Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരള സർക്കാർ ഫാസിസത്തിന്‍റെ പര്യായമായി മാറി: രാജീവ് പ്രതാപ് റൂഡി

rudy-rajiv-prathap

തിരുവനന്തപുരം∙ കേരള സർക്കാർ ഫാസിസത്തിന്‍റെ പര്യായമായി മാറിയെന്നു കേന്ദ്ര നൈപുണ്യ വികസനമന്ത്രി രാജീവ് പ്രതാപ് റൂഡി. തിരുവനന്തപുരം കേസരിയിൽ മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരുടേയും ഭക്ഷണ ശീലത്തിൽ ഇടപെടാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നില്ല. പശുവിനെ ആരാധിക്കുന്ന വലിയ ഒരു വിഭാഗം ജനങ്ങൾ ഉള്ള നാടാണ് ഭാരതം. അതിന്‍റെ പേരിൽ വർഗീയ ചേരിതിരിവ് അനുവദിക്കില്ലെന്നു പ്രധാനമന്ത്രി തന്നെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ത്രിപുരയിലും കേരളത്തിലും മാത്രമുള്ള സിപിഎമ്മിന് എങ്ങനെയാണു ദേശീയ നിലപാടു സ്വീകരിക്കാനാവുന്നത്. കശ്മീരിനുശേഷം അഭയാർഥി ക്യാംപ് തുറക്കേണ്ട ഗതികേടിലേക്കു സിപിഎം കേരളത്തെ കൊണ്ടു ചെന്നെത്തിച്ചുവെന്നും മന്ത്രി ആരോപിച്ചു.

നോട്ടു നിരോധനത്തിനു ശേഷം തീവ്രവാദ പ്രവർത്തനങ്ങൾ വൻതോതിൽ കുറഞ്ഞിട്ടുണ്ട്. ഇടതു തീവ്രവാദം ഏറക്കുറെ ഇല്ലാതയായി. മധ്യപ്രദേശിലെ കർഷക ആത്മഹത്യ  പെരുപ്പിച്ച് കാണിച്ചതാണ്. കർഷകർക്കു വൈദ്യുതിയും വെള്ളവും വളവും സബ്സിഡിയായി നൽകുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ഇവിടെ കാർഷിക വളർച്ചാ നിരക്ക് 20 ശതമാനമാണ്. മൂന്നു വർഷത്തെ ഭരണം കൊണ്ടു രാജ്യത്തെ വികസന പാതയിൽ എത്തിക്കാൻ നരേന്ദ്ര മോദി സർക്കാരിനായെന്നും അദ്ദേഹം പറഞ്ഞു. ദേശീയ നിർവാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ്, ജില്ലാ അധ്യക്ഷൻ അഡ്വ. എസ്.സുരേഷ് എന്നിവരും പങ്കെടുത്തു.