം നീണ്ടു പോകുന്നു. അതിവേഗ റെയില്‍പാതയും തലശ്ശേരി - മൈസൂര്‍, അങ്കമാലി - ശബരി, ഗുരുവായൂര്‍ - തിരുനാവായ എന്നീ പാതകളും പാലക്കാട് കോച്ച് ഫാക്ടറിയും ഇതുവരെ പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിന് ഒരു കാരണം കേരളത്തിനു റെയില്‍വേ സോണ്‍ ഇല്ലാത്തതാണ്. ഈ പ്രശ്നം പരിഹരിക്കുന്നതിനു കന്യാകുമാരി മുതല്‍ മംഗലാപുരം വരെ പരിധിയുള്ള പെനിന്‍സുലര്‍ റെയില്‍വേ സോണ്‍ എറണാകുളം കേന്ദ്രമായി അനുവദിക്കേണ്ടത് ആവശ്യമാണ് – പിണറായി സമൂഹമാധ്യമത്തിൽ പോസ്റ്റു ചെയ്ത കുറിപ്പിൽ പറയുന്നു.

തിരുവന്തപുരം റെയില്‍വേ സ്റ്റേഷനിലെ തിരക്കു കുറയ്ക്കുന്നതിനു കോര്‍പ്പറേഷനില്‍പ്പെടുന്ന നേമത്ത് ഉപഗ്രഹ സൗകര്യങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. അതിനിടയില്‍, തിരുവനന്തപുരം - തിരുനെല്‍വേലി, നാഗര്‍കോവില്‍ - കന്യാകുമാരി ലൈനുകള്‍ മാറ്റുന്നത് ഈ മേഖലയിലെ വികസനം ഇല്ലാതാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

related stories